Wednesday, December 16, 2009

ബ്ലോഗ് -പോസ്റ്റ് മോഷണം വീണ്ടും

ജനിക്കുമ്പോള്‍ നല്ല തന്തക്ക് ജനിക്കണമെന്നാണ് നാട്ടുമൊഴി. തന്ത ആരെന്നറിയില്ലെങ്കിലും കൊച്ചിന്റെ പ്രവൃത്തിയിലും ജീവിതശൈലിയിലും ആ തന്തയുടെ ഗുണ വിശേഷങ്ങള്‍ ഉണ്ടാവുമായിരിക്കും അതുകൊണ്ടാവും അങ്ങിനൊരു നാട്ടു മൊഴി ഉണ്ടാവാന്‍ കാരണം.

പക്ഷെ എന്തുചെയ്യാം ആധുനിക കാലത്തെ മികച്ച മാധ്യമമായ ബ്ലോഗിലും ഇതുപോലുള്ള ജന്മങ്ങള്‍ ഉണ്ടല്ലോ എന്നു തിരിച്ചറീയുമ്പോഴാണ് നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചു പോകുക. അങ്ങിനെയൊരു ജന്മത്തെ ഇന്ന് കാലത്തു തന്നെ കാണാനിടയായി നമ്മുടെ ബ്ലോഗുലകത്തില്‍. അന്യന്‍ താന്താങ്ങളുടെ ബ്ലോഗില്‍ ഉണ്ടാക്കിവെച്ചതൊക്കെയും ഒരുളുപ്പും കൂടാതെ കട്ടെടുത്ത് തന്റെ പുതുബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്ന നാട്ടുഭാഷയില്പോലും ഒരിക്കലും കണ്ടെടുക്കാനാവാത്ത വാക്കാല്‍ വിളിക്കാവുന്ന .........ത്തരം.

ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ക്കേ ഈ പ്രവണത ഉണ്ടായിരുന്നോ എന്നറിയില്ല പക്ഷെ എന്റെ അറിവില്‍ ആദ്യം കേട്ട കോപ്പിയടി യാഹൂ മലയാളം പോര്‍ട്ടലിന്റേതായിരുന്നു. അതിനെതിരെയുള്ള പ്രക്ഷോഭവും മറ്റും ചരിത്രമാണ്. പിന്നീട് കേരള്‍സ് ഡോട്ട് കോമും ഈ തറവേല കാണിച്ചു. ഇതൊക്കെ നാഷണല്‍ ഇന്റര്‍നാഷണല്‍ കോപ്പിയടികള്‍. പക്ഷെ അതോടൊപ്പമോ അതിനുശേഷമോ ബ്ലോഗുകളില്‍ തന്നെ നല്ല കോപ്പിയടികള്‍ നടന്നു, ഇപ്പോഴും നടക്കുന്നു. സത്യത്തില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കണ്ട് ബ്ലോഗിങ്ങ് എങ്ങിനെ ചെയ്യാം എന്ന് തിരിച്ചറിയാത്ത നിരക്ഷരകുക്ഷികള്‍ മുതല്‍ നല്ല മുറ്റ് കള്ളന്മാര്‍ വരെ ഈ ബ്ലോഗുലകത്തിലുണ്ട്. ഇതില്‍ രണ്ടാമതു പറഞ്ഞ വിഭാഗത്തെ സൂക്ഷിക്കണം കാരണം അവന്‍/അവള്‍ മോഷ്ടിക്കാന്‍ വേണ്ടി മാത്രം ബ്ലോഗില്‍ വന്നവരാണ്. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ സസൂഷ്മം വായിച്ച് തന്റെ പുതു ബ്ലോഗിലേക്ക് കോപ്പി + പേസ്റ്റ് ചെയ്യുന്ന ഈ വര്‍ഗ്ഗം ബ്ലോഗ് പോസ്റ്റിന്റെ യഥാര്‍ത്ഥ ഉടമ വന്ന് തെളിവ് നിരത്തി പറഞ്ഞാലോ മറ്റു വായനക്കാര്‍ പറഞ്ഞാലോ ഈ കോപ്പീ പേസ്റ്റുകള്‍ (കോപ്പിലെ പോസ്റ്റുകള്‍) മാറ്റാന്‍ തയ്യാറല്ല. മാത്രമല്ല അതിനു വേണ്ടി നല്ല മുടന്തന്‍ ന്യായങ്ങള്‍ വരെ പറഞ്ഞു കളയും. നമ്മുടെ ബൂലോകത്തില്‍ നിരക്ഷരന്റെ ബ്ലോഗ് പോസ്റ്റ് കോപ്പിയടിയെപ്പറ്റി വിവാദം വന്നപ്പോള്‍ കോപ്പിയടി വിദഗ്ദന്‍ പറഞ്ഞ ‘ന്യായങ്ങള്‍’ എല്ലാവരും വായിച്ചിരിക്കുമല്ലോ.

ഇവിടേയും ഈ വിദ്വാന്‍ ഇതുതന്നെ ചെയ്തിരിക്കുന്നു. ആദ്യ പോസ്റ്റുകല്‍ മുതല്‍ അവസാന പോസ്റ്റ് വരെ മുഴുവന്‍ മറ്റു ബ്ലോഗുകളിലെ പോസ്റ്റുകളാണ്. ആദ്യ പോസ്റ്റ് മുതല്‍ ബ്ലോഗര്‍മാരായ ശ്രീ, മുള്ളൂക്കാരന്‍, നിരക്ഷരന്‍ അങ്ങിനെ പല ബ്ലോഗര്‍മാരു (കമന്റിട്ട്) പറഞ്ഞിട്ടും ആ പോസ്റ്റുകള്‍ നീക്കാനോ അതിന്റെ യഥാര്‍ത്ഥ ഉടമയുടെ പേര്‍ വെക്കാനോ ലിങ്ക് കൊടുക്കാനോ ഉള്ള അന്തസ്സ് ഈ ബ്ലോഗ്ഗര്‍ കാണിച്ചിട്ടില്ല. വിവരമില്ലാത്തത് കൊണ്ടാണ് ഈ മറ്റേ പരിപാടി ഇദ്ദേഹം കാണിച്ചത് എന്നാണ് ഞാനാദ്യം കരുതിയത്, പക്ഷെ, സൈബര്‍ ജാലകത്തില്‍ തന്റെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യാനും സൈബര്‍ ജാലകത്തിന്റെ വിഡ്ജറ്റ് തന്റെ ബ്ലോഗില്‍ വെക്കാനും അഗ്രിഗേറ്ററില്‍ വരുത്താനുമുള്ള ബ്ലോഗ് സാക്ഷരതയൊക്കെ ഈ വിദ്വാനുണ്ട്. അപ്പോ മോഷണം തന്നെ ലക്ഷ്യം, മോഷണം തന്നെ മാര്‍ഗ്ഗം, മോഷണം തന്നെ മുക്തി.

മോഷ്ടാവ് ദാ ഇവിടെ ഒളിച്ചിരുപ്പുണ്ട്. കണ്ടു പിടിച്ചോളു.

Wednesday, December 2, 2009

പോങ്ങുമ്മൂടനും ബ്ലോഗനയും പിന്നെ അനോനിയും

മലയാളം ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതല്‍ ഉള്ളതാണ് ബ്ലോഗ് മീഡിയയും പ്രിന്റ് മീഡിയയും തമ്മിലുള്ള കുശുകുശുപ്പുകള്‍. ബ്ലോഗിങ്ങിനെ ബ്ലോഗ് സാഹിത്യമെന്നും പ്രിന്റ് മീഡിയയെ പ്രിന്റ് സാഹിത്യമെന്നും വിളിച്ചു തുടങ്ങിയത് ആദ്യ കാല മലയാളം ബ്ലോഗര്‍മാരാണ്. ഇപ്പോളും പലരും അത് പിന്താങ്ങുന്നുണ്ട്. ബ്ലോഗ് മീഡിയ അതിരുകള്‍ ഇല്ലാത്തതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല പ്രിന്റ് മീഡിയക്ക് ചെയ്യാവുന്നതിലപ്പുറം പലതും പലപ്പോഴും ബ്ലോഗിനു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. എങ്കിലും പല ബ്ലോഗേഴ്സും പ്രിന്റ് മീഡിയയോട് ഒരു അകല്‍ച്ച കാണിക്കുകയോ വാക്കാല്‍ മറ്റു മാദ്ധ്യമങ്ങളെ പരിഹസിക്കാനോ ശ്രമിക്കാറുണ്ടെന്നതാണ് ഒരു സത്യം. അത് പലരുടേയും കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും നമുക്ക് വായിച്ചെടുക്കാനും പറ്റുന്നുണ്ട്.

എങ്കിലും പ്രിന്റ് മീഡിയയില്‍ തന്റെ കൃതി ( അത് ബ്ലോഗില്‍ പബ്ലിഷ് ചെയ്തതാവട്ടെ അല്ലാത്തതാവട്ടെ) അച്ചടിച്ചു വരുന്നതില്‍ എല്ലാവരും തല്‍പ്പരരാണ്. അതിലൊരു തെറ്റില്ലതാനും. കാരണം രണ്ടിന്റേയും ധര്‍മ്മം ഒന്നാണെങ്കിലും നിര്‍വ്വഹിക്കുന്ന ധര്‍മ്മം രണ്ടു വഴിക്കാണെങ്കിലും രണ്ടിനും അതിന്റേതായ വഴികളും രീതികളും ഉണ്ടെന്നാണ് പര്‍മാര്‍ത്ഥം. പ്രിന്റ്മീഡിയയില്‍ എഡിറ്റര്‍ എന്നുള്ള കാര്യം മുതല്‍ പണം (പേയ്മെന്റ്) വരെ വിഷയമായി വരുന്നുണ്ടെങ്കിലും ബ്ലോഗില്‍ ഉള്ളത് തികച്ചും വ്യക്തിപരമായ സന്തോഷവും, സാമൂഹ്യവുമായ ഉത്തരവാദിത്വവുമാണ്.

ജീവിതത്തില്‍ എന്തെങ്കിലും എഴുതണമെന്നും എഴുത്തുകാരനാവണമെന്നും കരുതിയവര്‍ക്ക് നല്ലൊരു മാര്‍ഗ്ഗമായിരുന്നു ബ്ലോഗ്. അതിലൂടെ പലര്‍ക്കും സൃഷ്ടികര്‍മ്മം നടത്താനും കുറച്ചുപേരോട് സംവദിക്കാനും സാധിച്ചു. പലരുടേയും എഴുത്തിന്റെ നിലവാരം മെച്ചപ്പെട്ടു. വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ ഇടപെട്ട് എഴുത്തിന്റെ മികച്ച മേഖലകളിലേക്ക് കടക്കാന്‍ സാധിച്ചു. അവന്റെ/അവളുടെ കൃതികള്‍ പതിയെ പ്രിന്റ് മീഡിയകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അഥവാ ബ്ലോഗെഴുത്ത് നല്‍കിയ ധൈര്യം പ്രിന്റ് മീഡിയയെ സമീപിക്കാനോ സമകാലീന എഴുത്തുകാരോടൊപ്പം നില്‍ക്കാനൊ അവനു/അവള്‍ക്കു സാധിച്ചു.

ഇത്രയൊക്കെ പറഞ്ഞു വന്നത്, മാതൃഭൂമി ‘ബ്ലോഗന’ എന്ന പേരില്‍ കുറച്ചു വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന കോളത്തില്‍ മലയാളം ബ്ലോഗിലെ ചില ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി എന്നുള്ളതാണ്. ബ്ലോഗില്‍ നിന്ന് അവര്‍ (മാതൃഭൂമി) വായിച്ച് തെരെഞ്ഞെടൂക്കുന്ന കൃതി ബ്ലോഗറുടെ അനുവാദത്തൊടെ പ്രസിദ്ധീകരിക്കുന്നു. (അതിലെ മാതൃഭൂമിയുടെ താല്‍പ്പര്യങ്ങളോ-അങ്ങിനെ ഒന്നുണ്ടെങ്കില്‍- ഒന്നുമല്ല ഇവിടെ പ്രതിപാ‍ദിക്കുന്നത്) തീര്‍ച്ചയായും ഇത് ഒരു മലയാളം ബ്ലോഗറെ സംബന്ധിച്ച് തികച്ചും മാനസിക ആഹ്ലാദമുണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍മാത്രം വായിക്കുന്ന (അതില്‍ തന്നെ കുറച്ചു പേര്‍) തന്റെ സൃഷ്ടി മലയാളത്തില്‍ പ്രചാരത്തിലുള്ള ഒരു ആഴ്ചപ്പതിപ്പില്‍ വരുന്നത് ബ്ലോഗറെ സംബന്ധിച്ച് ആഹ്ലാദകരവും ബ്ലോഗിന് മറ്റിടങ്ങളില്‍ പ്രചാരവും ആഴ്ചപ്പതിപ്പ് വായനക്കാര്‍ക്ക് ബ്ലോഗിനെ പരിചയപ്പെടലും കൂടിയാണ്. അതുകൊണ്ട് തന്നെ തന്റെ ഏതെങ്കിലും ഒരു പോസ്റ്റ് മാതൃഭൂമി ബ്ലോഗനയില്‍ വന്നാല്‍ അത് തന്റെ ബ്ലോഗ് പോസ്റ്റില്‍ പബ്ലിഷ് ചെയ്ത് ബ്ലോഗ് സുഹൃത്തുക്കളെ അറിയിക്കുന്നത് ഒരു സൌഹൃദനടപടിയായി ബ്ലോഗറും കരുതുന്നു.

