Thursday, September 16, 2010

ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ

ബ്ലോഗില്‍ ആദ്യ പോസ്റ്റിട്ടപ്പോള്‍ ലിങ്ക് എല്ലാവര്‍ക്കും ഞാന്‍ ഫോര്‍വേഡ് ചെയ്തു, കുറ്റം പറയരുത്, അമ്പത് കമന്‍റ്‌ കിട്ടി.അടുത്ത പോസ്റ്റിലും ലിങ്ക് ഫോര്‍വേര്‍ഡ് ചെയ്തു, കുറ്റം പറ്യരുത്, അമ്പത് ചീത്ത കിട്ടി.അമ്പത് പേരും പറഞ്ഞത് ഒരേ കാര്യം, മേലില്‍ ഇങ്ങനെ ലിങ്ക് അയക്കരുത്.

കാലം കടന്നു പോയി, എനിക്കും അത്യാവശ്യ വായനക്കാരായി.അങ്ങനെ സന്തോഷിച്ച് നില്‍ക്കുമ്പോഴാണ്‌ എനിക്കൊരു മെയില്‍ കിട്ടുന്നത്.അതിലെ ആവശ്യം സിംപിളായിരുന്നു, "ചേട്ടാ, എന്‍റെ കഥ ഒന്ന് നോക്കുക, ഒന്നു വിലയിരുത്തുക, പ്ലീസ്".
കഥ നോക്കി, വിലയിരുത്തി.സത്യസന്ധമായ അഭിപ്രായം അയച്ചു കൊടുത്തു.
"സുഹൃത്തേ, കഥ വിലയിരുത്താന്‍ ഞാന്‍ ആളല്ല.എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയുകയാണ്, അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.അതേ പോലെ കഥയില്‍ ഒരു ഒഴുക്ക് വരാനും ശ്രമിക്കണം"
അത് വായിച്ച് അവന്‍ തിരികെ മറുപടി ഇട്ടു..
"ഇങ്ങനെ അഭിപ്രായം പറയാന്‍ താന്‍ ആരുവാ?ഒന്നുങ്കില്‍ കിടിലം എന്ന് പറയണം അല്ലെങ്കില്‍ സൂപ്പര്‍ എന്ന് പറയണം,അല്ലാതെ തനിക്ക് വായില്‍ തോന്നിയ പറയാന്‍ വേറെ സ്ഥലം നോക്ക്"
ഞാന്‍ ആരായി?
ഇനി വേറൊരു റിക്വസ്റ്റ്.
"ഈ ലിങ്ക് ഒന്ന് നോക്കണേ"
നോക്കി, ഒരു കവിത ബ്ലോഗ്.തിരികെ മറുപടി അയച്ചു.
"കവിത വിലയിരുത്താന്‍ ഞാന്‍ ആളല്ല"
അഞ്ച് മിനിറ്റിനുള്ളില്‍ മറുപടി കിട്ടി:
"എന്നാല്‍ ഈ ലിങ്ക് നോക്കു, ഇത് എന്‍റെ കഥ ബ്ലോഗാണ്"
ഇപ്പോ ഞാന്‍ ആരായി?
അടുത്ത ലിങ്ക്.
"ഒരു ഫോട്ടോ ബ്ലോഗാണ്‌ നോക്കണം"
നോക്കി, സഹാറ മരുഭൂമിയുടെ പടം, ഹെഡിംഗ് : വെട്ടിത്തിളക്കുന്ന സൂര്യന്‍
കമന്‍റ്‌ ഇട്ടു : "മരുഭൂമിയുടെ മനോഹരദൃശ്യം"
മറുപടി വന്നു: "അയ്യോ ചേട്ടാ, ഇത് ഭാരതപ്പുഴയാ"
ഞാന്‍ ആരായി?

