Friday, September 4, 2009

മലയാളത്തിന്റെ ‘ഋതു‘ഭംഗി

രു അനുഭവത്തില്‍ നിന്നും തുടങ്ങാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീലക്കുറിഞ്ഞി പൂത്ത വാര്‍ത്ത കേട്ട് എന്റെ കുറച്ചു ഓഫീസ് സുഹൃത്തുക്കള്‍ മൂന്നാറീലേക്ക് പോകാന്‍ പ്ലാനിട്ടു, കൂട്ടത്തില്‍ മദ്ധ്യവയസ്സിനോടടുത്ത ഞങ്ങളുടെ മീഡിയാ മാനേജറും ചെറുപ്പക്കാരനായ ഓഫീസ് ബോയിയും കൂടെ പോരാന്‍ താല്‍പ്പര്യം കാണിച്ചു. മൂന്നാര്‍ മലനിരകളിലെത്തിയപ്പോള്‍ പൂത്തുനില്‍ക്കുന്ന വയലറ്റ് പുഷ്പങ്ങളെക്കണ്ട് ഞങ്ങള്‍ പലരും ആര്‍ത്തു വിളിച്ചു, കാമറയുമായി മലനിരകളിലേക്ക് ഓടിക്കയറി. വണ്ടിയില്‍ നിന്നിറങ്ങി വന്ന മീഡിയാ മാനേജറും ഓഫീസ് ബോയിയും നീലക്കുറിഞ്ഞിയെ കണ്ട് വാ പൊളിച്ചു. എന്നിട്ട് ഞങ്ങളെ വെറുപ്പോടേയോ ദ്വേഷ്യത്തോടെയോ തറപ്പിച്ചൊന്നു നോക്കി. ഞങ്ങള്‍ പലരും നീലക്കുറിഞ്ഞി പൂക്കള്‍ സ്വന്തമാക്കാന്‍ കഴിയുമോ എന്നു നോക്കുകയും പരമാവധി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാനും ശ്രമിച്ചു. തിരിച്ച് വണ്ടിയിലെത്തിയപ്പോള്‍ മാനേജറും ബോയിയും സീറ്റില്‍ ചാരിക്കിടക്കുന്നു. ഞങ്ങളെ കണ്ടതും ഒറ്റചോദ്യം :

“ഈ കോപ്പിലെ കാട്ടുചെടി കാണാനാണടോ ഇത്രദൂരം ഇങ്ങോട്ട് വണ്ടി വിളിച്ച് വന്നത്, ഇതിനേക്കാള്‍ എത്രനല്ല പൂക്കള് നാട്ടിലുണ്ടെടാ....പത്തു പന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ പൂക്കുന്നതാണത്രേ,...ഫൂ...”

‘ഋതു‘ എന്ന സിനിമയെക്കുറിച്ച് ‘ജനപ്രിയ ബ്ലോഗ് ‘ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ അനുഭവമാണ് എന്റെ മനസ്സില്‍ വന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ ഒരുപാടു നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ വന്നെത്തിയ ഒരു നല്ല സിനിമയാണ് ‘ഋതു’. നീലക്കുറിഞ്ഞിയുടെ പ്രാധാന്യം തിരിച്ചറിയാത്തവന് അതൊരു കാട്ടുപൂവ് എന്നതുപോലെ, മായാവിയും ഭൂതവും പൊട്ടനും ചട്ടനുമൊക്കെ അരങ്ങുതകര്‍ക്കുകയും അതിനു കയ്യടിക്കുകയും ചെയ്യുന്ന സിനിമാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ക്ക് അതൊരു ‘കാട്ടുപൂവ്’ ആയിരിക്കും.