അവിടെയാണ് വിഷയം. അതൊരു പൊങ്ങച്ചമാകുമെന്ന് പലര്‍ക്കും തോന്നാം. പക്ഷെ, സത്യമെന്താണ്? തന്റെ ആത്മസംതൃപ്തിക്കുവേണ്ടി തന്റെ സമയവും ഊര്‍ജ്ജവും ചിലവിട്ട് ഗൂഗിള്‍ തരുന്ന ഇ-പേജില്‍ തന്റെ മാനസികവ്യാപാരങ്ങള്‍ കുറിക്കുന്നത് തികച്ചും തന്റേതുകൂടിയായ സംതൃപ്തിക്കും തന്റെ എഴുത്തുനോടുള്ള താല്‍പ്പര്യവും കൊണ്ടുമാണ്. അതിനു മറ്റുള്ളവര്‍ (വായനക്കാര്‍) നല്‍കുന്ന പ്രോത്സാഹനമാണ് അതിലെ കമന്റുകള്‍. അതില്‍ അഭിനന്ദനവും വിമര്‍ശനവുമുണ്ടാകാം. ബ്ലോഗില്‍ പതിയെ രൂപമെടുക്കുന്ന സൌഹൃദബന്ധങ്ങള്‍ ഒരു കുടുംബമെന്നപോലെ ബ്ലോഗറെയും വായനക്കാരനേയും മാനസികമായി അടുപ്പിക്കുന്നു. ആ ഒരു മാനസിക ബന്ധത്തില്‍ നിന്നാണ് , ആ സൌഹൃദത്തില്‍ നിന്നാണ് ബ്ലോഗര്‍ തന്റെ സന്തോഷ വര്‍ത്തമാനങ്ങള്‍ വായനക്കാരെ അറിയിക്കുന്നത്. അത് വിവാഹമോ മരണമോ കുഞ്ഞിന്റെ ജനനമോ അവാര്‍ഡോ എന്തുമാകാം, എത്രപ്രാവശ്യം വേണമെങ്കിലുമാകാം. തീര്‍ച്ചയായും അത് വായനക്കാരനും ബ്ലോഗറും തമ്മിലുള്ള സൌഹൃദത്തിന്റെ പേരിലാണ് അല്ലെങ്കില്‍ ഒരു മാനസികമായ അടുപ്പത്തിന്റെ പേരിലാണ്. അതില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അത് കണ്ടില്ല എന്നു വെക്കാം. ബ്ലോഗ് ആവശ്യം പോലെ ക്ലോസ് ചെയ്യാനും തുറക്കാനും വേണ്ടിയാണല്ലോ അതില്‍ ഓപ്ഷനുകള്‍ വെച്ചിരിക്കുന്നത്. പക്ഷെ ഇതൊരു പൊങ്ങച്ചമാണെന്ന മട്ടില്‍ അതിനെ ആക്ഷേപിക്കുന്നത് എന്തിനാണ് ? അതും തലയില്‍ മുണ്ടിട്ട് വന്നിട്ട്? അതിന്റെ മനശാസ്ത്രം മനസ്സിലാവുന്നില്ല

കഴിഞ്ഞ ദിവസം നാലാമതും മാതൃഭൂമി ബ്ലോഗനയില്‍ തന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ച സന്തോഷത്തിനു പോങ്ങുമ്മൂടന്‍ പബ്ലിഷ് ചെയ്ത പുതിയ പോസ്റ്റില്‍ തലയില്‍ മുണ്ടിട്ട് അനോനിയായി വന്ന് ബ്ലോഗറായ പോങ്ങുമ്മൂടനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. മറ്റു ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പോങ്ങുമ്മൂടന്റെ പ്രവൃത്തിയില്‍ ബോറഡിക്കുന്നുണ്ടെങ്കില്‍ ആ ബ്ലോഗ് ഓപ്പന്‍ ചെയ്യാതിരുന്നാല്‍ പോരെ? അധിക്ഷേപിക്കുന്നതെന്തിന്? ബ്ലോഗില്‍ നടക്കുന്ന തെറിവിളികളും, ഗ്രൂപ്പ് യോഗങ്ങളും മറ്റു മലീന പ്രവൃത്തികളും കാണാതെ , അതിലൊന്നും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാതെ , സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ; ഒരു ബ്ലോഗറുടെ മാനസിക സന്തോഷം പങ്കുവെക്കുന്ന സൌഹൃദപരമായ കുറിപ്പില്‍ വന്ന് ‘ഉറപൊട്ടിച്ചാടിയവന്റെ’ സംസ്ക്കാരം കാണിക്കുന്നതെന്തിന്?

മലയാളം ബ്ലോഗുകളില്‍ മാത്രമാണ് ഈ രോഗം കാണുന്നതെന്നാണ് ഏറെ രസകരം. ശരീരത്തിനും മനസ്സിനും മാറാരോഗം ബാധിച്ച ചിലരുടെ പ്രകടനങ്ങള്‍ക്ക് , വിപ്ലവകരമായ ഭാവി മാദ്ധ്യമം എന്ന് പറയപ്പെടുന്ന ബ്ലോഗ് വേദിയാകുമ്പോള്‍ വേദനിക്കുന്നുവെന്ന് പറയാതെ വയ്യ.

Friday, September 25, 2009

റോബിന്‍ ഹുഡ് - അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെടുത്തിയ ചിത്രം




വ്യത്യസ്ഥവും മികച്ചതും സൂപ്പര്‍ഹിറ്റാക്കാവുമായിരുന്ന ഒരു സിനിമ എങ്ങിനെ ഉത്തരവാദിത്വരാഹിത്യത്തിലൂടെ മോശമാക്കാം എന്നതിന് ഉത്തമ കൊമേഴ്സ്യല്‍ സിനിമാ ഉദാഹരണമാണീ ചിത്രം.

മലയാളത്തിലിന്നുവരെ വന്നിട്ടില്ലാത്ത ബേസിക് ത്രെഡ്, ഓരോ മുഹൂര്‍ത്തത്തിലും ത്രില്ലിങ്ങ് ക്രിയേറ്റ് ചെയ്യാവുന്ന നായക-പ്രതിനായക സന്ദര്‍ഭങ്ങള്‍, സാങ്കേതികത്വം വളരെ നന്നായി പ്രയോഗിക്കാവുന്ന ഒരു കഥ, സൂപ്പര്‍ താരങ്ങളില്ലാതെ യുവതാരങ്ങള്‍ക്ക് മത്സരിച്ചഭിനയിക്കാവുന്ന അവസരം ഇതൊക്കെയായിരുന്നു ഈ സിനിമയുടെ പോസറ്റീവ്. പക്ഷെ സച്ചു-സേതുവിന്റെ ദുര്‍ബലമായ തിരക്കഥ, ജോഷിയുടെ അലസമായ ഡയറക്ഷന്‍, മിസ് കാസ്റ്റിങ്ങ്, തട്ടിക്കുട്ടിയെടുത്ത ഗാന രംഗങ്ങള്‍ എന്നിവമൂലം ഈ സിനിമ പരാജയത്തിന്റെ പട്ടികയിലേക്കാണ്

കഥ
കൊച്ചിനഗരത്തില്‍ ഐ.ബി.ഐ എന്ന ബാങ്കിന്റെ എടീമ്മില്‍ നിന്ന് ഒരു രാത്രി പലരുടേയും അക്കൌണ്ടില്‍ നിന്ന് വന്‍തുകകള്‍ പിന്‍ വലിക്കപ്പെടുന്നു. പിറ്റേ ദിവസം മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ തങ്ങളുടെ പണം തിരികെ ലഭിക്കണമെന്നും അക്കൌണ്ട് പിന്‍ വലിക്കുകയാണെന്നും ബാങ്കുകാരോട് ആവശ്യപ്പെടുന്നു. വെങ്കി എന്ന ബ്രാഹ്മണ പയ്യന്‍ ( ഈ ‘ബ്രാഹ്മണ്യം‘ സിനിമയുടെ കഥാപാത്രത്തിന്റെ തെറ്റിന് നീതികരണം തേടുന്ന ‘വളരെ വലിയ ഒന്നാ‘ണെന്ന് അവസാന ഭാഗങ്ങളില്‍ കാണം) ആണ് ഇതിനു പിന്നില്‍. വെങ്കി ഇലക്ട്രോണിക്-കമ്പ്യൂട്ടര്‍ മേഖലയില്‍ അഗ്രഗണ്യനാണ്. മാത്രമല്ല ബന്ധപ്പെട്ടൊരു പ്രൊഫഷണല്‍ ഇന്‍സ്റ്റിട്യൂട്ടീല്‍ ട്യ്യൂട്ടര്‍ കൂടിയാണദ്ദേഹം.
ഐ.ബി.ഐ എന്ന ബാങ്കിന്റെ അക്കൌണ്ടില്‍ നിന്നുമാണ് പണം അപഹരിക്കപ്പെടുന്നത് എന്നതാണ് ബാങ്കിനെ കുഴക്കുന്നത്. കേസന്വേഷണ ചുമതലയുള്ള ചെറുപ്പക്കാരന്‍ എ സി പിയുടെ (ജയസൂര്യ) അന്വേഷണത്തില്‍ ബാങ്ക് തൃപ്തമല്ല അതുകൊണ്ട് ബാങ്ക് തങ്ങളുടെ പരിചയത്തിലുള്ള മറ്റൊരു ഐ പി എസ് കാരനെ (നരേന്‍) പ്രൈവറ്റ് അന്വേഷണത്തിനു വെക്കുന്നു. ഇന്‍ വെസ്റ്റിഗേറ്റര്‍ക്കു താമസിക്കാന്‍ കമ്പനിയുടെ ഫ്ലാറ്റും.

അവിടെ നിന്നാണ് കഥയുടെ ഗതി മുറുകേണ്ടത്, കാരണം ഇന്‍ വെസ്റ്റിഗേറ്റര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റില്‍ ആണ് വെങ്കി എന്ന എ ടി എം റോബര്‍ താമസിക്കുന്നത്, താമസിയാതെ കള്ളനും പോലീസും സുഹൃത്തുക്കളാകുന്നു. പോലീസ് അന്വേഷണവും, പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേഷനും പുരോഗമിക്കുന്നുണ്ടെങ്കിലും എ ടി എമ്മില്‍ നിന്നുള്ള മോഷണം പതിവായി തുടരുക തന്നെ ചെയ്യുന്നു. കള്ളനെ കണ്ടു പിടീക്കാന്‍ എ ടി എമ്മില്‍ ഒളികാമറകള്‍ ഫിറ്റു ചെയ്തെങ്കിലും വെങ്കി എന്ന കള്ളന്‍ അതിനെ ബുദ്ധിപൂര്‍വ്വം മറി കടക്കുന്നു. ഒടുക്കം തന്റെ എതിര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന വെങ്കി എന്ന സുഹൃത്ത് തന്നെയാണ് ഈ കള്ളന്‍ എന്ന് പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേറ്റര്‍ (നരേന്റെ കഥാപാത്രം) തിരിച്ചറിയുന്നു.

ഇത്രയും കഥ (വണ്‍ലൈന്‍) ആരേയും ത്രില്ലടിപ്പിക്കുന്ന ഒന്നു തന്നെയാണ്, ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരെ ത്രില്ലടിപ്പിച്ചതും ഈ സംരംഭം ഉണ്ടാക്കിയതും ഈ ത്രെഡിന്റെ ഫ്രെഷ്നെസ്സ് തന്നെയാകണം, പക്ഷെ ഇതിനെ ലോജിക്കോടെ/ വിശ്വസനീയമായി അണിയിച്ചൊരുക്കുന്നതില്‍ ടീം പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും മലയാള സിനിമയില്‍ സാങ്കേതിക വിദ്യകളെ പരാമര്‍ശിക്കുമ്പോഴോ എക്സിക്യൂട്ടു ചെയ്യുമ്പോഴോ ഉള്ള അജ്ഞത ഈ സിനിമയിലും തെളിഞ്ഞുകാണാം. ഇത്ര ഈസിയായിട്ടാണ് നായകന്‍ (അതോ വില്ലനോ/) എ ടി എമ്മില്‍ നിന്ന് എല്ലാ ദിവസവും 25,000 രൂപ വെച്ച പല അകൌണ്ടില്‍ നിന്ന് കൊള്ളയടിക്കുന്നത്. അതിനയാല്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം മൊബൈല്‍ റീച്ചാര്‍ജ്ജ് കൂപ്പണ്‍ ഉപയോഗിച്ചാണ്. ഒരു സ്വകാര്യ റഡാര്‍ സംവിധാനം വെച്ച് അകൌണ്ടിന്റെ പിന്‍ കാര്‍ഡ് കോപ്പി ചെയ്താണ് ഈ ‘ബ്രില്യണ്ട് ടെക്കി‘ ഇതൊക്കെ ചെയ്യുന്നത് (കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് ചോദ്യം)
ഈയൊരു ബേസിക് ത്രെഡിനെ മലയാള സിനിമയുടെ ടിപ്പിക്കല്‍ കഥ/കഥാ സന്ദര്‍ഭവുമായി കൂട്ടിയിണക്കുകയാണ് പിന്നെ. വെങ്കിക്ക് , സ്റ്റുഡന്റ് ആയ മറ്റൊരു ബ്രാഹ്മണ പെണ്‍കുട്ടി(സംവൃത) പ്രണയം, നരന്റെ കൂടെ അസിസ്റ്റ് ചെയ്യാന്‍ രൂപ എന്ന ഭാവന (ഐ ബി ഐ ബാങ്കിന്റെ തന്നെ സ്റ്റാഫ്) ഇന്‍ വെസ്റ്റിഗേറ്ററും അസിസ്റ്റന്റും ഒരേ ഫ്ലാറ്റില്‍ താമസിച്ച് കേസ് അന്വേഷിക്കുന്നു(ഒരു ജയിംസ് ബോണ്ട് കഥ മണക്കുന്നൊ?? ) അവരുടെ വേലക്കാരനായി ജാഫര്‍ ഇടുക്കി. അങ്ങിനെ ത്രില്ലടിക്കുന്ന കഥാ സന്ദര്‍ഭങ്ങളൊ, പഞ്ച് ഡയലോഗുകളോ ഇല്ലാതെ ഈ ആക്ഷന്‍/ടെക്കി/ത്രില്ലിങ്ങ് ചിത്രം മുന്നേറുകയാണ്.