അപ്പോള്‍ പറഞ്ഞുവന്നതിന്റെ രത്നച്ചുരുക്കം ഇത്രയേയുള്ളു. ഇമ്മാതിരി റിക്വസ്റ്റ് മെയിലുകളുടെ അതിപ്രവാഹമാണ് ബ്ലോഗ് വായനക്കാരുടെ ഇന്‍ ബോക്സില്‍. പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ മെയില്‍ അയച്ച് സ്വന്തം ബ്ലോഗ് വായിക്കാന്‍ പറയുന്നത് മനസ്സിലാക്കാം. പക്ഷെ അപരിചിതര്‍ക്ക് അയക്കുന്ന മെയിലിലെ ടെക്സ്റ്റ് കണ്ടാല്‍ ആ മെയിലയച്ചവനെ അപ്പോള്‍ കിട്ടിയാല്‍ കൊങ്ങക്ക് പിടിക്കും എന്ന തോന്നലാണ്. ചില ഉദാഹരണങ്ങള്‍ കാണിക്കാം :
രണ്ടു ദിവസം മുന്‍പ് എന്റെ ഇന്‍ ബോക്സില്‍ വന്ന ഒരു മെയില്‍ ആണിത്.
“ലിങ്ക് ഒരു തവണ അയച്ചിരുന്നു.... വായിച്ചവര്‍ സദയം ക്ഷമിക്കുമല്ലോ.... പതിവായി എന്റെ ബ്ലോഗിലേക്ക് വരുന്നവര്‍ പോലും എത്തി നോക്കാത്തതുകൊണ്ടാണ് വീണ്ടും അയക്കുന്നത്..... നന്ദി (ലിങ്ക്) “

ഇന്നലെ വന്ന മറ്റൊന്ന് : “റമദാന്‍ മാസമായതോടെ അൽപ്പം തിരക്കായതിനാല്‍ നിങ്ങളുടെ പലരുടെയും ബ്ലോഗില്‍ വരാനോ പോസ്റ്റുകള്‍ വായിക്കാനോ സമയം കിട്ടിയിരുന്നില്ല. ഒഴിവിനനുസരിച്ച് എല്ലായിടത്തും ഞാന്‍ വരും എന്നറിയിച്ചുകൊണ്ട് എന്‍റെ പുതിയ പോസ്റ്റ് (ലിങ്ക്) “

മറ്റൊന്ന് : “ സുഹൃത്തെ... ആരും ഇതുവരെ പറയാത്ത രഹസ്യം.... അതും സ്വന്തം രാത്രിയെകുറിച്ച് . വായിച്ചു അഭിപ്രായം പറയുക. post : എന്‍റെ രാത്രി.“

ബ്ലോഗര്‍മാരെ.... നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവ്വിധം മെയിലയച്ചുകൊള്ളൂ. പക്ഷെ ഒരു പരിചയവുമില്ലാത്തവര്‍ക്ക് ഇമ്മാതിരി അയക്കല്ലേ...ഇതൊക്കെ കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല....
ഇങ്ങനെ മനുഷ്യരെ ഭ്രാന്താക്കാനായി ഒരു കൂട്ടം ലിങ്കുകള്‍ സ്വീകരിച്ച് കൊണ്ട് വായനക്കാരുടെ ദിവസങ്ങള്‍ ആരംഭിക്കുന്നു.ഒരു അപേക്ഷയുണ്ട്, വായന മരിക്കാതിരിക്കാനാണ്‌ നമ്മള്‍ ശ്രമിക്കേണ്ടത്, അല്ലാത് ഇങ്ങനെ ലിങ്ക് അയച്ച് വായനയെ കൊല്ലരുത്.

Monday, September 13, 2010

ഇളംകാറ്റിലാടുന്ന തേങ്ങാക്കുലകൾ

ന്താപ്പോ ഇങ്ങനൊരു സംശയം‌ ഉണ്ണ്യായരേ?

കാര്യണ്ട്ന്ന് കൂട്ടിക്കോളൂ ഹാജ്യാരേ..ങ്ങള് ചോദ്യച്ചേനു സമാധാനം പറ

അദ്പ്പോ ഇളം‌കാറ്റിൽ തേങ്ങാക്കുല ആടോ എന്നൊക്കെ വച്ചാ...ചെന്തെങ്ങിന്റെ കുല ആണേലാടുംന്നല്ലേ പ്രമാണം?

അല്ല, തെറ്റ്.. ഇളംകാറ്റിൽ തേങ്ങാക്കുല ആടും, നല്ല അസ്സലായിത്തന്നെ.