സണ്ണി, വര്‍ഷ, ശരത്ത് എന്നീ ഋതുഭേദങ്ങളിലൂടെ വര്‍ഷങ്ങളുടെ സൌഹൃദബന്ധവും അകല്‍ച്ചയും പ്രണയവുമൊക്കെ കാവ്യ ഭംഗിയിലൂടെ വരച്ചിടുമ്പോള്‍ പ്രേക്ഷകനും പതിയെ അതിനോടൊപ്പം സഞ്ചരിക്കുകയാണ്. ( കഥാസാരം പലരും പലയിടത്ത് പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടേയും കഥ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല) മലയാളിയുടെ സ്ഥിരം കഥാപ്രമേയങ്ങളേയും കഥാപരിസരങ്ങളേയും പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് വ്യത്യസ്തവും നൂതനവുമായ ഒരു പ്രമേയവും പരിസരവും ദേശിയ അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ ശ്യാമപ്രസാദ് ജീവന്‍ തുടിക്കുന്ന കാന്‍ വാസ് ചിത്രം പോലെ ഇവിടെ വരച്ചു കാണിക്കുകയാണ്.


ഒരു കാര്യം ഉറപ്പാണ്, ഈ സിനിമ കണ്ടു തീര്‍ന്ന് തിയ്യറ്ററിനു പുറത്തേക്ക് വരുന്ന വരെ, നമ്മള്‍ മലയാളത്തിലെ ഒരൊറ്റ നടീനടന്മാരെയോ അവരുടെ മുഖമോ ഓര്‍ത്തിരിക്കില്ല. മമ്മൂട്ടി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെയുള്ള നടന്മാരെ ഈ കഥാപാത്രങ്ങളില്‍ റീപ്ലെയ്സ് ചെയ്യുന്നതുപോയിട്ട് അവരുടെ കണ്ടുപരിചയിച്ച മുഖം ഒരു നിമിഷാര്‍ദ്ധമ്പോലും നമ്മളോര്‍ക്കില്ല. അത്രമാത്രം ഇതിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇതിലെ പ്രധാന താരങ്ങളായ മൂന്നു പേരിനേക്കാളും പതിന്മടങ്ങ് പെര്‍ഫോമന്‍സ് ആണ് ഇതിലെ മറ്റു അപ്രധാന കഥാപാത്രങ്ങളും (ഉദാ : എം.ജി ശശി) ഒരൊറ്റ സീനില്‍ വന്നുപോകുന്നവര്‍പോലും ചെയ്തിരിക്കുന്നത്.

പലപ്പോഴും ശ്യാമപ്രസാദിന്റെ സിനിമകള്‍ ഒരു ദൃശ്യാവിഷ്കാരമല്ല, മറിച്ച് അനുഭവമാണ്. ആദ്യചിത്രമായ കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയൊഴികെ അഗ്നിസാക്ഷിയും, അകലേയും, ഒരേ കടലും മലയാളത്തില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവവും ആവിഷ്കാരവുമായിരുന്നു. കൈകാര്യം ചെയ്ത വിഷയം മാത്രമല്ല അത് ആവിഷ്കരിക്കുന്നതിനുള്ള സാങ്കേതിക പാടവും ഈ ചിത്രത്തെ നല്ലൊരു ചിത്രമാക്കുന്നതില്‍ വളരെയേറെ സഹായിച്ചു, പലപ്പോഴും ശ്യാമപ്രസാദിന്റെ സ്ഥിരം ടീം തന്നെയാണ് ഈ ചിത്രത്തിന്റെ പുറകിലും. ഋതുവിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അതിന്റെ ഛായാഗ്രഹണമാണ്. പി. സുകുമാറീന്റേയും, സാലു ജോര്‍ജ്ജിന്റെയുമൊക്കെ ടിപ്പിക്കള്‍ ഫ്രെയിമും വെളിച്ചവിതാനമൊക്കെ കണ്ടു മടുത്ത പ്രേക്ഷകനു ‘ഷാംദത്ത് ‘ എന്ന യുവ കാമറമാന്‍ ഒരുക്കുന്ന മാജിക്കല്‍ ഫ്രെയിംസും വെളിച്ച വിന്യാസവും കണ്ടാസ്വദിക്കാം ഋതുവില്‍. (കൃത്യം എന്ന സിനിമയിലൂടെ മലയാളത്തില്‍ വന്ന ഷാംദത്ത് , ടൈഗര്‍, വര്‍ഗ്ഗം, നന്മ, ഒരേകടല്‍, ഐ.ജി മുതലായ സിനിമകളിലെ കാമറമാനാണ്).