ഗാന രംഗങ്ങളെ ഇത്ര അലസമായി സമീപിച്ച രീതി ഒരിക്കലും പൊറുക്കാവുന്നതല്ല, (പൃഥീരാജും സംവൃതാ സുനിലുമുള്ള ഡ്യൂയറ്റില്‍ അവരോടൊപ്പമുള്ള നൃത്ത സംഘത്തെ നോക്കു, തടീച്ചു തൂങ്ങിയ വയറും ദുര്‍മ്മേദസ്സുമുള്ള നൃത്തക്കാരികള്‍. കോസ്റ്റൂംസ് മാറുന്നതല്ലാതെ ഒരൊറ്റ ഗാനരംഗത്തുപോലും ഒരു പ്രോപ്പര്‍ട്ടി ഉപയോഗിക്കുകയോ ഒരു സെറ്റ് ഒരുക്കുകയോ ഒരു മനോഹര ഫ്രെയിം ഒരുക്കുകയോ ചെയ്തിട്ടില്ല)

ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴാണ് തമിഴ് സിനിമയിലെ കൊമേഴ്സ്യല്‍ സിനിമാ സംവിധായകരെ നാം നമിച്ചു പോകുന്നത്. കാമറ, എഡിറ്റിങ്ങ്, ഗാനങ്ങള്‍, നൃത്തം, കലാ സംവിധാനം, കോസ്റ്റുംസ് എന്നീ മേഖലകളില്‍ വരെ അവര്‍ കാണിക്കുന്ന പെര്‍ഫെക്ഷന്‍ നമ്മെ അസൂയപ്പെടുത്തും ( തമിഴ് സിനിമ എടുക്കുന്ന പോലെയുള്ള ബഡ്ജറ്റ് നമുക്കില്ല എന്നു പറയാന്‍ വരട്ടെ, എങ്കില്‍ നമ്മുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന കഥയും സിനിമയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം, ഇത്തരമൊരു സബ്ജക്റ്റ് ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നു വരുമ്പോള്‍ പരമാവധി നന്നാക്കാനും നല്ല പ്രൊഡക്ഷന്‍ റിസള്‍ട്ട് ഉണ്ടാക്കാനും എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല??)

മിസ് കാസ്റ്റിങ്ങ്
മിസ് കാസ്റ്റിങ്ങ് ഈ സിനിമയുടെ പരാജയത്തിന്റെ മറ്റൊരു കാരണമാണ്. തകത്തഭിനയിക്കാവുന്ന ഒരു കാരക്റ്റര്‍ ഉണ്ടായിട്ട് അതിനെ പൊലിപ്പിച്ചെടുക്കാന്‍ നരേന്‍ എന്ന നടനു കഴിഞ്ഞില്ല എന്നതാണ് ഈ സിനിമയുടെ ഒരു ന്യൂനത. (യുവതാരങ്ങളില്‍ അത്രയും നല്ല അഭിനേതാക്കള്‍ നമുക്കില്ല എന്നതും മനസ്സിലാക്കുക; അവിടേയും നമ്മള്‍ തമിഴനെ അസൂയയോടെ നോക്കിയേ പറ്റൂ, കാരണം ഏതു റോളിനും പാകമുള്ള നിരവധി യുവ താരങ്ങളെ തമിഴില്‍ നമുക്കു കാണാം) ‘പുതിമ മുഖം‘ എന്ന ഹിറ്റ് ആരാധകര്‍ക്കു കൊടുത്ത പ്രതീക്ഷ പക്ഷെ പൃഥിരാജിനു ഇതില്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് പക്ഷെ തിരക്കഥാകൃത്തിന്റെ പരാജയമാണ്, കാരണം പൃഥിക്ക് ഇതില്‍ ചെയ്യാന്‍ ഒന്നുമില്ല തന്നെ. ജയസൂര്യയുടെ എ. എസ്. പി തികച്ചും അണ്‍ഫിറ്റ് ആണ് ജയസൂര്യക്ക് എന്നു കൃത്യമായി പ്രേക്ഷകനു മനസ്സിലാകുന്നു. പല സന്ദര്‍ഭങ്ങളും മസില്‍ പിടിച്ചുള്ള ജയസൂര്യയുടെ അഭിനയം ബോറായി തോന്നിയതില്‍ തീരെ അത്ഭുതമില്ല.

ഒരു കൊമേഴ്സ്യല്‍ സിനിമ എടുക്കുമ്പോള്‍ മുന്നില്‍ വിജയവും ആരവവും മാത്രമേയുള്ളു. ഒരു ടാര്‍ഗറ്റ് ഓഡിയന്‍സിയായുള്ള സിനിമ എടുക്കുമ്പോള്‍ ആ ടാര്‍ഗറ്റിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം. അല്ലാതെ എല്ലാത്തരം പ്രേക്ഷകരേയും ഒരുമിച്ച് വാരിയെടുക്കാനുള്ള അത്യാര്‍ത്തി വരുമ്പോഴാണ് മലയാള സിനിമ പലപ്പോഴും പരാജയത്തിലേക്ക് വീഴുന്നത്. ഇവിടേയും സംഭവിച്ചത് അത് തന്നെ. മലയാളത്തില്‍ ഈ അടുത്തകാലത്ത് സംഭവിക്കാവുന്ന ഒരു ത്രില്ലിങ്ങ് ആക്ഷന്‍ സൂപ്പര്‍ ഹിറ്റ് സിനിമയെ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ, ഫിലിം മേക്കിങ്ങിലുള്ള ഉദാസീനത/അണ്‍ പ്രൊഫഷണലിസം കാരണം നശിപ്പിച്ചെടുത്തു,

വാല്‍ക്കഷ്ണം : ഒന്നു പറയാതെ വയ്യ, മലയാളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും നല്ല ടൈറ്റില്‍ ഗ്രാഫിക്സ് ആണ് ഈ സിനിമയുടേത്. നല്ല റിസള്‍ട്ടോടെ, സിനിമയുടെ ഒരു പഞ്ച് സൃഷ്ടിക്കുന്ന തികച്ചും വ്യത്യസ്ഥമായ ടൈറ്റിത്സ്. അതിനൊരു തൂവല്‍ :)

Friday, September 4, 2009

മലയാളത്തിന്റെ ‘ഋതു‘ഭംഗി

രു അനുഭവത്തില്‍ നിന്നും തുടങ്ങാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീലക്കുറിഞ്ഞി പൂത്ത വാര്‍ത്ത കേട്ട് എന്റെ കുറച്ചു ഓഫീസ് സുഹൃത്തുക്കള്‍ മൂന്നാറീലേക്ക് പോകാന്‍ പ്ലാനിട്ടു, കൂട്ടത്തില്‍ മദ്ധ്യവയസ്സിനോടടുത്ത ഞങ്ങളുടെ മീഡിയാ മാനേജറും ചെറുപ്പക്കാരനായ ഓഫീസ് ബോയിയും കൂടെ പോരാന്‍ താല്‍പ്പര്യം കാണിച്ചു. മൂന്നാര്‍ മലനിരകളിലെത്തിയപ്പോള്‍ പൂത്തുനില്‍ക്കുന്ന വയലറ്റ് പുഷ്പങ്ങളെക്കണ്ട് ഞങ്ങള്‍ പലരും ആര്‍ത്തു വിളിച്ചു, കാമറയുമായി മലനിരകളിലേക്ക് ഓടിക്കയറി. വണ്ടിയില്‍ നിന്നിറങ്ങി വന്ന മീഡിയാ മാനേജറും ഓഫീസ് ബോയിയും നീലക്കുറിഞ്ഞിയെ കണ്ട് വാ പൊളിച്ചു. എന്നിട്ട് ഞങ്ങളെ വെറുപ്പോടേയോ ദ്വേഷ്യത്തോടെയോ തറപ്പിച്ചൊന്നു നോക്കി. ഞങ്ങള്‍ പലരും നീലക്കുറിഞ്ഞി പൂക്കള്‍ സ്വന്തമാക്കാന്‍ കഴിയുമോ എന്നു നോക്കുകയും പരമാവധി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാനും ശ്രമിച്ചു. തിരിച്ച് വണ്ടിയിലെത്തിയപ്പോള്‍ മാനേജറും ബോയിയും സീറ്റില്‍ ചാരിക്കിടക്കുന്നു. ഞങ്ങളെ കണ്ടതും ഒറ്റചോദ്യം :

“ഈ കോപ്പിലെ കാട്ടുചെടി കാണാനാണടോ ഇത്രദൂരം ഇങ്ങോട്ട് വണ്ടി വിളിച്ച് വന്നത്, ഇതിനേക്കാള്‍ എത്രനല്ല പൂക്കള് നാട്ടിലുണ്ടെടാ....പത്തു പന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ പൂക്കുന്നതാണത്രേ,...ഫൂ...”

‘ഋതു‘ എന്ന സിനിമയെക്കുറിച്ച് ‘ജനപ്രിയ ബ്ലോഗ് ‘ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ അനുഭവമാണ് എന്റെ മനസ്സില്‍ വന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ ഒരുപാടു നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ വന്നെത്തിയ ഒരു നല്ല സിനിമയാണ് ‘ഋതു’. നീലക്കുറിഞ്ഞിയുടെ പ്രാധാന്യം തിരിച്ചറിയാത്തവന് അതൊരു കാട്ടുപൂവ് എന്നതുപോലെ, മായാവിയും ഭൂതവും പൊട്ടനും ചട്ടനുമൊക്കെ അരങ്ങുതകര്‍ക്കുകയും അതിനു കയ്യടിക്കുകയും ചെയ്യുന്ന സിനിമാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ക്ക് അതൊരു ‘കാട്ടുപൂവ്’ ആയിരിക്കും.


സണ്ണി, വര്‍ഷ, ശരത്ത് എന്നീ ഋതുഭേദങ്ങളിലൂടെ വര്‍ഷങ്ങളുടെ സൌഹൃദബന്ധവും അകല്‍ച്ചയും പ്രണയവുമൊക്കെ കാവ്യ ഭംഗിയിലൂടെ വരച്ചിടുമ്പോള്‍ പ്രേക്ഷകനും പതിയെ അതിനോടൊപ്പം സഞ്ചരിക്കുകയാണ്. ( കഥാസാരം പലരും പലയിടത്ത് പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടേയും കഥ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല) മലയാളിയുടെ സ്ഥിരം കഥാപ്രമേയങ്ങളേയും കഥാപരിസരങ്ങളേയും പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് വ്യത്യസ്തവും നൂതനവുമായ ഒരു പ്രമേയവും പരിസരവും ദേശിയ അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ ശ്യാമപ്രസാദ് ജീവന്‍ തുടിക്കുന്ന കാന്‍ വാസ് ചിത്രം പോലെ ഇവിടെ വരച്ചു കാണിക്കുകയാണ്.


ഒരു കാര്യം ഉറപ്പാണ്, ഈ സിനിമ കണ്ടു തീര്‍ന്ന് തിയ്യറ്ററിനു പുറത്തേക്ക് വരുന്ന വരെ, നമ്മള്‍ മലയാളത്തിലെ ഒരൊറ്റ നടീനടന്മാരെയോ അവരുടെ മുഖമോ ഓര്‍ത്തിരിക്കില്ല. മമ്മൂട്ടി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെയുള്ള നടന്മാരെ ഈ കഥാപാത്രങ്ങളില്‍ റീപ്ലെയ്സ് ചെയ്യുന്നതുപോയിട്ട് അവരുടെ കണ്ടുപരിചയിച്ച മുഖം ഒരു നിമിഷാര്‍ദ്ധമ്പോലും നമ്മളോര്‍ക്കില്ല. അത്രമാത്രം ഇതിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇതിലെ പ്രധാന താരങ്ങളായ മൂന്നു പേരിനേക്കാളും പതിന്മടങ്ങ് പെര്‍ഫോമന്‍സ് ആണ് ഇതിലെ മറ്റു അപ്രധാന കഥാപാത്രങ്ങളും (ഉദാ : എം.ജി ശശി) ഒരൊറ്റ സീനില്‍ വന്നുപോകുന്നവര്‍പോലും ചെയ്തിരിക്കുന്നത്.

പലപ്പോഴും ശ്യാമപ്രസാദിന്റെ സിനിമകള്‍ ഒരു ദൃശ്യാവിഷ്കാരമല്ല, മറിച്ച് അനുഭവമാണ്. ആദ്യചിത്രമായ കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയൊഴികെ അഗ്നിസാക്ഷിയും, അകലേയും, ഒരേ കടലും മലയാളത്തില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവവും ആവിഷ്കാരവുമായിരുന്നു. കൈകാര്യം ചെയ്ത വിഷയം മാത്രമല്ല അത് ആവിഷ്കരിക്കുന്നതിനുള്ള സാങ്കേതിക പാടവും ഈ ചിത്രത്തെ നല്ലൊരു ചിത്രമാക്കുന്നതില്‍ വളരെയേറെ സഹായിച്ചു, പലപ്പോഴും ശ്യാമപ്രസാദിന്റെ സ്ഥിരം ടീം തന്നെയാണ് ഈ ചിത്രത്തിന്റെ പുറകിലും. ഋതുവിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അതിന്റെ ഛായാഗ്രഹണമാണ്. പി. സുകുമാറീന്റേയും, സാലു ജോര്‍ജ്ജിന്റെയുമൊക്കെ ടിപ്പിക്കള്‍ ഫ്രെയിമും വെളിച്ചവിതാനമൊക്കെ കണ്ടു മടുത്ത പ്രേക്ഷകനു ‘ഷാംദത്ത് ‘ എന്ന യുവ കാമറമാന്‍ ഒരുക്കുന്ന മാജിക്കല്‍ ഫ്രെയിംസും വെളിച്ച വിന്യാസവും കണ്ടാസ്വദിക്കാം ഋതുവില്‍. (കൃത്യം എന്ന സിനിമയിലൂടെ മലയാളത്തില്‍ വന്ന ഷാംദത്ത് , ടൈഗര്‍, വര്‍ഗ്ഗം, നന്മ, ഒരേകടല്‍, ഐ.ജി മുതലായ സിനിമകളിലെ കാമറമാനാണ്).

