Wednesday, December 10, 2008

ബീച്ചിലെ സുന്ദരി-പാര്‍വ്വതി ഓമനക്കുട്ടന്‍





















മിസ് വേള്‍ഡ് 2008 ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും മിസ് വേള്‍ഡ് ബീച്ച് ബ്യൂട്ടി മത്സരത്തില്‍ നാലാം സ്ഥാനവും നേടിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍. (രണ്ടാമത്തെ ചിത്രമാണ് മാതൃഭൂമി ദിനപത്രം ഇന്ന് പകുതി മുറിച്ച് പ്രസിദ്ധീകരിച്ചത്)

50-മത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനസ് ബര്‍ഗില്‍ ഈ വരുന്ന ശനിയാഴ്ച നടക്കും. നൂറ്റി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരി(?)മാര്‍ പങ്കെടുക്കുന്നുണ്ടത്രെ!

സുന്ദരീ സ്ഥാനം ഇന്ത്യക്കു കിട്ടിയാല്‍ ഇന്ത്യയിലെ സൌന്ദര്യ വിപണി ഇനിയും മേലോട്ടു കുതിക്കും എന്നു പ്രത്യാശിക്കാം. സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ ഇനിയും ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്ന് വിപണതാക്കള്‍ പ്രതീക്ഷിക്കുന്നു..

‘ഇന്‍ ക്രഡിബില്‍ ഇന്ത്യ’യെ ക്കുറിച്ചും, മഹത്തായ സംസ്ക്കാരത്തെക്കുറിച്ചുമെല്ലാം പാര്‍വ്വതി ഓമനക്കുട്ടന്‍ മിസ് വേള്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഉദ്ഘോഷിക്കുന്നുണ്ട്.

ഭാഗ്യം!! ഇപ്രാവശ്യം ആരും മദര്‍ തെരേസയെക്കുറിച്ചോ, സമ്മാനം കിട്ടിയാല്‍ തെരുവില്‍ അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നോ പറഞ്ഞു കേട്ടില്ല. എന്തായാലും കാത്തിരുന്നു കാണാം.!!


ചിത്രങ്ങള്‍ : കടപ്പാട് ഗൂഗിള്‍

Saturday, December 6, 2008

സ്വത്വം

എനിക്ക് നഷ്ടപ്പെട്ടത്

എന്റെ കണ്ണുകള്‍

എന്റെ കാതുകള്‍

നാക്ക്.

*

എന്നിട്ടിപ്പോളെന്റെ മുന്നില്‍

കാഴ്ചയുടെ നിറങ്ങള്‍

കേള്‍വിയുടെ ശബ്ദങ്ങള്‍

രുചിയുടെ തരങ്ങള്‍.

*

കൈകള്‍കൊണ്ട് ഞാനെന്റെ

കണ്ണുപൊത്തി

കാതുപൊത്തി

വായപൊത്തി.