എയ്. അപ്പ് ങ്ങളല്ലേ ഇത്രകാലം‌ കാറ്റിൽ തേങ്ങാക്കുല ആടില്ലാന്നു പറഞ്ഞു നടന്നേ, ദെന്താപ്പോണ്ടായേ?

ബിര്യാണീന്ന് പറേണ സാധനം‌ കഴിച്ചട്ടുണ്ടോ ഹാജ്യാരേ ങ്ങള്? അതൊന്ന് കഴിക്കീൻ‌.. അതു കഴിച്ചപ്പഴല്ലേ നിക്ക് ബോധോധയം‌ ഉണ്ടായേ.

ഹല്ല, ഇന്നാളല്ലേ നിങ്ങടെ ഒരു വീൽച്ചെയറിലിരുന്നു പ്രസംഗിക്കണ ചങ്ങായി തേങ്ങാക്കുല കാറ്റിലാടില്ല എന്നു പറഞ്ഞെ..ആ നമ്മുടെ പ്രഷർ‌കുക്കറിന്റെപോലത്തെ പേരുള്ള ആളേ..സ്റ്റീഫൻ‌ ഫോക്കിങ്ങ്.. നിങ്ങടൊക്കെ നേതാവ്?

ഹാ, ദിതു കണ്ടാ ഹാജ്യാരേ..ഈ പൊതി എന്താന്നു വച്ചാ? ങ്ങ്ക്കറിയാലൊ ന്റെ മനസ്സ്. ഞാൻ‌ മാത്രം‌ നന്നായാ പോരാ, ലോകം‌ മുഴുവൻ നന്നാവണം‌..അതാന്റെ സ്വപ്നം.

സ്വപ്നോം പൊതീം തമ്മിലെന്താന്റെ ഉണ്ണ്യായരേ ബന്ധം?

ഹായ്, ങ്ങളു വെടിവെക്കാതെ.. ഇതു വീൽച്ചെയർ‌ ചങ്ങായിക്കുള്ളതാ.. ബിരിയാണി. മാത്രമല്ല, ബോഞ്ച്യൊള്ളം ഉണ്ടാക്കനുള്ള കുറിപ്പടീം‌.. അതൊന്നു ഉള്ളിൽ ചെന്നാലുടനെ പുള്ളി ചാടി എണീറ്റ് തേങ്ങാക്കൊല ആ‍ട്ടാൻ‌ തുടങ്ങും‌..ഇതൊന്നു കൊറിയറയക്കണം‌

അല്ല ഉണ്ണ്യായരേ അപ്പൊ യുക്തിവാദോം തേങ്ങാക്കൊലേം നല്ല കോമ്പിനേഷനാണല്ലേ?

പിന്നല്ലാതെ, ബിര്യാണി അടിച്ച ശേഷം യുക്തിവാദം ..അതാ നമ്മടേ ഇപ്പൊഴത്തെ ഒരു സ്റ്റൈൽ‌..ഏതു?

ഹയ്, ങ്ങളെങ്ങടാ ഓടണേ..

ഹാജ്യാരേ, ഇന്നു പത്ത് കവലേൽ ബിരിയാണി മാഹാത്മ്യവും‌ അഞ്ചിടത്ത് തേങ്ങാക്കുല ആട്ടക്കഥയും പറയാന്നൊരു വാക്ക് കൊടുത്തിട്ടുണ്ടാർ‌ന്നേ..തങ്കപ്പേട്ടൻ‌ അമ്പലം‌പണിക്കുള്ള ധർണേം കഴിഞ്ഞ് എന്നെ കാത്ത് കവലേലുണ്ടാവും‌. ഇന്നത്തെ പ്രോഗ്രാം‌ ഞങ്ങളൊരുമിച്ചാ...പിന്നെ കാണാം‌..