മറ്റൊരു സവിശേഷത ഈ ചിത്രത്തിന്റെ എഡിറ്റിങ്ങാണ്. എഡിറ്റിങ്ങ് എന്നത് വെറും സാങ്കേതികം മാത്രമല്ലെന്നും അതൊരു കലയാണെന്നും ഈ ചിത്രം നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്. ‘അകലെ’ എന്ന ചിത്രത്തിലൂടെ മാതൃഭൂമിയുടേയും, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റേയും മികച്ച എഡിറ്റര്‍ അവാര്‍ഡും, 2007ല്‍ ഒരേകടലിനു മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ച ശ്യാമപ്രസാദിന്റെ അസോസിയേറ്റ് കൂടിയായ വിനോദ് സുകുമാരന്‍ ആണ് ഋതുവിന്റേയും എഡിറ്റര്‍.

കൂടുതല്‍ സീനുകളും സ്വാഭാവിക വെളിച്ചത്തിലും സമീപ ദൂര ദൃശ്യത്തിലും (close up) ഛായാഗ്രഹണം നിര്‍വ്വഹിച്ചതും സ്വാഭവികമായൊരു ഒഴുക്കോടെ ചെയ്ത എഡിറ്റിങ്ങും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട മികച്ച ഘടകങ്ങളാണ് ( അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച കാമറാമന്‍/എഡിറ്റര്‍ തീര്‍ച്ചയായും ഋതുവിനു തന്നെയായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, ഇതിനപ്പുറം മികച്ച ഒരു ചിത്രം വന്നില്ലെങ്കില്‍..)

നല്ലൊരു ചിത്രമെന്ന അഭിപ്രായം നേടുമ്പോഴും ഋതു തിയ്യറ്ററിലെ കളക്ഷനിലും, ജനപ്രളയത്തിലും മറ്റു ‘ജനപ്രിയ’സിനിമകളേക്കാള്‍ പിറകിലാണെന്നു തോന്നുന്നു . ചില തിയ്യറ്ററുകളില്‍ നിന്നും ഋതു ആദ്യ ആഴ്ചക്കു ശേഷമോ രണ്ടാമത്തെ ആഴ്ചക്കു ശേഷമോ മാറിയിട്ടുണ്ട്. പലപ്പോഴും നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ സംഭവിക്കുന്നപോലെയുള്ള പ്രേക്ഷക നിരാസം ഋതുവിനും സംഭവിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. തൊട്ടടുത്ത തിയ്യറ്ററുകളില്‍ പട്ടണത്തില്‍ ഭൂതവും ഇവര്‍ വിവാഹിതരായാലുമൊക്കെ തകര്‍ത്തോടുമ്പോള്‍ കൊമേഴ്സല്‍ സിനിമകളില്‍ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ശ്രമങ്ങള്‍ക്ക് പലപ്പോഴുമെന്നപോലെ തിരസ്കാരം ആവര്‍ത്തിക്കുകയാണ്.

കഥയിലും തിരക്കഥയിലും ആവിഷ്കാരത്തിലും കാഴ്ചപ്പാടിലുമൊക്കെ എന്തൊക്കെ പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിലും ‘ഋതു‘ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമയില്‍ സംഭവിച്ച നല്ലൊരു അനുഭവമാണ്. കുറഞ്ഞ പക്ഷം മലയാള സിനിമയിലെ അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ക്കിടയില്‍ ഇത്തരമൊരു നല്ല സിനിമ ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവത്തിനും എഫര്‍ട്ടിനും നല്ല ഒരു കയ്യടി ശ്യാമപ്രസാദും ടീമും അര്‍ഹിക്കുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകളും സൂപ്പര്‍ ടെക്നീഷ്യന്മാരും പരിചയ സമ്പന്നരായ നിര്‍മ്മാതാക്കളും കൂടി മലയാളത്തില്‍ എക്കാലത്തേയും വലിയ ബഡ്ജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുമ്പോഴും അവ എട്ടു നിലയില്‍ പൊട്ടുമ്പോഴും; പോപ്പുലാരിയില്ലാത്ത ആരാലും തിരിച്ചറിയപ്പെടാത്ത കുറച്ച് മികച്ച അഭിനേതാക്കളേയും ടെക്നീഷ്യന്മാരേയും കൊണ്ട് ഇതുപോലെ തികച്ചും ഫ്രെഷ് നസ് ഫീല്‍ ചെയ്യിക്കുന്ന; ഏതു നിലയിലും പുതുമയും സ്വാഭാവികതയും തോന്നിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ വരുമ്പോള്‍ ആ കൂട്ടായ്മക്കും എഫര്‍ട്ടിനും പ്രേക്ഷക പക്ഷത്തുനിന്ന് ഒരു സപ്പോര്‍ട്ട് തീര്‍ച്ചയായും ഇത്തരം ചിത്രങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

Saturday, August 8, 2009

പുതിയ മുഖം - അശ്രദ്ധയുടെ സിനിമാ മുഖം











കഴിഞ്ഞ ആഴ്ചയാണ് ‘പുതിയമുഖം‘ എന്നൊരു മലയാള സിനിമ കണ്ടത്. പലപ്പോഴും ഞാന്‍ വൈകിയേ മലയാള സിനിമ കാണാറുള്ളൂ. വര്‍ഷങ്ങളായുള്ള പരിചയമല്ലേ, നമ്മുടെ നിഗമനത്തിനപ്പുറം ഒരു മലയാള സിനിമയും ഈയടുത്തനാളുകളില്‍ പുറത്തു വന്നിട്ടില്ല.

പൃഥിരാജ്, പ്രിയാമണി, മീരാ നന്ദന്‍, ബാല, നെടുമുടി, സാ‍യികുമാര്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ പുതിയ മുഖമെന്ന സിനിമ പുതിയ ഒന്നും നമ്മുടെ മുന്നിലേക്കു വക്കുന്നില്ല. പുതുമയുള്ള ഒരു കഥയോ, തിരക്കഥയോ, കഥാപാത്രമോ, ദൃശ്യാവിഷ്കാരമൊ ഒന്നും.

പ്രൊഫഷണല്‍ നാടക രംഗത്തു നിന്നും വന്ന എം. സിന്ധുരാജാണ് തിരക്കഥാകൃത്ത്. ഏതു രീതിയിലുമുള്ള ട്വിസ്റ്റിനോടൂം, ക്ലൈമാക്സിനോടും കൂട്ടിക്കെട്ടാവുന്ന ഒരു മൂലകഥയാണ് പുതിയമുഖത്തിന്റേത്. അതായത്, പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നു ബ്രാഹ്മണനായ ഒരു നായകന്‍ (മലയാള സിനിമയില്‍ നായകന്‍ എപ്പോഴും ബ്രാഹ്മണന്‍ ആയിരിക്കണമല്ലോ ചുരുങ്ങിയ പക്ഷം നായരെങ്കിലും) എഞ്ചിനീയറിങ്ങ് പഠനത്തിനുവേണ്ടി കൊച്ചിയിലെ ഒരു കോളേജില്‍ എത്തുന്നു. അഗ്രഹാരത്തില്‍ അവനൊരു കാമുകിയുണ്ട്. ചെറുപ്പത്തിലേ അവരുടെ ഇഷ്ടം തിരിച്ചറിഞ്ഞ് അവരുടെ വിവാഹത്തിനു കാത്തിരിക്കുന്ന വീട്ടുകാരും. കോളേജില്‍ വെച്ച് അവന്റെ ജീവിതം മാറിമറയുകയാണ്. അവിടെ നിന്ന് അവനൊരു പുതിയമുഖം കൈവരുന്നു. ഒറ്റവരിയില്‍ ഒരു പുതുമ തോന്നിക്കുന്ന വണ്‍ലൈന്‍. എന്നാല്‍ പുതുമയുള്ള ഒരു കോപ്പും പറയാന്‍ തിരക്കഥാകൃത്തിനും സംവിധായകനുമായിട്ടില്ല എന്നു മാത്രമല്ല, പറഞ്ഞ സംഗതികളൊക്കെ വല്ലാതെ ചീറ്റിപ്പോകുകയും, സംവിധായകന്റെ അശ്രദ്ധ സിനിമയിലുടനീളം സാധാരണ പ്രേക്ഷകനു മനസ്സിലാകത്തക്ക വിധം കാണുകയും ചെയ്യപ്പെടൂന്നു.

മുന്‍പ് പറഞ്ഞ വണ്‍ലൈന്‍ ഏതു ക്ലൈമാക്സിനോടും കൂട്ടികെട്ടാവുന്നതേയുള്ളു. ഉദാഹരണത്തിന് : കോളേജില്‍ എത്തപ്പെടുന്ന നായകന്‍, അവിടത്തെ മയക്കുമരുന്നു ലോബിയെ കാണുന്നു. അവന്റെ ആത്മാര്‍ത്ഥസുഹൃത്ത് ലോബിയുടെ ഇരയാകുമ്പോള്‍ അവന്‍ പ്രതികരിക്കുന്നു. വില്ലന്മാരെ ഒന്നൊന്നായി കൊന്നൊടുക്കുന്നു. നായകന്‍ കോളേജ് വിദ്യാര്‍ത്ഥിയായതുകൊണ്ട് അവനെ ഭ്രാന്ത് എന്ന രോഗം ഉള്ള ഒരു ബാഗ്രൌണ്ട് കൂടി കൊടുത്താല്‍ അവന്‍ നിയമത്തില്‍ നിന്നും മുക്തമാകും.
ഇനി ഈ കഥ തന്നെ മറ്റൊരു വിധത്തില്‍ പറയാം. കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും കൊച്ചിയിലെ കോളേജില്‍ എത്തിപ്പെട്ട നായകന്‍ അവിടെ ഒരു സെക്സ് റാക്കറ്റിനെ കാണുന്നു. അവന്റെ ഉറ്റമിത്രമായ പെണ്‍കുട്ടി അവരുടെ ഇരയാകുന്നു. അതിനെതിരെ അവന്‍ പ്രതികരിക്കുന്നു. ഒടുക്കം വില്ലന്മാരെ കൊന്നൊടൂക്കുന്നു :) ഇങ്ങനെ ഏതു കഥാ ഗതിയോടും, ക്ലൈമാക്സിനോടും കൂട്ടികെട്ടാവുന്ന ഒരു കഥാമുഖമായാണ് തിരക്കഥാകൃത്തിന്റെയ്യും സംവിധായകന്റേയും വരവ്.

ഈ അയല്പക്കപ്രേമവും മുറപ്പെണ്ണ് പ്രേമവും ഒടുവില്‍ അവരുടെ തെറ്റിദ്ധാരണകളും നമ്മളെത്ര കണ്ടതാണ്??! മാത്രമല്ല. ചെറുപ്പം മുതലേ നാട്ടൂകാരും വീട്ടുകാരും അംഗീകരിച്ച, കൊച്ചുനാളിലെ പ്രണയിതരായ നായകനും നായികയും, ഒറ്റ നിമിഷത്തില്‍ ഒരു വിഷമവുമില്ലാതെ അങ്ങു വേര്‍പ്പിരിയുകയാണ്, കാരണം നായകനു ഭ്രാന്ത് എന്നൊരു അസുഖം ഉണ്ടത്രേ, അതു ഒരിക്കലും മാറാനും വഴിയില്ല. പക്ഷേ, ആദ്യ കാമുകി പിരിഞ്ഞുപോകുമ്പോള്‍ പുതുതായി വരുന്ന പുതിയ കാമുകിക്ക് നായകന്റെ ഭ്രാന്ത് ഒരു പ്രശ്നമല്ല :) (തനിക്ക് ഭ്രാന്ത് എന്ന് ആരോപിച്ചതുകൊണ്ടാണ് മറ്റൊരു വിവാഹത്തിനു നായകന്‍ ആദ്യ കാമുകിയെ നിര്‍ബന്ധിക്കുന്നത്, എന്നാല്‍ പുതിയ നായിക പ്രേമവുമായി വരുമ്പോള്‍ നായകന് അത് സ്വീകരിക്കാന്‍ ഒരു കുഴപ്പവുമില്ല!!! അവളോട് ഭ്രാന്തിനെ പറ്റി പറയുന്നുമില്ല)

ബാല എന്ന വില്ലന്‍ (ബിഗ് ബി ഫെയിം) തുടക്കം മുതല്‍ പൃഥിയെ കാണുമ്പോള്‍ മുതലേ വില്ലനായാണ് പെരുമാറുന്നത്, (തിരക്കഥാകൃത്ത് നേരത്തെ അവനോട് പറഞ്ഞുകാണണം) 80കളിലെ ഒരു ടിപ്പിക്കല്‍ വില്ലനെപോലെയാണ് അങ്ങേരുടെ പെരുമാറ്റം. ആദ്യപകുതി കഴിഞ്ഞ് പാവത്താനായ പൃഥിരാജിന്റെ കഥാപാത്രത്തിന്റെ മനോഭാവം മാറൂന്നതിനും, അമാനുഷിക പരിവേഷത്തിനും യാതൊരു ന്യായീകരണവുമില്ല. (അത് തിരക്കഥകൃത്തിനും സംവിധായകനും മാത്രം അറിയുമായിരിക്കും!!)