മറ്റൊരു സവിശേഷത ഈ ചിത്രത്തിന്റെ എഡിറ്റിങ്ങാണ്. എഡിറ്റിങ്ങ് എന്നത് വെറും സാങ്കേതികം മാത്രമല്ലെന്നും അതൊരു കലയാണെന്നും ഈ ചിത്രം നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്. ‘അകലെ’ എന്ന ചിത്രത്തിലൂടെ മാതൃഭൂമിയുടേയും, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റേയും മികച്ച എഡിറ്റര്‍ അവാര്‍ഡും, 2007ല്‍ ഒരേകടലിനു മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ച ശ്യാമപ്രസാദിന്റെ അസോസിയേറ്റ് കൂടിയായ വിനോദ് സുകുമാരന്‍ ആണ് ഋതുവിന്റേയും എഡിറ്റര്‍.

കൂടുതല്‍ സീനുകളും സ്വാഭാവിക വെളിച്ചത്തിലും സമീപ ദൂര ദൃശ്യത്തിലും (close up) ഛായാഗ്രഹണം നിര്‍വ്വഹിച്ചതും സ്വാഭവികമായൊരു ഒഴുക്കോടെ ചെയ്ത എഡിറ്റിങ്ങും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട മികച്ച ഘടകങ്ങളാണ് ( അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച കാമറാമന്‍/എഡിറ്റര്‍ തീര്‍ച്ചയായും ഋതുവിനു തന്നെയായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, ഇതിനപ്പുറം മികച്ച ഒരു ചിത്രം വന്നില്ലെങ്കില്‍..)

നല്ലൊരു ചിത്രമെന്ന അഭിപ്രായം നേടുമ്പോഴും ഋതു തിയ്യറ്ററിലെ കളക്ഷനിലും, ജനപ്രളയത്തിലും മറ്റു ‘ജനപ്രിയ’സിനിമകളേക്കാള്‍ പിറകിലാണെന്നു തോന്നുന്നു . ചില തിയ്യറ്ററുകളില്‍ നിന്നും ഋതു ആദ്യ ആഴ്ചക്കു ശേഷമോ രണ്ടാമത്തെ ആഴ്ചക്കു ശേഷമോ മാറിയിട്ടുണ്ട്. പലപ്പോഴും നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ സംഭവിക്കുന്നപോലെയുള്ള പ്രേക്ഷക നിരാസം ഋതുവിനും സംഭവിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. തൊട്ടടുത്ത തിയ്യറ്ററുകളില്‍ പട്ടണത്തില്‍ ഭൂതവും ഇവര്‍ വിവാഹിതരായാലുമൊക്കെ തകര്‍ത്തോടുമ്പോള്‍ കൊമേഴ്സല്‍ സിനിമകളില്‍ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ശ്രമങ്ങള്‍ക്ക് പലപ്പോഴുമെന്നപോലെ തിരസ്കാരം ആവര്‍ത്തിക്കുകയാണ്.