[ഈ പോസ്റ്റ് ഇനിയും മനസ്സിലായില്ലെങ്കില്‍; ലോകത്തെ മുഴുവന്‍ ജനങ്ങളും (ബ്ലോഗര്‍മാരടക്കം) മധുര മനോജ്ഞ സദാചാരിക ധാര്‍മ്മിക സനോണീ ബോധത്തിലേക്ക് വരുവാന്‍ ഈയിടെ ബിരിയാണി അടിച്ചു ഏമ്പക്കം വിട്ട് ബോധോധയം വന്ന ബ്ലോഗറുടെ ഇടയ(എടങ്ങേറു)ലേഖനങ്ങള്‍ വായിക്കുവിന്‍]

Tuesday, September 7, 2010

സില്‍ സിലയും മലയാളിയും തെറിവിളിയും


Justify Full







പറഞ്ഞു വന്നത്
‘സില്‍ സില’ എന്നൊരു ആല്‍ബത്തെക്കുറിച്ചാണ്. കലയുടെ,സംഗീതത്തിന്റെ ലാവണ്യരീതികളുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല സില്‍ സില ആല്‍ബം. പക്ഷെ അങ്ങിനെ ഒരു ആല്‍ബം ചെയ്തു എന്നൊരു കാരണത്താല്‍ അതിന്റെ സംവിധായകനെ മലയാളി തെറിവിളിക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. തെറിവിളികള്‍ കേട്ടാല്‍ തോന്നും മലയാളത്തില്‍ ഇതുവരെ ഇതുപോലെ നിലവാ‍രമില്ലാത്ത ഒരു സംഗീത ആല്‍ബം ഇറങ്ങിയിട്ടില്ല എന്ന മട്ടാണ്. വരുന്നവനും പോകുന്നവനും കയറി തെറിവിളീ, തല്ല്, ചവിട്ടു നാടകം. ഗൂഗിളോ മറ്റു ഇന്റര്‍നെറ്റ് ദായകരോ കൊടൂക്കുന്ന സൌജന്യ സേവനത്തിലിരുന്നാണ് ഒരുത്തനെ മലയാളി ചന്നം പിന്നം ചവിട്ടിത്താഴ്ത്തിയത്. അതൊരു നിലവാരമില്ലാത്ത ആല്‍ബം എന്നല്ലാതെ അതിന്റെ സംവിധായകനെ തെറിവിളിക്കാന്‍ മാത്രം അതില്‍ കുഴപ്പമുണ്ടെന്ന് ഈ ലേഖകനു തോന്നിയിട്ടില്ല. നിലവാരമില്ലാത്ത ഒരു കലാസൃഷ്ടിയെ തെറീവിളീക്കാമെങ്കില്‍ ആദ്യം വിളിക്കേണ്ടത് ഇവിടെ സിനിമ എന്ന പേരില്‍ ഇടക്കിടക്ക് പടച്ച് വിടുന്ന സാധനങ്ങളേയും അതിന്റെ പിന്നണിക്കാരേയുമാണ്. ഈയടുത്ത കാലത്ത് ഇറങ്ങിയ ചില സിനിമകളെ താരതമ്യം ചെയ്തു നോക്കിയാല്‍ അതിനേക്കാളുമൊക്കെ ഏറെ മുകളില്‍ തന്നെയാണ് സില്‍ സില. യാതൊരു സംശയവുമില്ല. എന്തിനു സിനിമ? മുന്‍പ് ഇറങ്ങിയ മറ്റു സംഗീത ആല്‍ബങ്ങളെ നോക്കു. കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍ എന്നി ഉത്തരകേരളത്തില്‍ നിന്ന് പടച്ചു വിടുന്ന ‘മാപ്പിളപ്പാട്ടുകള്‍’ എന്ന പേരിലുള്ള അശ്ലീല ആല്‍ബങ്ങളുമായി നോക്കുമ്പോള്‍ സില്‍ സില ഭേദം തന്നെയാണ്.. കേരളത്തില്‍ ഹിറ്റായ ‘ഖല്‍ബാണ് ഫാത്തിമ’ എന്ന ആല്‍ബത്തില്‍ മാവേലിയുടെ ശരീരത്തെ അനുസ്മരിപ്പിക്കുന്ന നായകന്‍/ഗായകന്‍ അവന്റെ കാമുകിയുടെ നിക്കാഹിനു പാട്ട് പാടുന്നു.പാട്ടിനവസാനം താന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ കാമുകനാണ് മുന്നില്‍ നിന്ന് പാടുന്നതെന്നറിഞ്ഞ് നായികയെ കെട്ടാന്‍ വന്നവന്‍, മാതാപിതാക്കളെ-സമുദായ ആചാര്യന്മാരെ-നാട്ടുകാരെ സാക്ഷിയാക്കി താനിട്ട വള ഊരി അവളെ കാമുകനൊപ്പം പറഞ്ഞയക്കുന്നു. ഏതു ലോകത്തിലാണ് ഇത് നടക്കുന്നത്. ഇതിനേക്കാള്‍ വലിയ അശ്ലീലം വേറെന്തുണ്ട്? മാത്രമല്ല ഖല്‍ബാണ് ഫാത്തിമയിലെ നായകന്‍/ഗായകനെ നോക്കു. കുടവയറും, പഞ്ചാരക്കുട്ടപ്പന്റെ മീശയും ഹെയര്‍സ്റ്റൈലും ഉള്ള ഒരുത്തന്‍, അവനേക്കാളും ശരീര ഭംഗി ഉണ്ട് സില്‍ സിലയിലെ ഹരിശങ്കറിന്.