Monday, November 10, 2008

ബ്ലോഗില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി

പണ്ടൊക്കെ കവിതകളെഴുതുമായിരുന്നു
പലതും പ്രസിദ്ധീകരണത്തിനയക്കുമായിരുന്നു
മുഖ്യസംയോജകന്റെ രണ്ടുവരിക്കത്തിനൊപ്പം
കവിതകള്‍ തിരിച്ചുവരുമായിരുന്നു.
ഒടുവില്‍
ഒരു തീക്കൊള്ളിയിലെല്ലാം കനലായി.
**********
ആധുനികതയുടെ സാങ്കേതികത്വത്തിലാണിപ്പോള്‍
എന്റെ കവിതകള്‍ പിറക്കുന്നത്
സ്വഭൂവില്‍ തിരിച്ചെത്താനുള്ള പ്രവാസിയുടെ മോഹം പോലെ
അച്ചടിച്ചക്ഷരത്താളില്‍ നിലകൊള്ളാനൊരു കുഞ്ഞുമോഹം
ആത്മാവിന്റെ അടിത്തട്ടിലെവിടെയോ കിടന്നു
ചാരം വന്നുമൂടുമ്പോളൊക്കെ
ഊതിയൂതി കനലെരിക്കും
**************
ഡെയ് ലി വന്നുപോകാനൊരിടമില്ലാഞ്ഞിട്ടോ
ബാല്യ-കൌമാരത്തെ പിന്തിരിഞ്ഞുനോക്കി
വിശാലമായൊന്നു പുഞ്ചിരിക്കാന്‍ മനസ്സില്ലാഞ്ഞിട്ടോ
കത്തുന്ന യൌവ്വനത്തില്‍ വിദേശത്തോ
(യൂറോപിലോ) സഞ്ചരിക്കാനാവാഞ്ഞിട്ടോ
ആറക്കശമ്പളത്തിന്റെ നെഞ്ചിന്‍ ചൂടേറ്റ്
വിദേശ വാസത്തിനു യോഗമില്ലാഞ്ഞിട്ടോ
കഥാനുഭവത്തിനു ഭാവനയില്ലാഞ്ഞിട്ടോ
ആല്‍ത്തറക്കലിരുന്നു കവിതകളെഴുതി ആള്‍ക്കൂട്ട-
ത്തില്‍ കയ്യടിനേടാന്‍ കോപ്പില്ലാഞ്ഞിട്ടോ
എന്തോ
എന്റെ സര്‍ഗ്ഗചോദനകള്‍
ചേതനയറ്റു കിടന്നു.
എങ്കിലും..
എങ്കിലും ഞാനൊരു ദിവസം
എന്റേതുമാത്രമായ സമാഹാരമിറക്കും.

Wednesday, October 29, 2008

ഒടുവില്‍...?

എരിഞ്ഞൊടുങ്ങിയാല്‍
തീരുമോ സ്വപ്നങ്ങള്‍...?

ചാരം പുണര്‍ന്നെഴുന്നേല്‍ക്കില്ലേ
മോഹത്തിന്റെ ഫീനിക്സ് പക്ഷികള്‍...?!

എന്നിലെ ഞാനും
നിന്നിലെ നീയും
എരിഞ്ഞൊടുങ്ങുക തന്നെ ചെയ്യും

ഒടുവില്‍...?

Friday, October 24, 2008

ഓര്‍മ്മ

.
സൂക്ഷിച്ചു വെച്ച
മഞ്ചാടിമണികളില്‍
കുപ്പിവളപ്പൊട്ടുകളില്‍
പുസ്തകത്തിനിടയിലെ
മയില്‍പ്പീലി തുണ്ടുകളില്‍
ഞാന്‍ പരതിയപ്പോഴൊക്കെ
കണ്ടുകിട്ടാത്തതെന്തായിരുന്നു?

വെട്ടുകല്‍ചുവരിന്റെ
ഇടുക്കുകളിലൊന്നിലും
വിഴുപ്പുഗന്ധം പേറുന്ന
പഴന്തുണിക്കെട്ടിലും
ഞാന്‍ പരതിയപ്പോഴൊക്കെ
കണ്ടുകിട്ടാത്തതെന്തായിരുന്നു?

Wednesday, October 22, 2008

ഞാനും വരുന്നു...

ഞാനും വരുന്നു...നിങ്ങള്‍ക്കൊപ്പം
അങ്ങിനെ ഞാനും ബ്ലോഗിലേക്കു വരുന്നു. എന്റെ സന്തോഷങ്ങള്‍ പങ്കുവെയ്ക്കാന്‍. ഒരു പുലി പോയിട്ട് എലി പോലുമല്ലാത്ത എന്നെ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടെ ഞാനെന്റെ സന്തോഷങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു.

ഞാന്‍ സന്തോഷ്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നു. മാസത്തില്‍ പകുതിയിലേറെ ദിവസം ബാംഗ്ലൂരില്‍, പിന്നെ നാട്ടില്‍ തിരുവനന്തപുരത്തും. ഞാനൊരു പകുതി പ്രവാസിയാണ് എന്ന് പറയാം :)

സ്നേഹപൂര്‍വ്വം
സന്തോഷ്