കഥയിലും തിരക്കഥയിലും ആവിഷ്കാരത്തിലും കാഴ്ചപ്പാടിലുമൊക്കെ എന്തൊക്കെ പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിലും ‘ഋതു‘ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമയില്‍ സംഭവിച്ച നല്ലൊരു അനുഭവമാണ്. കുറഞ്ഞ പക്ഷം മലയാള സിനിമയിലെ അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ക്കിടയില്‍ ഇത്തരമൊരു നല്ല സിനിമ ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവത്തിനും എഫര്‍ട്ടിനും നല്ല ഒരു കയ്യടി ശ്യാമപ്രസാദും ടീമും അര്‍ഹിക്കുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകളും സൂപ്പര്‍ ടെക്നീഷ്യന്മാരും പരിചയ സമ്പന്നരായ നിര്‍മ്മാതാക്കളും കൂടി മലയാളത്തില്‍ എക്കാലത്തേയും വലിയ ബഡ്ജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുമ്പോഴും അവ എട്ടു നിലയില്‍ പൊട്ടുമ്പോഴും; പോപ്പുലാരിയില്ലാത്ത ആരാലും തിരിച്ചറിയപ്പെടാത്ത കുറച്ച് മികച്ച അഭിനേതാക്കളേയും ടെക്നീഷ്യന്മാരേയും കൊണ്ട് ഇതുപോലെ തികച്ചും ഫ്രെഷ് നസ് ഫീല്‍ ചെയ്യിക്കുന്ന; ഏതു നിലയിലും പുതുമയും സ്വാഭാവികതയും തോന്നിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ വരുമ്പോള്‍ ആ കൂട്ടായ്മക്കും എഫര്‍ട്ടിനും പ്രേക്ഷക പക്ഷത്തുനിന്ന് ഒരു സപ്പോര്‍ട്ട് തീര്‍ച്ചയായും ഇത്തരം ചിത്രങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

14 comments:

|santhosh|സന്തോഷ്| said...

‘ഋതു‘ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമയില്‍ സംഭവിച്ച നല്ലൊരു അനുഭവമാണ്. കുറഞ്ഞ പക്ഷം മലയാള സിനിമയിലെ അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ക്കിടയില്‍ ഇത്തരമൊരു നല്ല സിനിമ ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവത്തിനും എഫര്‍ട്ടിനും നല്ല ഒരു കയ്യടി ശ്യാമപ്രസാദും ടീമും അര്‍ഹിക്കുന്നുണ്ട്.

Anonymous said...

ഇതു തന്നെ തമിഴന്‍ എടുത്താന്‍ വൌ, വൌ പറയും ഇവര്‍ . സന്തോഷേ നല്ല കാര്യം എന്തായാലും ഇങ്ങനെ ഒരു കുറിപ്പിനു.

OFF : ഇതൊരു കമന്റാക്കി അവിടെതന്നെ ഇടാരുന്നു. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കിലും :).ഇവനെയൊക്കെ നിരൂപക ശിരോമണീ അക്കിയവനെ തല്ലണം . ശ്യാമപ്രസാദിന്റെ അസിസ്റ്റന്റ് ആകാന്‍ ചെന്നിട്ട് ഓടിച്ചു വിട്ട ഒരു കഥയും കേട്ടിരുന്നു. നേരാണോ എന്തോ ;)

സിയാബ്‌ said...

santhoshamundu ithople oru kurippinu

jayasri said...

താങ്കളുടെ നിരീക്ഷണ പാടവത്തെയും ഈ കുറിപ്പിനേയും അഭിനന്ദിക്കുന്നു. ക്ലൈമാക്സ് ഒഴികെയുള്ള കഥ പകര്‍ത്തിവെക്കുകയും, അതു കൊള്ളം ഇതു കൊള്ളില്ല, മറ്റേത് തരക്കേടില്ല എന്നും പറഞ്ഞ് ഡിക്റ്റേഷനു മാര്‍ക്കിടുന്നതുപോലെ മാര്‍ക്കു കൊടുത്തുപോകുന്ന ബ്ലോഗിലെ ആസ്ഥാന സിനിമാ നിരൂപകരുടെ വാചാടോപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണീ ആസ്വാദന കുറിപ്പ്. നല്ലതിനോട് അതാതു കാലങ്ങളില്‍ പുറം തിരിഞ്ഞു നില്‍ക്കുകയും വര്‍ഷങ്ങള്‍ കഴിഞ്ഞ് നൊസ്റ്റാള്‍ജിയ എന്നൊക്കെ പറഞ്ഞ് പഴയതിനെ വായിലിട്ടു നുണയുന്നത് മലയാളിക്കൊരു ശീലമാണ്. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്ന് മൊത്തം 40-ലേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘പിറവി’ എന്ന ചിത്രത്തെ നിഷ്കരുണം സംസ്ഥാന പുരസ്ക്കാരത്തില്‍ നിന്നും തള്ളിക്കളഞ്ഞവരാണ് നമ്മള്‍ പ്രബുദ്ധ മലയാളികള്‍!!!