സില്‍ സിലയെ ന്യായീകരിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ഹരിശങ്കറിനോട് മലയാളി ചെയ്തത് നീതീകരിക്കപ്പെടൂമോ എന്നതാണ്. അയാളുടെ പേര്‍സണല്‍ മൊബൈലിലേക്കും വീട്ടിലേക്കും വീട്ടുകാരേയും വരെ തെറിവിളീക്കാന്‍ ഹരിശങ്കര്‍ എന്തു തെറ്റു ചെയ്തു? സൂര്യനെല്ലി കേസിലേയും അതുപോലുള്ള ഡസന്‍ കണക്കിനു പെണ്‍ വാണിഭകേസുകളിലേയും മുഖ്യപ്രതികളോട് പോലും മലയാളി ഇതുപോലെ തെറിവിളിച്ചിട്ടില്ല. എന്തേ വിളിച്ചില്ല. അന്നൊക്കെ മലയാളിയൂടെ പ്രതികരണശേഷി എവിടെപോയി? ഹരിശങ്കറിനെ തെറിപറഞ്ഞ്, മെയിലും, ബ്ലോഗും, ഗൂഗിള്‍ ബസ്സും ഒക്കെ എഴുതിയിറക്കിയവര്‍ക്ക് മലയാളിയുടെ പെണ്‍ വാണിഭത്തെക്കുറിച്ചും, മദ്യപാനത്തെക്കൂറിച്ചും, പീഡനങ്ങളെക്ക്കുറിച്ചും എന്തേ എഴുതാന്‍ കഴിയാതെ പോയി? മൈനര്‍ ആയ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച മന്ത്രിയുള്ള നാടാണ് നമ്മുടേത്. ആ മന്ത്രിയേയോ അത്തരം പ്രവര്‍ത്തങ്ങളേയോ പൊതുവിലോ എന്തേ വിമര്‍ശന വിധേയമാക്കാന്‍ പറ്റാതെ പോയി? ഇവരൊക്കെ ഈ കേരളത്തില്‍ ചെയ്തതില്‍ കൂടുതലാണോ ഒരു സംഗീത ആല്‍ബം കൊണ്ട് ഹരിശങ്കര്‍ ചെയ്തത്?