അശ്രദ്ധയുടെ എക്സിക്യൂഷന്‍
തികച്ചും അമേച്ചര്‍ ആയാണ് ഈ സിനിമയുടെ എക്സിക്യൂഷന്‍ നടത്തിയിരിക്കുന്നത് എന്നത് അക്ഷന്തവ്യമായ തെറ്റാണ്. സിനിമയുടെ ഗ്രാമര്‍ അറിയാത്ത ഏതു സാധാരണ പ്രേക്ഷകനും പോലും മനസ്സിലാവുന്ന മട്ടിലുള്ള തെറ്റുകുറ്റങ്ങളാണ് ഈ ചിത്രം മുഴുവന്‍. സ്റ്റണ്ട് സീനുകളില്‍ ഇമ്പാക്റ്റ് കിട്ടാന്‍ വേണ്ടി നായകന്റേയും വില്ലന്റേയും ഗുണ്ടകളുടേയും ദേഹത്തു തൂളുന്ന ചോക്കുപൊടിയും, സ്റ്റണ്ട് സീനില്‍ ദേഹം വേദനിക്കാതിരിക്കാന്‍ തറയില്‍ വിരിക്കുന്ന ടര്‍പായയും, ഫോം ബെഡുമൊക്കെ ഏതൊരു പ്രേക്ഷകനും കാണാവുന്നതാണ് (ഈ ചോക്കുപൊടി വാങ്ങാനുള്ള ചിലവായിരിക്കണം ഈ സിനിമയുടെ മേജര്‍ ബഡ്ജറ്റ്!!) അതു കൃത്യമായും പ്രൊഫഷണലായും ഉപയോഗിക്കാനറിയില്ലെങ്കില്‍ അതുപയോഗിക്കാതിരിക്കുക. നായകന്‍-വില്ലന്‍ എന്നിവരുടെ ഡ്രെസ്സില്‍ അതിന്റെ പാടുകളും ചുമരുകളിലും മറ്റുമുള്ള പാടുകളുമൊക്കെ നമ്മെക്കൊണ്ട് ‘അയ്യേ’ എന്നു പറയിപ്പിക്കും
മറ്റൊന്ന്, പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സ്റ്റണ്ട് സീനില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ (വിജയരാഘവന്‍) നായകന്റെ സ്റ്റണ്ടും നോക്കി നില്‍ക്കുന്നതു കണ്ടാല്‍ അമ്മച്ചിയാണേ, ചിരിച്ചു പോകും :) ഇതുപോലെ അമ്വച്ചറിസ്റ്റിക്ക് ആയി ചിത്രീകരിച്ച ഒരുപാടു സീനുകള്‍ ഈ ‘പുതിയമുഖം’ എന്ന സിനിമയിലുണ്ട്.

ഗ്രാഫിക്സ് എന്നു പറയുന്നത് മലയാള സിനിമക്ക് ഇപ്പോഴും ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് ഈ ചിത്രം പറയുന്നു. ഗ്രാഫിക്സ് ഉപയോഗിച്ച സീനുകള്‍ മാക്സിമം മോശമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വൈഡ് ലെന്‍സ് എങ്ങിനെ, എപ്പോള്‍, ഏതു സന്ദര്‍ഭത്തില്‍ ഉപയോഗിക്കണം എന്നൊക്കെ സംവിധായകന്‍ ദീപന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അനാവശ്യ സന്ദര്‍ഭങ്ങളില്‍ അണ്‍ പ്രൊഫഷണലായി വൈഡ് ആംഗിളും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സും ഉപയോഗിച്ചിരിക്കുന്ന ഈ സിനിമ ആ സീനുകളില്‍ മാക്സിമം നമ്മെ ബോറടിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രധാന സംഗതി, 500 ഫ്രെയിം സ്ലോമോഷന്‍(മാട്രിക്സ് സിനിമ ഓര്‍ക്കുക) ചിത്രീകരിക്കാന്‍ ബഡ്ജറ്റില്ലാതെ ഫിലിമിനെ ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു ഈ സിനിമയില്‍ ‌--സ്റ്റണ്ട് സീനുകളില്‍-- അതുപയോഗിക്കുന്നതിനു കുഴപ്പമില്ല പക്ഷേ, അതിന്റെ റീപ്രൊഡക്ഷന്‍ കുറ്റമറ്റ രീതിയില്‍ പ്രേക്ഷകനു കൊടുക്കാന്‍ പറ്റണം. ചെന്നൈയിലെ ഏതെങ്കിലും പ്രൊഫഷണല്‍ സ്റ്റുഡിയോകളില്‍ ഭംഗിയായി ചെയ്തെടുക്കാന്‍ പറ്റുന്ന ആ എഫ്. സി. പി എഫക്സ്റ്റ് ( എഫ് .സി.പി എന്ന എഡിറ്റിങ്ങ് സോഫ്റ്റ്വെയറാണ് ഈ സിനിമയിലെ സ്റ്റണ്ട് സീനുകളിലെ എഡിറ്റിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്) മാക്സിമം മോശമാക്കിയിട്ടുണ്ട്. ആവശ്യത്തിലേറെ നോയിസും, ക്ലാരിറ്റിയില്ലായ്മയുമൊക്കെ പ്രേക്ഷകനെ മടുപ്പിക്കും. ഗാന രംഗങ്ങളും ആവശ്യത്തിലേറെ ബോറാക്കിയിട്ടുണ്ട്. ( പിച്ചവെച്ച നാള്‍മുതല്‍...എന്ന ആദ്യ ഗാനത്തില്‍ നായകന്‍ ഫ്രൂട്ട്സ് വില്‍പ്പനക്കാരനാണോ എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പഴയ ന്യൂസ് പേപ്പറുകള്‍ ഒട്ടിച്ചുവെച്ച വഞ്ചിയില്‍ കുറേ പഴ വര്‍ഗ്ഗങ്ങള്‍ നിരത്തിവെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ചിരിച്ചുപൊയി)

ആകര്‍ഷകമായ പോസ്റ്റര്‍ ഡിസെനിങ്ങും ദീപന്‍ എന്ന (ഷാജി കൈലാസിന്റെ പഴയ അസോസിയേറ്റ്) പുതുമുഖ സംവിധായകനുമായിരുന്നു എന്റെ പ്രലോഭനം പക്ഷെ, ദീപന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അസോസിയേറ്റ് ചെയ്യാനുണ്ട്. എന്നിട്ടെ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാനാവു എന്ന് ഈ സിനിമ തെളിയിക്കുന്നു.

Thursday, July 30, 2009

നാടോടികള്‍ : മലയാളി കണ്ടിരിക്കേണ്ട തമിഴ് ചിത്രം




















നിലവിലുള്ള ഫോര്‍മാറ്റുകളെ തകര്‍ത്തുകൊണ്ട് (പഴയതോ പുതിയതോ) ആയ ഒരു വിഷയം അവതരിപ്പിക്കപ്പെടുമ്പൊള്‍ അതിന് ഒരു പുതുമ ഉണ്ടാകുന്നു. ഇത് തമിഴനോളം തിരിച്ചറിയുന്ന ഒരു സിനിമാപ്രവര്‍ത്തകര്‍ള്‍ ഇന്ത്യയില്‍ മറ്റില്ല എന്ന് വേണമെങ്കില്‍ പറയാം. കാരണം തമിഴന്‍ പത്തു പ്രണയ കഥകള്‍ പറയുമ്പോള്‍ പത്തും പത്തു തരത്തിലാകുന്നു. അവന് അത് പറയാനും എക്സിക്യ്യൂട്ട് ചെയ്യാനും നന്നായി അറിയാം. ടെക്നോളജിയെ ഇത്ര നന്നായി (ചിലര്‍ വളരെ മോശമായും) ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകള്‍ തെക്കനിന്ത്യയില്‍ മറ്റാരും ഇല്ല.

നാടോടികള്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും പുതുമയുള്ള വിഷയമൊന്നുമല്ല. പക്ഷെ സൌഹൃദത്തിന്റെ പ്രണയത്തിന്റെ വിവിധ തലങ്ങള്‍ വ്യത്യസ്ഥ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് സമുദ്രക്കനി പറയുമ്പോള്‍ അത് പുതുമയുള്ളതും വ്യത്യസ്ഥയുള്ളതുമായ ഒരു ചിത്രമാകുന്നു. സിനിമയില്‍ മലയാളി പരാജയപ്പെടുന്ന ഇടങ്ങളിലൊക്കെ തമിഴന്‍ വിജയിക്കുന്നത് പണം കൊണ്ടു മാത്രമല്ല അവന്റെ തലയില്‍ ആള്‍താമസം ഉള്ളതു കൊണ്ടാണ്.

സൌഹൃദത്തെ ഇത്ര ഊഷ്മളമായി എങ്ങിനെ ചിത്രീകരിക്കണം എന്നുള്ളത് മലയാളി ‘നാടോടികള്‍’ എന്ന സിനിമ കണ്ട് പഠിക്കണം. (പ്രത്യേകിച്ച് സിദ്ദിക്ക് ലാല്‍)

സുബ്രമണ്യപുരം സംവിധായകന്‍ ശശികുമാര്‍ നായകനാകുന്ന നാടോടികളില്‍ നായകനൊപ്പം നിരവധി കൂട്ടുകാരുണ്ട്. ഇവരുടെ സൌഹൃദം-ബന്ധം സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നത് ഫ്ലാഷ് ബാക്കില്‍ തോട്ട്പാലം കടക്കുമ്പോള്‍ അനിയനേയോ കുഞ്ഞിനേയൊ പണ്ട് രക്ഷിച്ചു അന്നുമുതല്‍ അവര്‍ പിരിയാത്ത കൂട്ടുകാരായി എന്ന ക്ലീഷേ മട്ടിലല്ല.

ഈ സിനിമയില്‍ അഭിനയിച്ചവരാരും തമിഴ് മെയിന്‍ സ്ട്രീമിലെ ആരുമല്ല. ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിച്ച പോപ്പുലര്‍ അല്ലാത്തവരും ആദ്യമായി കാമറയെ അഭീമുഖീകരിക്കുന്നവരും ആണ്. അവിടെയാണ് തമിഴന്റെ ആത്മവിശ്വാസം നമ്മള്‍ കാണുന്നത്. മലയാളിക്ക് ഇനിയൊരു 25 വര്‍ഷത്തേക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം. ഇതില്‍ അമാനുഷനായ നായകനോ നായികയോ വില്ലനോ ഇല്ല. എല്ലാവരും ജീവിതത്തിന്റെ കെട്ടുപാടുകളില്പെട്ട് മുന്നോട്ടു നീങ്ങുന്നവര്‍ മാത്രം. സാന്ദര്‍ഭികമായി അവരൊക്കെ നായക്ന്മാരോ വില്ലന്മാരോ ആകുന്നു. കണ്ടുമടുത്ത സിനിമാ മുഖങ്ങളോ ക്ലീഷേകളോ ഇതിലില്ല എന്നുള്ളതും ടിപ്പിക്കല്‍ സിനിമാഗാനങ്ങളും സംഘട്ടന രംഗങ്ങളും ഇല്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.

നാടോടികളുടെ എക്സിക്യൂഷന്‍ :
അതിനെപ്പറ്റിയാണ്‍ മലയാളി ഏറെ അത്ഭുതപ്പെടുക. ഓരോ ഷോട്ടും സീന്‍സും എത്ര വിദഗ്ദമായും, പുതുമയോടെയും ആണ്‍ സമുദ്രക്കനി ചിത്രീകരിച്ചിട്ടുള്ളത്. ടൈറ്റിത്സ് മുതലേ ഈ ഫ്രഷ് നെസ്സ് കാണാം. ഇപ്പോഴും കറൂപ്പിലോ നീലയിലോ വെളുത്ത വളരെ വലിയ അക്ഷരങ്ങളും അതിനിടയില്‍ ഒരു ചുവന്ന വരയുമില്ലാതെ മലയാളിക്ക് ഇപ്പോഴും ടൈറ്റില്‍ കാണിക്കാനറിയുമോ? സംശയമാണ്.
‘നാടോടികളു’ടെ ഇന്റര്‍വെല്ലിനു തൊട്ടുമുന്നുള്ള ആ ചേസിങ്ങ് സീന്‍ കണ്ടു നോക്കു., ഇത്ര ഭംഗിയായി അതിനെ എക്സിക്യൂട്ട് ചെയ്യാന്‍ മറ്റാര്‍കും കഴിയില്ല. എക്സ്ട്രീരിയര്‍ സീനുകളില്‍ ഇത്ര ക്രൌഡിനെ ഉപയോഗിച്ച് സംഘട്ടനം രംഗം ഒരുക്കിയിട്ടും അതില്‍ പാകപ്പിഴകളോ കണ്ടിന്യൂവിറ്റി പ്രോബ്ലമോ സംഭവിച്ചിട്ടില്ല എന്നതാണ് അതിന്റെ ക്രെഡിറ്റ്. നായകന്റെ കണ്ണിനു മീതെ ഗുണ്ടകളില്‍ നിന്നൊരുത്തന്‍ വാളുകൊണ്ടു വെട്ടുന്നതും നായകന്റെ കൂട്ടുകാരനെ ഓടിവന്ന് വലിയൊരു വടികൊണ്ട് ചെവിക്കു നേരെ ആഞ്ഞടിക്കുന്നതും (അതോടൊപ്പമുള്ള ബാഗ്രൌണ്ട് സ്കോര്‍ ശ്രദ്ധിക്കുക അതിനു ശേഷമുള്ള സീനുകളില്‍ അതിന്റെ കണ്ടിന്യൂവിറ്റിയും ശ്രദ്ധിക്കുക) എഫക്റ്റുകളും എക്സിക്യൂഷനും എങ്ങിനെ ഭംഗിയായി കൈകാര്യം ചെയ്യാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‍.