സിനിമാക്കാരന്‍ said...

നമ്മുടെ തട്ടകം ആയതുകൊണ്ടാണ് വന്നെത്തിനോക്കിയത് :)പതിവു രീതികളില്‍ നിന്നും വ്യത്യസ്ഥമായ റിവ്യൂ നന്നായിട്ടുണ്ട്.

Sherlock said...
This comment has been removed by the author.
Sherlock said...

ഇതുവരെ കാണണമെന്നു വിചാരിച്ചതല്ല. സന്തോഷ് ഇത്രയൊക്കെ പറയുമ്പോള്‍... ഒന്നു കണ്ടു കളയാം..

പൊട്ട സ്ലേറ്റ്‌ said...

വ്യത്യസ്ഥമായ ഒരു സിനിമ ചെയ്യാനുള്ള ശ്രമത്തിനു കയ്യടി നല്കാം. പക്ഷെ ദൃശ്യ ഭംഗിക്കും, എഡിറ്റിങ്ങിനും ഒക്കെ അപ്പുറം സിനിമ എന്ന മാധ്യമത്തിന് വേണ്ട ഒരു ക്രാഫ്റ്റ് അല്ലെങ്കില്‍ പ്രേക്ഷകനെ ചെന്ന് തൊടുന്ന ഒരു പ്രമേയം ഈ സിനിമയ്ക്കു ഇല്ല എന്ന് തന്നെയാണ് കണ്ടവരില്‍ നിന്ന് അറിഞ്ഞത്.

Pongummoodan said...

പ്രിയ സന്തോഷ,

ഈ സിനിമ ഞാന്‍ കണ്ടിരുന്നു. അതുകൊണ്ടുതന്നെ താങ്കളുടെ നിരീക്ഷണങ്ങളോടും അഭിപ്രായങ്ങളോടും പൂര്‍ണ്ണയോജിപ്പാണുള്ളത്.

ഈ സിനിമയെക്കുറിച്ച് ‘ജനപ്രിയ’(?) സിനിമാ നിരൂപണ ബ്ലോഗ്ഗില്‍ വന്ന പോസ്റ്റ് കണ്ട് ചിരിച്ചുചിരിച്ച് ചാവാറായിരുന്നു. മാര്‍ക്ക് കണ്ടപ്പോള്‍ മോണിറ്ററില്‍ തലതല്ലിയും ചിരിച്ചു.

ജയയുടെ കമന്റും നന്നായി.:)

ശ്രീ said...

നന്നായി, മാഷേ ഈ കുറിപ്പ്.

ആദ്യത്തെ ആ താരതമ്യവും നന്നായി. :)

Anonymous said...

There is no one to tell the story of a carpenter or farmer. if you see the song from that film look like a television serial song or album song.It is a Boring film

Anonymous said...

"‘ജനപ്രിയ’(?) സിനിമാ നിരൂപണ ബ്ലോഗ്ഗില്‍"

I too feel the same. He is too partial

yousufpa said...

'ഋതു' വിന്‍റെ പോസ്റ്റര്‍ കണ്ടാല്‍ തന്നെ ആ ചലച്ചിത്രത്തിന്‍റെ നിലവാരം നമുക്ക് ഊഹിക്കാന്‍ കഴിയും . ഈ ചിത്രത്തിന്‍റെ നെല്ലും പതിരും തിരിച്ചറിഞ്ഞ് സന്തോഷിന്‍റെ സന്തോഷങ്ങള്‍ മെനഞ്ഞിരിക്കുന്നു. ഭാവുകങ്ങള്‍ ..

താങ്കളുടെ അഭിപ്രായത്തിന്‌ മറുപടി ഇട്ടിട്ടുണ്ട്. വായിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

ഈദ് മുബാറക്....

Anil cheleri kumaran said...

വളരെ മനോഹരമായ ഒരു നിരൂപണം.. പടം തീർച്ചയായും കാണുന്നുണ്ട്.