മലയാളത്തില്‍ സിനിമ-സീരിയല്‍-ആല്‍ബം, ഇതിന്റെയൊക്കെ നിര്‍മ്മാണപ്രക്രിയയില്‍ പിന്നണിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാത്തവരല്ല മലയാളികളരാരും. കള്ളിനും പെണ്ണിനും വേണ്ടി സിനിമ,സീരിയല്‍ എടുക്കുന്നവര്‍ മുതല്‍, സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ മാര്‍ക്കറ്റില്‍ വില കൂട്ടി സ്വയം വില്‍ക്കുന്ന അഭിനേത്രികളുള്ള നാടാണ് കേരളം. ഒരു സംഗീത ആല്‍ബത്തിന്റെ പണിപ്പുര അറിയാന്‍ ആല്‍ബം നിര്‍മ്മിച്ചവരോട് ചോദിച്ചാല്‍ മതി. ഒരു സീരിയല്‍ നടിയോ, വേശ്യയോ അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു ‘സെറ്റപ്പോ’ ഒപ്പിച്ചെടുത്ത് അവളേയും കൂട്ടി മൂന്നാറിലും വാഗമണ്ണിലും നെല്ലിയാമ്പതിയിലും പോയി രണ്ടു നാള്‍ ചിലവിട്ട് മൂന്നാം ദിവസം കാമറവെച്ച് വായില്‍ തോന്നിയത് ഷൂട്ട് ചെയ്ത് ആല്‍ബമാക്കി ഇറക്കുന്നവരാണ് പലരും. ഉത്തരകേരളത്തില്‍ ഗള്‍ഫില്‍ നിന്നും ലീവിനു വന്ന കഴപ്പുമൂത്ത ചെറുപ്പക്കാര്‍ സ്വയം കാശുമുടക്കി സ്വയം നായകനായും ആല്‍ബത്തില്‍ അഭിനയിക്കുന്നത് കലയോടുള്ള പ്രേമം മൂത്തിട്ടൊന്നുമല്ല. അരക്കെട്ടിലെ കഴപ്പു തീര്‍ക്കാന്‍ വേണ്ടിത്തന്നെയാണ്. ആ തിരിച്ചറിവാണ് മലയാളിക്കുണ്ടാവേണ്ടത്. അല്ലാതെ പത്തു പൈസ പ്രതിഫലം വാങ്ങാതെ ചുരുങ്ങിയ ചിലവില്‍ ഒരു ആല്‍ബം എടൂക്കാന്‍ ശ്രമം നടത്തിയ ഒരു ചെറുപ്പകാരനെ തെറിവിളീക്കുകയല്ല ചെയ്യേണ്ടത്. ആല്‍ബം മോശമാണെങ്കില്‍ തെറിവിളിച്ചോളു, പക്ഷെ, കേരളത്തിലെ കലാ രംഗത്ത് നിലവിലെ എല്ലാ അശ്ലീല സൃഷ്ടികളോടും പ്രതികരണം നടത്തിയിട്ടു വേണം അല്ലെങ്കില്‍ ഇതിനോടൊപ്പാം ചെയ്തിട്ടുവേണം ഗൂഗിള്‍ ബസ്സിറക്കാനും ബ്ലോഗ് പോസ്റ്റിറക്കാനും