വ്യത്യസ്ഥമായ ലൊക്കേഷനുകള്‍, ഫ്രെയിമുകള്‍, അഭിനേതാക്കള്‍ അങ്ങിനെ പുതുമകളുടെ നീണ്ട നിരയുമായി നാടോടികള്‍ തമിഴകത്തും കേരളത്തിലും പ്രദര്‍ശന വിജയം നേടുമ്പോള്‍.. ലോജിക്കുകള്‍ ഏഴയലത്തു കടന്നു ചെല്ലാത്ത മുറപ്പെണ്ണൂ പ്രേമവും, മിമിക്രിതമാശകളും സൂപ്പര്‍ താര പരിവേഷവും കൊണ്ട് മലയാളി സിനിമയുടെ ശവക്കുഴി തോണ്ടുന്നു.

മലയാ‍ള സിനിമയിലെ എഴുത്തുകാരെയും സംവിധായകരേയും തമിഴിലെ കഴിവുള്ള സംവിധായകരുടെ അസിസ്റ്റന്‍സായി അടുത്ത രണ്ടുവര്‍ഷം (മിനിമം) ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ എനിക്കു തോന്നുന്നു മൂന്നു വര്‍ഷത്തിനുശേഷം മലയാളത്തില്‍ ചിലപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടായേക്കാം, അതും ചിലപ്പോള്‍ മാത്രം

പിന്‍ കുറിപ്പ് : നാടോടികളിലെ നായകന്റെ സഹോദരിയായി അഭിനയിക്കുന്ന ഒരു നടിയുണ്ട്. പേര്‍ ‘അഭിനയ’. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കണ്ണാടിയിലാണ് ആ കുട്ടിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഊമയായ പെണ്‍കുട്ടിയാണത്രെ!!. സിനിമയില്‍ പക്ഷെ ഊമയായിട്ടല്ല, സംഭാഷണങ്ങള്‍ പറയുന്ന ഒരു കഥാപാത്രമായിട്ട്. !!! സിനിമയിലെ അഭിനയത്തില്‍ ‘അഭിനയ്’ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അത്ര അപാ‍രമായ പെര്‍ഫോമന്‍സ്. ഒരു ഊമയായ പെണ്‍കുട്ടിയെ നായികക്കൊപ്പമുള്ള കഥാപാത്രമായി കൊടുക്കാന്‍ കഴിഞ്ഞ തമിഴന്റെ ചങ്കുറപ്പ് മലയാളത്തിലെ ഏത് സംവിധായകനു സാധിക്കും, ഇപ്പോഴല്ല അടുത്ത 25 വര്‍ഷത്തിനുള്ളിലെങ്കിലും??

Thursday, May 14, 2009

കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍

ബ്ലോഗ് നമുക്കെല്ലാവര്‍ക്കും തുറന്നു തന്ന സ്വാതന്ത്ര്യം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. മനസ്സിലുള്ളിലെ ഭാവനയും നോവും അക്ഷരങ്ങളിലൂടെ പിറക്കുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ അനുഭവിച്ചറിഞ്ഞതുമാണ്. എങ്കിലും ഈ സ്വാതന്ത്ര്യം പകര്‍ന്നു തന്നത് അനുഭവിക്കേണ്ടി വരുന്ന വായക്കാരുടെ ഭാഗ്യവും നിര്‍ഭാഗ്യവും കൂടി പറഞ്ഞറിയിക്കാന്‍ വയ്യ.

വിശാലമനസ്കന്‍ തുടങ്ങിവെച്ച(അല്ലെങ്കില്‍ ഹിറ്റാക്കിയ) നര്‍മ്മം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പുകളുടെ നിരവധി അനുകരണങ്ങള്‍ ബ്ലോഗിലുണ്ടായി, ഇപ്പോഴും ഉണ്ടാകുന്നു. അതില്‍ തെറ്റൊന്നുമില്ല. എഴുതാന്‍ അറിയുന്നവന് എഴുത്തിന്റെ ഏതുമേഖലയിലും തന്റെ കയ്യൊപ്പു ചാര്‍ത്താനാവും. പ്രതിഭാ ശൂന്യനായൊരാള്‍ കാലത്തിന്റെ പിറകിലേക്കു പോകും. അതിന്റെ ഉദാഹരണമാണ് പുലി പോലെ വന്ന് എലിപോലുമാകാതെ ബ്ലോഗ് ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു പോയ പല ബ്ലോഗുകളും ബ്ലോഗര്‍മാരും.

പറഞ്ഞു വന്നത്, ബ്ലോഗിലെ കവികളെക്കുറിച്ചും കവിതകളെകുറിച്ചുമാണ്. കവിത എഴുതാന്‍ തോന്നുന്നതും എഴുതുന്നതും തെറ്റല്ല. പക്ഷെ അതൊരാവര്‍ത്തിപോലും വായിക്കാതെ വായനക്കാരന്റെ മുന്‍പില്‍ ശര്‍ദ്ദിച്ചു വെക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. വൃത്തവും അലങ്കാരവുമൊക്കെ അവിടെ നിക്കട്ടെ, പക്ഷെ ഒരൊറ്റ കവിതപോലും വായിക്കാതെ, ഒരു കവിയുടെ പേരു പോലും ഓര്‍മ്മയിലില്ലാതെ, പദസമ്പത്തോ പദഘടനയോ ഭാവനയോ പോലുമില്ലാതെ ‘വായില്‍ വരുന്നത് കോതക്ക് പാട്ട്’ എന്ന മട്ടില്‍ ബ്ലോഗ് പേജുകളില്‍ ചര്‍ദ്ദിച്ചു വെക്കുന്ന അക്ഷരമലിനങ്ങളെ എങ്ങിനെയാണ് കവിത എന്നു വിളിക്കുന്നത്? മാത്രമല്ല. ‘ഞാനിതാ ഒരു മഹത്തായ കവിത എഴുതി, വന്നു വായിച്ചു കോള്‍മയിര്‍ കൊള്ളൂവിന്‍ അഭിപ്രായപ്പെടുവിന്‍’ എന്ന മട്ടില്‍ ബ്ലോഗിലും മെയിലിലും ഓര്‍ക്കുട്ടിലുമൊക്കെ പരസ്യം ചെയ്യുന്നവര്‍; തന്റെ കവിത വായിക്കാന്‍ വരുന്നുവര്‍ കവിതാ വായനയുള്ളവരായിരിക്കും എന്ന ഒരു സാമാന്യ ബുദ്ധി പോലും ഇല്ലാത്തവരാകുന്നതെന്ത്?

അടുത്തിടെയാണ് ഒരു ബ്ലോഗു കവിയുടെ ‘മഹത്തായ’ കവിതകള്‍ വായിക്കാനിടയായത്. എല്ലാദിവസവും ഓരോ കവിത എന്നമട്ടില്‍ പടച്ചുവിട്ടിരിക്കുന്ന ആ അക്ഷര തോന്ന്യാസം വായനക്കാരന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്നതാണ്. ഒരു ഉദാഹരണം തരാം. കവി പ്രണയത്തെകുറിച്ച് പറഞ്ഞതിങ്ങനെ :
പ്രകൃതി പ്രണയമാണ്
പ്രണയം പ്രയത്നമാണ്
പ്രയത്നം പ്രതീക്ഷയാണ്
പ്രതീക്ഷ പ്രശ്ന പരിഹാരമാണ്

പ്രണയം പ്രഹ്ലാദമാണ്
പ്രഹ്ലാദം പ്രസരിപ്പാണ്
പ്രസരിപ്പ് പ്രവേശമാണ്
പ്രവേശം പ്രത്യക്ഷമാണ്


ഇനി നിങ്ങള്‍ പറയൂ.. ഇതിനെ എന്ത് പേര്‍ വിളിക്കും. ‘പ്ര’ എന്ന ഒരു വാക്കു വെച്ചു കവി(?) കാണിച്ച സര്‍ക്കസ്സിനപ്പുറം ഇതെന്താണ്? പ്ര-യില്‍ തുടങ്ങുന്ന സകലമാന വാക്കുകളും പിന്നെ തന്റെ വക കുറച്ചു ‘പ്ര’കളും കൂട്ടിച്ചേര്‍ത്ത് കവി എഴുതിയ സാഹസമാണത്. അതുപോലെ ഈ കവിയുടെ നിശാഗന്ധി എന്ന പുതിയ കവിതയിലെ

“"ആരെയും കവരും നിന്‍ പാല്‍
പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ "

എന്ന വരികള്‍ നോക്കു. പുഞ്ചിരി പാല്‍ സമാനമെന്നു ആദ്യമേ കവി പറഞ്ഞു വെച്ചിട്ടുണ്ട്. അതോടൊപ്പം അതു കടഞ്ഞ വെണ്ണപോലെ എന്നും :) അര്‍ത്ഥം ആലോചിച്ചാല്‍ ‘ പാല്‍ പോലെ വെളുത്തതും ശുദ്ധവുമായ നിന്റെ പുഞ്ചിരി കടഞ്ഞ വെണ്ണ പോലെ യാണ്” (ജഗദീഷ് ഒരു സിനിമയില്‍ പറയുന്നതു പോലെ ‘അങ്ങിനെ ചെയ്യുന്നതിനേക്കാള്‍ നല്ലതാണല്ലോ അങ്ങിനെ ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ....“ ) മാത്രമല്ല എന്റെ പരിചയത്തില്‍ വെണ്ണയെ ആരും കടഞ്ഞതായി കേട്ടിട്ടില്ല. തൈര് ആണ് കടയുക. തൈര്‍ കടയുന്നതില്‍ നിന്നും കിട്ടുന്നതാണ് വെണ്ണ.

ഈ കവിതാ(?) ബ്ലൊഗില്‍ കവിത എന്ന ലേബലില്‍ എഴുതിവെച്ചതൊക്കെ ശുദ്ധ അസംബന്ധങ്ങളാണെന്ന് വിനീതമായി പറയേണ്ടി വരുന്നു. ഈ കവിയുടെ ഒരു കവിതാ പോസ്റ്റില്‍ ഞാനൊരിക്കല്‍ ഒരു കമന്റിട്ടിരുന്നു. നല്ല ഭാഷയില്‍. പക്ഷെ പതിനഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ ആ കമന്റ് അപ്രത്യക്ഷമായി :) വീണ്ടും ആ കമന്റ് ഞാന്‍ ആവര്‍ത്തിച്ചു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അതും അപ്രത്യക്ഷമായി. ഇതില്‍ നിന്നും എനിക്കു മനസ്സിലായത് ഈ സ്വയം പ്രഖ്യാപിത കവികള്‍ ആരുടേയും വിമര്‍ശനമോ നിരൂപണമോ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. ഞാനെഴുതിയത് അതി മഹത്തരമായ കവിതയാണെന്ന അഹന്തയും ഞാന്‍ വിമര്‍ശനത്തിനതീതനാണെന്നും എനിക്ക് വേണ്ടത് എന്റെ കവിതയെ വാനോളം പുകള്‍ത്തുന്ന പൊങ്ങച്ച കമന്റുകളാണെന്നുമാണ്.

ഈ കവിയുടെ കവിതാ വായനയും, ബ്ലോഗ് വായനയും, അഭിപ്രായ പ്രകടനവും കാണാന്‍ ബ്ലോഗില്‍ മറ്റു കവിതാ ബ്ലോഗിലൂടെ ഞാനൊരു ഓട്ട പ്രദക്ഷിണം നടത്തി. നിരാശയായിരുന്നു ഫലം. ബ്ലോഗിലെ ഒരു കവിതാബ്ലോഗിലും, കവിതാ പോസ്റ്റിലും ഈ മഹാ കവി ഒരൊറ്റ കമന്റു പോലും ഇട്ടിട്ടില്ല. ഒരാളോടും ഒരു സംശയം ചോദിച്ചിട്ടില്ല.

കൂടുതലേറെ പറയാനില്ല. എഴുത്തല്ല മറിച്ച് വായനയാണ് നമ്മളിലെ എഴുത്തിനെ കൂടുതല്‍ വളര്‍ത്തുന്നത്. നിരന്തരമായ വായനയും നിരന്തരമായ നിരീക്ഷണവും നല്ല കവിതകളെ സൃഷ്ടിക്കാന്‍ നമുക്ക് പ്രചോദനം നല്‍കും. അല്ലാതെ പൊട്ടക്കിണറ്റിലെ തവളയെപോലെ, താനിരിക്കുന്നത് കവിതയുടെ മഹാ സ്വര്‍ഗ്ഗത്തിലാണെന്നും താനൊരു മഹാകവിയാണെന്നും കരുതുന്നത് മൌഢ്യമായിരിക്കും എന്നുകൂടി വിനീതമായി പറഞ്ഞോട്ടെ.

മഹാ കവിയുടെ മഹാ കവിതാ ബ്ലോഗ് ഇതാ ഇവിടെ..

കവിത വായിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു ചെറുനാരങ്ങ കയ്യില്‍ കരുതുന്നതു നന്നായിരിക്കും. ചര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സി വന്നാല്‍ ഒന്നു മണപ്പിക്കാമല്ലോ :)

Tuesday, March 17, 2009

പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥി?

എന്നത് എനിക്കെത്രയും ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. മുട്ടിനു മുട്ടിനു പുട്ടിനു പീരയെന്നപോലെ മതേതരത്വവും മത സൌഹാര്‍ദ്ദവും പറയുന്നവരും (പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകുമോ ആവോ?) പൊന്നാനിയിലെ സീറ്റിനു വേണ്ടി മതഭക്തനും, വിശ്വാസിയും, മത ചിഹ്നങ്ങള്‍ ധരിച്ചവനും സര്‍വ്വോപരി അടിമുടി മുസ്ലീമായ ഒരു വ്യക്തിയെ തേടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ഇടതനും വലതനും അതില്‍ വിത്യാസമില്ല. മലപ്പുറത്തിന്റെ മലക്കിപ്പുറം മതി മതേതരത്വം എന്നാവും വിപ്ലവപ്പാര്‍ട്ടികളുടെയും അതില്ലാത്തവരുടേയും നിലപാടുകള്‍. അല്ലെങ്കിലും തിരഞ്ഞെടൂപ്പിലെന്ത് മതേതരത്വവും മത സൌഹാര്‍ദ്ദവും പാര്‍ട്ടി പ്രത്യയശാസ്ത്രവും വിപ്ലവവും?

രാഷ്ട്രീയത്തിലേയും പാര്‍ട്ടിയിലേയും ചക്കളാത്തിപോരാട്ടങ്ങളേ കണ്ട് മടുത്ത്, ഭരണം പത്തായത്തിനുള്ളിലാക്കി മൂടിയിട്ട്, അഴിമതിയേയും സ്വജനപക്ഷപാതത്തേയും തുറന്നുവിട്ടത് കണ്ടിട്ട്, ഇനിയൊരു പ്രതീക്ഷക്കു വകയില്ല എന്നു കരുതുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ, (കേരളത്തിലെ വോട്ടിങ്ങ് ശതമാനം അങ്ങോ‍ട്ടൊ ഇങ്ങോട്ടോ ആയി നിര്‍വ്വചിക്കുന്ന, ഇടതനേയോ വലതനേയോ ഭരിക്കാനവസരം കൊടുക്കുന്ന) പാര്‍ട്ടി പ്രത്യയശാസ്ത്രം പേറാത്ത, പാര്‍ട്ടി നേതാക്കളെ സമൂലം ന്യായികരിക്കാത്ത ദരിദ്ര നാരായണന്മാരെ നമുക്ക് നിക്ഷ്പക്ഷമതികള്‍ എന്നു വിളിക്കാം പക്ഷെ പാര്‍ട്ടി നിലപാടില്‍, കാഴ്ചപ്പാടില്‍ അതുമല്ലെങ്കില്‍ രാഷ്ടീയക്കാരന്റെ കണ്ണില്‍ അവര്‍ അവസരവാദികളാണ്. അരാഷ്ടീയരാണ്, ചെറ്റകളാണ്. കാരണം അവരാണല്ലോ കേരളത്തിന്റെ തിരഞ്ഞെടുപ്പിന്റെ പ്രധാന ഭാഗധേയം നിശ്ചയിക്കുന്നത്.

പറഞ്ഞു വന്നത്, പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥി? മുസ്ലീം ഭൂരിപക്ഷ മണ്ഡലമെന്നോ മുസ്ലീം ജനവാസം കൂടുതലെന്നോ പറയുമായിരിക്കും. കണ്ണില്‍ പൊടിയിടാന്‍ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനെന്നോ അവരുടെ സര്‍വ്വവിധ സംരക്ഷണത്തിനെന്നോ പറയുമായിരിക്കും. അപ്പോള്‍ 41 ശതമാനം ഹിന്ദുക്കളുള്ള പൊന്നാനിയില്‍ അവരെ ആരു സംരക്ഷിക്കും എന്നു ഹിന്ദുക്കള്‍ ചോദിക്കുമായിരിക്കും. കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളെപ്പോലെ നാളെ ഹിന്ദുക്കളും അമ്പലചാരികളാവുകയോ പൂജാരിയോ പുരോഹിതനോ അവരുടെ തീരുമാനങ്ങളെ നിര്‍ണ്ണയിക്കുകയാണെങ്കില്‍ മറ്റു സമുദായങ്ങളെപ്പോലെ ഹിന്ദുക്കളും സംഘടിതമാകുമെങ്കില്‍ അവര്‍ക്കും ഒരു സ്ഥാനാര്‍ത്ഥിയെ നോക്കേണ്ടി വരില്ലേ ?

രണ്ടത്താണിയോ ഹുസൈനോ പറ്റില്ലെങ്കില്‍ സര്‍വ്വ സമ്മതന്‍ - സ്വതന്ത്രന്‍. അതാര്? സംവിധായകന്‍ കമല്‍. കാരണം?? എന്തുകൊണ്ട് മറ്റു സംവിധായകരായില്ല?? ഒന്നു ചുഴിഞ്ഞു നോക്കു സാര്‍? എന്തെങ്കിലും അരുതാത്തത് കാണുന്നുണ്ടോ? എന്തോ ചീഞ്ഞു നാറുന്നുണ്ടോ?

തിരുവനന്തപുരം ജില്ലയില്‍ നാടാരോ നായരോ അല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍, എറണാകുളത്ത് സഭയോട് ബന്ധമില്ലാത്ത, ലത്തീന്‍ സമുദായക്കാരനല്ലാത്ത, മലപ്പുറത്ത് മുസ്ലീമല്ലാത്ത, തൃശ്ശൂര്‍ ഈഴവനോ ക്രിസ്ത്യാനിയോ അല്ലാത്ത, ഒരു മതേതരക്കാരനേയോ, അവിശ്വാസിയേയോ, നിരീശ്വരവാദിയേയോ, മതചിഹ്നങ്ങള്‍ പേറത്താവനേയോ ഇവരെയൊക്കെ ഈ തിരഞ്ഞെടൂപ്പില്‍ മത്സരിപ്പിക്കാന്‍ എന്നാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നട്ടെല്ല് ഉണ്ടാവുക. നട്ടെല്ലെന്നു പറഞ്ഞാല്‍ ഇന്നുള്ള രാഷ്ടീയക്കാര്‍ക്കുള്ള പ്ലാസ്റ്റിക്കിന്റെ പിവിസി പൈപ്പ് അല്ല. നടൂ വളയാത്ത നല്ല നട്ടെല്ല്.

പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.


വാല്‍ക്കഷ്ണം : പണ്ട് ഒരു തെരഞ്ഞെടുപ്പില്‍ ‘വര്‍ഗ്ഗീയ വാദികളുടെ വോട്ട് ഞങ്ങള്‍ക്കു വേണ്ട’ എന്ന് സധൈര്യം നെഞ്ചൂറ്റത്തോടെ പറയാന്‍ നമുക്കൊരു ഇ.എം.എസ് ഉണ്ടായിരുന്നു. ഇന്ന്......?

Thursday, February 19, 2009

മഞ്ഞുകാലം കഴിഞ്ഞ് ശിശിരത്തിലേക്ക്...

ചെടിത്തുമ്പിലിരുന്ന ഒരു ലേഡി ബഗ്ഗിന്റെ ഫോട്ടെയെടുത്ത് വിഷ്ണു തിരിഞ്ഞു നോക്കി.

സ്മിതയപ്പോള്‍ ദൂരെ മഞ്ഞുപൊഴിയുന്ന താഴ്വരയെ നോക്കിയിരിക്കുകയായിരുന്നു. ചുറ്റിനും റബ്ബര്‍ മരങ്ങള്‍ ആ താഴ്വരയെ ചൂഴ്ന്നു നിന്നിരുന്നു. താഴെ കരിയിലകളുടെമര്‍മ്മരം.

“നോക്കു സ്മിതാ.. മാക്രോമോഡില്‍ ഞാനെടുത്ത ഈ ജീവിയുടെ പേരെന്താണ്?” വിഷ്ണു സ്മിതയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

കാമറയുടെ എല്‍ സി ഡി മോനിറ്ററില്‍ നോക്കി സ്മിത പറഞ്ഞു. “എന്റെ തൊടിയിലും ഈ പ്രാണി വരാറുണ്ടായിരുന്നു. പക്ഷേ പേരറിയില്ല. നമുക്കിത് നിന്റെ ഫോട്ടോ വെബ് സൈറ്റില്‍ പബ്ലിഷ് ചെയ്യാം. കാണുന്നവര്‍ പറയാതിരിക്കില്ലല്ലോ?!” താഴ്വരയുടെ ദൂരെ മിന്നാമിനുങ്ങുകളെ നോക്കി സ്മിത വീണ്ടും പറഞ്ഞു “ പണ്ട് നാട്ടില്‍ മഞ്ഞുപെയ്യുന്ന നാളുകളിലാണ്‍ ഇത് വരാറുണ്ടായിരുന്നത്; മഞ്ഞുകാലത്ത്”

വിഷ്ണു കാമറ മടക്കി ബാഗില്‍ വെച്ച് അവളുടെ അരികില്‍ ഇരുന്നു. അവളുടെ കൈത്തലം ഗ്രഹിച്ചു

“നിന്റെ വിരലുകള്‍ എന്ത് ഭംഗിയായിരുന്നു. പക്ഷെ ഇപ്പോള്‍ രാത്രിയും പകലും കീബോര്‍ഡുകളെ തല്ലിയൊതുക്കി അതിന്റെ ഭംഗിയത്രയും നഷ്ടപ്പെട്ടിരിക്കുന്നു”

സ്മിത ഒന്നും മിണ്ടിയില്ല. മഞ്ഞുകൊണ്ടുവന്ന തണുപ്പിനെ ആസ്വദിച്ച് ഇരുന്നു. അല്പ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു :

“വിഷ്ണു നീയ്യെന്നെ സ്നേഹിക്കുന്നുണ്ടോ?”

വിഷ്ണു അവിശ്വസനീയതയോടെ അവളെ നോക്കി പറഞ്ഞു : “ നീയെന്താ അങ്ങിനെ പറയുന്നത്? ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം മഞ്ഞുകാലവും കഴിഞ്ഞു ശിശീരം പിറക്കുന്ന അടുത്ത രാവുകളിലൊന്നില്‍ ഞാന്‍ നിന്റെ കഴുത്തില്‍ താലി ചേര്‍ക്കാന്‍ പോവുന്ന ഈ സമയത്ത്...”

“വിഷ്ണു..എനിക്ക് നിന്റെ സ്നേഹം വീശിയടിക്കുന്ന കാറ്റു പോലെയാവണം. എല്ലത്തിനേയും പറപ്പിച്ച് ചെറുമരങ്ങളെ പുഴക്കിയെറിയുന്ന കാറ്റു പോലെയാവണം.......

നിന്റെ സ്നേഹം താഴ്വാരത്തെ പുതയുന്ന മഞ്ഞുപോലെയാവണം.. പതിയെ പതിയെ നേര്‍ത്തിറങ്ങി താഴ്വാരം മുഴുവന്‍ പുതപ്പിക്കുന്ന ധവളിമയാര്‍ന്ന മഞ്ഞുപോലെ..”

“തീര്‍ച്ചയായും സ്മിത... പഴയ കര്ണ്ണാടകത്തിലെ കുഗ്രാമം വിട്ട് ഞാന്‍ ഈ ഗ്രാമത്തില്‍ വന്നതുപോലും നിന്നെ കണ്ടുമുട്ടാനാണോ എന്നുപോലും തോന്നുന്നു. കാപ്പികുരുക്കള്‍ പൊട്ടുന്ന അതിന്റെ ഗന്ധം വമിക്കുന്ന ഈ താഴ്വാരത്തില്‍ നിന്നെ കണ്ടില്ലായിരുന്നെങ്കില്‍.....”

വിഷ്ണു ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. ഈ താഴ്വാരവും, മഞ്ഞുകാലവും, കാപ്പി ചെടികളുടെ ഗന്ധവും അവന്‍ പ്രിയപ്പെട്ടതായിരുന്നു. അതിനിടയിലാണ്‍ നേര്‍ത്ത പാദസ്പര്‍ശത്തൊടെ, അവള്‍ കടന്നു വന്നത്. രാവും പകലും കമ്പ്യൂട്ടറിനോട് മല്ലിട്ട് പുസ്തകങ്ങളിലെ അക്ഷരങ്ങളേ പ്രണയിച്ച്, വിശ്വാസത്തിന്റെ ചന്ദനത്തിരി പുകച്ച് അവള്‍ വന്നത്..

പണ്ടൊക്കെ അവള്‍ ആത്മീയതില്‍ അഭയം കണ്ടെത്തിരുന്നു. വിശ്വാസങ്ങളെ തകിടം മറിച്ച് ഒരു പ്രണയവും വിവാഹവും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അപ്രതീക്ഷിതമായി വിഷ്ണുവിന്റെ സാമീപ്യം അവളെ വല്ലാതെ മാറ്റി മറീച്ചു. അവന്റെ നിഷ്കളങ്കത്വവും തുറന്ന സമീപനവും അതിവേഗത്തില്‍ ബൈക്കില്‍ ചീറീപ്പായുന്ന അവന്റെ സാഹസികതയും പഴയ പാട്ടുകളോടുള്ള ഇഷ്ടവും പിന്നെ സംസാരത്തിലെപ്പോഴും കടന്നു വരാറുള്ള അവന്റെ ഗ്രാമത്തെകുറിച്ചുള്ള ഗൃഹാതുരത്വവും അവളെ അവനിലേക്ക് അടുപ്പിച്ചു.

“നീയിനി എന്നാണ്‍ ഈ ഫോട്ടോയെടുപ്പ് മതിയാക്കുന്നത്? ഒരു ഫോട്ടോഗ്രാഫറാകാനാണോ നിന്റെ ഭാവി പരിപാടീ?” നിശ്ശബ്ദതയെ മുറിച്ച് അവള്‍ ഒരു ചോദ്യമെറിഞ്ഞു.

“നോക്കു സ്മിതാ, ഞാനൊരു ഫോട്ടോഗ്രാഫറല്ല..എന്റെ അത്തരം കഴിവുകളുമല്ല ഞാന്‍ നിന്നൊട് പറയുന്നതും പങ്കുവെക്കുന്നതും. പക്ഷെ ഇതെനിക്കിഷ്ടമാണ്. ഇത് നിന്നു പോകുന്നിടത്തോളം” അവന്‍ പറഞ്ഞു നിര്‍ത്തി.