ഒരു പക്ഷേ നാളെ ഹരിശങ്കറെന്ന ചെറുപ്പക്കാരന്‍ മറ്റൊരു സൃഷ്ടിയുമായി വിജയം കണ്ടെത്തിയാല്‍ ഇന്നലെ തെറിപറഞ്ഞവനൊക്കെ പറഞ്ഞതു വിഴുങ്ങി ഹരിശങ്കറിനു ജയ് വിളിക്കാനും മടിക്കില്ല. മേള, സ്ഫോടനം,മുതല്‍ ഏതാനുംചിത്രങ്ങളില്‍ നായകനായി അഭിനയിച്ചപ്പോള്‍ മമ്മൂട്ടിയെ നോക്കി മലയാളി പറഞ്ഞത് “ ഹാ ! കൊള്ളാം ഈ ഞൊണ്ടിക്കാലനാണോ നായകനാകാന്‍ പോകുന്നത്? ബെസ്റ്റ്. “ അതേ മമ്മൂട്ടി കഠിനാദ്ധ്വാനം കൊണ്ട് താരമായപ്പോള്‍ ചന്തി കഴുകികൊടൂക്കാന്‍ വരെ തയ്യാറായി പലരും. മമ്മൂട്ടിയുടെ നടത്തം ഒരുത്തനും ഒരു പോരായ്മയായി തോന്നിയില്ല. ഇതേ അവസ്ഥതന്നെയായിരുന്നു മോഹന്‍ലാലിനും. പെണ്ണൂങ്ങളെപ്പോലുള്ളവന്‍, തടിയന്‍, തോളു ചെരിഞ്ഞവന്‍ ഇവനൊക്കെ താരമോ എന്ന ചോദിച്ചിരുന്നവര്‍ തന്നെ കുറേ കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ ചെരിഞ്ഞ തോളില്‍ കയ്യിട്ട് ഫോട്ടോയെടുക്കാന്‍ തുടങ്ങി. സുരേഷ് ഗോപിക്കും ദിലീപിനും വരെ ഇങ്ങിനെയൊക്കെത്തന്നെയായിരുന്നു. ദിലീപിന്റെ പടങ്ങള്‍ തുടരെ വിജയിച്ചപ്പോഴും ‘’ഈ കുള്ളന്‍ ചെക്കനൊക്കെ മലയാള സിനിമയില്‍ എന്തൂട്ട് ചെയ്യാനാ?” എന്ന് പരിഹസിച്ചിരുന്നവര്‍ പോലും ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍സ് ആയി. നയന്‍ താര തമിഴില്‍ തുണിയഴിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞ് മലയാളി എന്നാ ബഹളമായിരുന്നു നാലു വര്‍ഷം മുന്‍പ്. ഇപ്പോള്‍ സൌത്ത് ഇന്ത്യയില്‍ കോടികള്‍ വിലമതിക്കുന്ന ഒരേയൊരു താരത്തിന്റെ പകിട്ട് കണ്ട് ‘മലയാളിയുടെ അഭിമാനം’ എന്ന് പറയാന്‍ ഒരു ഉളുപ്പുമില്ല. മംഗ്ലീഷ് പറയുന്ന കൊച്ച് എന്ന പരാതിയായിരുന്നു രജ്ഞിനു ഹരിദാസിനു. ഇപ്പോള്‍ രജ്ഞിനിയുടെ ഫോട്ടോ വച്ചിട്ടാണ് പൂജ. ഒരുത്തനെ കണ്ണടച്ച് വിമര്‍ശിക്കാനും തെറിവിളിക്കാനും ചവിട്ടിത്താഴ്ത്താനും പിന്നീട് ഇന്നലെ പറഞ്ഞത് വിഴുങ്ങാനും ഇന്ന് മാറ്റിപ്പറയാനും മലയാളിക്ക് യാതൊരു നാണക്കേടുമില്ല. എന്നു വെച്ചാല്‍ വിജയിച്ചു നില്‍ക്കുന്നവന്റെ ഒപ്പം നില്‍ക്കാനും സ്തുതിപാടാനും മാത്രമേ ഈ കേരളത്തില്‍ ആളെ കിട്ടൂ. തോറ്റവന്റെ, തോല്‍ക്കുന്നവന്റെ കൂടെ ആരും വരില്ല. അവന്റെ നിഴലല്ലാതെ. ഒരുത്തനെ ചവിട്ടിത്താഴ്ത്താന്‍ പറ്റുന്ന ഒരു അവസരം കിട്ടിയാല്‍ അതെത്ര ഗംഭീരമായിട്ടും മലയാളി ചെയ്തു കൊടുക്കും. പക്ഷെ താഴ്ത്തപ്പെട്ടവന്‍ അക്ഷീണ പരിശ്രമത്താല്‍ നാളെയെങ്ങാനും ഉയിര്‍ത്തെഴുന്നേറ്റാല്‍ പറഞ്ഞതൊക്കെ വിഴുങ്ങി അവന് ജയ് വിളിക്കാനും മലയാളിക്ക് യാതൊരു ഉളുപ്പുമില്ല. കാരണം നട്ടെല്ലിന്റെ സ്ഥാനത്തു പി വി സി പൈപ്പു ഫിറ്റു ചെയ്ത മൈഗുണാഞ്ചന്മാരാണ് മലയാളിയെന്ന് എത്രയോ കാലം മുതലേ തെളിയിച്ചതാണ്.

ഇങ്ങനെ രണ്ടു തന്തക്ക് പിറന്ന സ്വഭാവം കാണിക്കുന്നതുകൊണ്ടാണ് മലയാളിക്ക് ദ്വന്ദവ്യക്തിത്വം അല്ലെങ്കില്‍ ഡ്യുവല്‍ പേര്‍സണാലിറ്റി ഉണ്ട് എന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നത്