താഴ്വാരത്തില്‍ ഇരുള്‍ നിറയുവോളം അവര്‍ സംസാരിച്ചിരുന്നു.വെളിച്ചത്തിന്റെ അവസാന കണികയും ചോര്‍ന്നു പോകും മുന്‍പ് ഇരുട്ട് താഴ്വാരത്തെ തല്ലികെടുത്തും മുന്‍പ് അവിടെ നിന്ന് പോകണമെന്ന് അവള്‍ ആഗ്രഹിച്ചു.

അവന്റെ ശബ്ദമാണ്‍ അവളെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു. ഓര്‍മ്മകളില്‍ മുങ്ങിയ തന്റെ മുഖത്ത് കണ്ണീരിന്റെ നനവ് പടര്‍ന്നത് അവള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു.

അവന്‍ പറഞ്ഞു ; “ ചിറകുകളില്ലാതെ പറക്കുന്ന നിന്നെയാണ്‌ എനികിഷ്ടം. നമ്മുടെ വഴികളില്‍ വസന്തം വിരിഞ്ഞ് താഴ്‌വരയാകെ പൂത്തു നില്‍ക്കും ഉണങ്ങിയ മരങ്ങള്‍ പൂത്ത വഴികള്‍. പിന്നീട് വിവാഹ ശേഷം ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കണം. അന്ന്...അന്ന് എല്ലാ ദു:ഖങ്ങളെല്ലാംനീ മറക്കും...നമ്മള്‍ മറക്കും.“

സ്മിത വിഷ്ണുവിനോട് ചേര്‍ന്ന് നിന്നു. അവനു പ്രിയപ്പെട്ട മഞ്ഞുകാലം അവസാനിക്കാറാകുന്നു. ഇല പൊഴിയുന്ന ശിശിരത്തിന്റെ ആഗമനമാകുന്നു. ദിനങ്ങള്‍ കഴിയവെ താന്‍ മറ്റൊരാളാകുന്ന് ഒരു ജീവിതത്തിന്റെ മറു പാതിയാകുമെന്ന ആ സത്യം അവളെ സന്തോഷത്തിലാക്കി.

വിഷ്നുവും സ്മിതയും പതിയെ എഴുന്നേറ്റു. താഴ്വാരം മഞ്ഞു വിഴുങ്ങി. അവസാനിക്കാറാവുന്ന മഞ്ഞുകാലം. അതിനെ അവസാന ദിനങ്ങള്‍. കാമറ തോളിലിട്ട് വിഷ്ണു സ്മിതയേ തന്നോട് ചേര്‍ത്ത് പതിയെ നടന്നു തുടങ്ങി. കാര്‍മേഘങ്ങൊഴിഞ്ഞ സ്മിതയുടെ മനസ്സിലപ്പോള്‍ പൂക്കള്‍ വിരിയുകയായിരുന്നു. ഇലകൊഴിഞ്ഞ് ചില്ലയുയര്‍ത്തിനിന്ന ജീവിതത്തിലേക്ക് പടര്‍ന്നു കയറുന്ന ജീവിതപൂക്കള്‍.

അവര്‍ പതിയെ നടന്നു. റബ്ബര്‍ മരങ്ങള്‍ പൊഴിച്ച കരിയിലകളുടെ മര്‍മ്മരങ്ങളുടെ താളം ശ്രവിച്ച് മഞ്ഞുപാളികകളെ വകഞ്ഞ് റബ്ബര്‍ മരങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന പൊട്ടൂ പോലെയുള്ള വെളിച്ചത്തിലേക്ക്.

സ്മിതയുടെ മനസ്സിലപ്പോള്‍ പൂത്ത കശുമാവിന്‍ പൂക്കളുടെ ഗന്ധം ഉണ്ടായിരുന്നില്ല. പകരം തികഞ്ഞ, തെളിഞ്ഞ സ്നേഹത്തിന്റെ നീരുറവ മാത്രം.

മഞ്ഞുകാലം അവസാനിക്കാറായ ആ ഋതുവിന്റെ അവസാന ദിനങ്ങളിലൊന്നിലെ സാന്ധ്യയില്‍ കൊഴിഞ്ഞടരാന്‍ തുടങ്ങുന്ന അസ്തമയത്തിന്റെ അവസാന ചുവപ്പ് പൊട്ടിലേക്ക് അവര്‍ രണ്ടുപേരും കൈകോര്‍ത്ത് നടന്നു.

Friday, January 16, 2009

ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്ര?

കുറേക്കാലത്തെ ബ്ലോഗ്ഗ് വായനകൊണ്ട് തഴക്കം വന്ന ഒരു വാചകമാണ് ‘പോസ്റ്റിന്റെ നീളം കൂടീപ്പോയി’ എന്നത്. സത്യത്തില്‍ എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ലാത്ത് ഒരു കണക്കാണ് പോസ്റ്റ് നീളം. എത്രയാണത്? എത്ര വേണ്ടി വരും? എവിടം വച്ച് പോസ്റ്റ് നിര്‍ത്താം? എന്നതിനെക്കുറീച്ചൊന്നും പക്ഷേ ആരും ഇതുവരെ പറഞ്ഞിട്ടില്ല താനും

അപ്പോള്‍ ബ്ലോഗ് പോസ്റ്റിന് ഒരു വ്യക്തമായ, കൃത്യമായ, ശരിയായ അളവുകോലുകളുണ്ടോ?

ഇതിനെപറ്റി ഏറെ ആലോചിച്ചപ്പോള്‍ , ബ്ലോഗില്‍ വീഴുന്ന ഇത്തരം കമന്റുകളുള്ള പോസ്റ്റുകള്‍ വായിച്ചപ്പോള്‍, എന്താണ്‍ വായനക്കാര്‍ ഇത്തരത്തലുള്ള ഒരു ന്യൂനത(?) ആവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ചപ്പോള്‍ കിട്ടിയ വസ്തുത രസാവഹമായിരുന്നു

ശൈശവ ദശ പിന്നിട്ടിട്ടില്ലാത്ത ബ്ലോഗ്/ബ്ലോഗ് വായന ഇപ്പോഴും പ്രിന്റ് മീഡിയയുടെ വായനാവളര്‍ച്ചയില്‍ നിന്നും ഏറെ പിറകിലാണ്. അതിനു കാരണം, സമയദൌര്‍ലഭ്യം, വായനാ സാഹചര്യം, മാനസികാവസ്ഥ അതൊക്കെയാണ്. ഈയൊരു ചോദ്യമെന്താണ് പല ബ്ലോഗുകളിലും ആവര്‍ത്തിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് ബ്ലോഗുവായന ശീലമാക്കിയവരില്‍ നിന്നും കിട്ടിയ മറുപടീകള്‍ അനുസരിച്ച് എനിക്കു മനസ്സിലായത് : പലരും ബ്ലോഗുകള്‍ വായിക്കുന്നത് തന്റെ ഓഫീസിലിരുന്നു ജോലി സമയത്തു(മാത്ര)മാണെന്നാണ്. അതായത് ബോസ് ഒരു റൌണ്ട് അടിച്ച് തിരികെ തന്റെ കാബിനരികെവരുന്ന നേരം കൊണ്ട് ബ്ലോഗ് വായിച്ചു തീര്‍ക്കണം അതാണ്‍ ഡെഡ് ലൈന്‍. മാത്രമല്ല, ഒരു പുസ്തകം തിരഞ്ഞെടുത്ത് വായനയുടെ സുഖത്തിലൂടെ നൂഴ്ന്നിറങ്ങുന്ന (ഏകാന്തമായ) മാനസിക സുഖം ബ്ലോഗ് വായനക്കു ലഭിക്കുന്നില്ല. ഒരു ഓഫീസ് പരിസരത്തെ അലോസരങ്ങള്‍, ആളുകള്‍, മേധാവികള്‍ എന്നിങ്ങനെ പലതും ഒരു (ബ്ലോഗ്ഗ്) വായനയെ തടസ്സപ്പെടുത്തുന്നു. ഈ പരിമിതികളില്‍ നിന്ന് ഒരു പോസ്റ്റ് രസത്തോടെ, ആയാസരഹിതമായി വായിച്ചു ആസ്വദിച്ചു തീര്‍ക്കണമെങ്കില്‍ അത് തികച്ചും നുറുങ്ങ് പോസ്റ്റ് ആയിരിക്കണം. ( 5 ഓ അതിലധികമോ പാരഗ്രാഫുകള്‍ ഉണ്ടായിപ്പോയാല്‍ അതു നീളക്കൂടുതലായി എന്ന പരാതിയും കാണം!!)

അപ്പോള്‍ പറഞ്ഞു വന്നത് വായനക്കാരന്റെ പരിമിതികള്‍ക്കും, സാഹചര്യങ്ങള്‍ക്കും വേണ്ടി എഴുത്തുകാരന്‍ തന്റെ അനുഭവങ്ങള്‍ക്കും ഭാവനക്കും എഴുത്തിനും കത്തി വെക്കണമെന്നര്‍ത്ഥം. ഇല്ലെങ്കില്‍ ഫലം നാസ്തി! അതായത് വായക്കാരന്‍ എത്തില്ലെന്നര്‍ത്ഥം, അഭിപ്രായം പറയില്ലെന്നര്‍ത്ഥം, പറഞ്ഞാല്‍ തന്നെ അതിതായിരിക്കും “പോസ്റ്റിനു നീളം വളരെ കൂടുതലായിപ്പോയി”

സത്യത്തില്‍ ഇത് ആശാവഹമാണോ? വായനക്കാരന്റെ വായനാസൌകര്യത്തിനു വേണ്ടി എഴുത്തുകാരന്‍ തന്റെ അനുഭവകുറിപ്പുകളെ, ഭാവനയെ അളന്നു കുറികേണ്ടതുണ്ടോ? (ഒരു വായനക്കാരന്‍ പേജുകളുടെ എണ്ണം/പുസ്തകത്തിന്റെ കനം നോക്കിയാണോ പുസ്തകം വാങ്ങുന്നത്? പേജുകള്‍ കൂടുതലാണ് എന്നു പറഞ്ഞു ഏതെങ്കിലും വ്യക്തി ഇഷ്ടപ്പെട്ട പുസ്തകം വാങ്ങാതിരുന്നിട്ടുണ്ടൊ?)

അതുകൊണ്ടു തന്നെ മനോഹരവും ആസ്വാദ്യകരവുമായ ഒട്ടനേകം പോസ്റ്റുകള്‍ മലയാളം ബ്ലോഗില്‍ വായനക്കാരെത്താതെ അന്തിയുറങ്ങുന്നു. സ്ക്രോള്‍ ചെയ്ത് പോസ്റ്റിന്റെ വലിപ്പം നോക്കി കമന്റാന്‍ നടക്കുന്ന വായനക്കാരന്‍ അതുകൊണ്ട് തന്നെ നാലുവരിമാത്രമെഴുതിയ നിലവാരമില്ലാത്ത ബ്ലോഗ് പോസ്റ്റുകളില്‍ നിലനില്‍ക്കുന്നു.

ആരാണ് പോസ്റ്റുകള്‍ക്ക് നീളക്രമം വച്ചത്? അല്ലെങ്കില്‍ എന്താണതിന്റെ നീളം? എത്രവരെ ആകാം? നീളക്കുടുതല്‍ /കുറവ് ഓരോ വായനക്കാരന്റെയും മാനസിക ഘടന/വായനാ താല്‍പ്പര്യം എന്നതിനെയൊക്കെ അടിസ്ഥാനപ്പെട്ടിരിക്കേ പോസ്റ്റിന്‍ നീളക്കൂടുതല്‍ എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? (ബോസ്/മേധാവി തിരിച്ചു വരുമ്പോഴേക്കും വായിച്ചു തീര്‍ക്കാന്‍ പറ്റിയില്ല അതുകൊണ്ട് പോസ്റ്റിന് നീളക്കൂടുതല്‍ :) അതാവാം)

വായനക്കാരന്റെ ആവര്‍ത്തിച്ചുള്ള, അടിസ്ഥാനമില്ലാത്ത ഈ നീള പ്രസ്താവം പല നല്ല എഴുത്തുകാരനേയും സ്വാധീനിച്ചേക്കം, തടസ്സപ്പെടുത്തിയേക്കാം അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ നഷ്ടം ബ്ലോഗിനും നല്ല വായനക്കാരനുംകൂടിയാകും. കാരണം തന്റെ പോസ്റ്റുകള്‍ വായിക്കാന്‍ പോകുന്നത് ‘പോസ്റ്റ് സ്കെയില്‍’ കയ്യില്‍ കരുതിയ വായനക്കാരനാണ് എന്ന ബോധം എഴുത്തുകാരനെ തളര്‍ത്തിയേക്കാം.

അതുകൊണ്ട്,

നല്ല പോസ്റ്റുകള്‍ വരട്ടേ, നല്ല ഭാവനകള്‍, അനുഭവങ്ങള്‍ വരട്ടേ, നമുക്ക് വായിക്കാം, താല്‍പ്പര്യമില്ലെങ്കില്‍ അടച്ചു വെക്കുകയോ മറ്റൊന്നിലേക്ക് പോകുകയോ ആവാം, പക്ഷേ, കയ്യില്‍ പോസ്റ്റളവുകള്‍ അളക്കുന്ന സ്കെയിലുമായി എഴുത്തുകാരനേയും അവന്റെ സൃഷ്ടിയേയും സമീപിക്കാതിരിക്കുക.

എന്നാലും ഞാന്‍ ഒന്നുകൂടി ചോദിക്കട്ടെ, ‘ ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്രയാണ്?’