Friday, September 25, 2009

റോബിന്‍ ഹുഡ് - അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെടുത്തിയ ചിത്രം




വ്യത്യസ്ഥവും മികച്ചതും സൂപ്പര്‍ഹിറ്റാക്കാവുമായിരുന്ന ഒരു സിനിമ എങ്ങിനെ ഉത്തരവാദിത്വരാഹിത്യത്തിലൂടെ മോശമാക്കാം എന്നതിന് ഉത്തമ കൊമേഴ്സ്യല്‍ സിനിമാ ഉദാഹരണമാണീ ചിത്രം.

മലയാളത്തിലിന്നുവരെ വന്നിട്ടില്ലാത്ത ബേസിക് ത്രെഡ്, ഓരോ മുഹൂര്‍ത്തത്തിലും ത്രില്ലിങ്ങ് ക്രിയേറ്റ് ചെയ്യാവുന്ന നായക-പ്രതിനായക സന്ദര്‍ഭങ്ങള്‍, സാങ്കേതികത്വം വളരെ നന്നായി പ്രയോഗിക്കാവുന്ന ഒരു കഥ, സൂപ്പര്‍ താരങ്ങളില്ലാതെ യുവതാരങ്ങള്‍ക്ക് മത്സരിച്ചഭിനയിക്കാവുന്ന അവസരം ഇതൊക്കെയായിരുന്നു ഈ സിനിമയുടെ പോസറ്റീവ്. പക്ഷെ സച്ചു-സേതുവിന്റെ ദുര്‍ബലമായ തിരക്കഥ, ജോഷിയുടെ അലസമായ ഡയറക്ഷന്‍, മിസ് കാസ്റ്റിങ്ങ്, തട്ടിക്കുട്ടിയെടുത്ത ഗാന രംഗങ്ങള്‍ എന്നിവമൂലം ഈ സിനിമ പരാജയത്തിന്റെ പട്ടികയിലേക്കാണ്

കഥ
കൊച്ചിനഗരത്തില്‍ ഐ.ബി.ഐ എന്ന ബാങ്കിന്റെ എടീമ്മില്‍ നിന്ന് ഒരു രാത്രി പലരുടേയും അക്കൌണ്ടില്‍ നിന്ന് വന്‍തുകകള്‍ പിന്‍ വലിക്കപ്പെടുന്നു. പിറ്റേ ദിവസം മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ തങ്ങളുടെ പണം തിരികെ ലഭിക്കണമെന്നും അക്കൌണ്ട് പിന്‍ വലിക്കുകയാണെന്നും ബാങ്കുകാരോട് ആവശ്യപ്പെടുന്നു. വെങ്കി എന്ന ബ്രാഹ്മണ പയ്യന്‍ ( ഈ ‘ബ്രാഹ്മണ്യം‘ സിനിമയുടെ കഥാപാത്രത്തിന്റെ തെറ്റിന് നീതികരണം തേടുന്ന ‘വളരെ വലിയ ഒന്നാ‘ണെന്ന് അവസാന ഭാഗങ്ങളില്‍ കാണം) ആണ് ഇതിനു പിന്നില്‍. വെങ്കി ഇലക്ട്രോണിക്-കമ്പ്യൂട്ടര്‍ മേഖലയില്‍ അഗ്രഗണ്യനാണ്. മാത്രമല്ല ബന്ധപ്പെട്ടൊരു പ്രൊഫഷണല്‍ ഇന്‍സ്റ്റിട്യൂട്ടീല്‍ ട്യ്യൂട്ടര്‍ കൂടിയാണദ്ദേഹം.
ഐ.ബി.ഐ എന്ന ബാങ്കിന്റെ അക്കൌണ്ടില്‍ നിന്നുമാണ് പണം അപഹരിക്കപ്പെടുന്നത് എന്നതാണ് ബാങ്കിനെ കുഴക്കുന്നത്. കേസന്വേഷണ ചുമതലയുള്ള ചെറുപ്പക്കാരന്‍ എ സി പിയുടെ (ജയസൂര്യ) അന്വേഷണത്തില്‍ ബാങ്ക് തൃപ്തമല്ല അതുകൊണ്ട് ബാങ്ക് തങ്ങളുടെ പരിചയത്തിലുള്ള മറ്റൊരു ഐ പി എസ് കാരനെ (നരേന്‍) പ്രൈവറ്റ് അന്വേഷണത്തിനു വെക്കുന്നു. ഇന്‍ വെസ്റ്റിഗേറ്റര്‍ക്കു താമസിക്കാന്‍ കമ്പനിയുടെ ഫ്ലാറ്റും.

അവിടെ നിന്നാണ് കഥയുടെ ഗതി മുറുകേണ്ടത്, കാരണം ഇന്‍ വെസ്റ്റിഗേറ്റര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റില്‍ ആണ് വെങ്കി എന്ന എ ടി എം റോബര്‍ താമസിക്കുന്നത്, താമസിയാതെ കള്ളനും പോലീസും സുഹൃത്തുക്കളാകുന്നു. പോലീസ് അന്വേഷണവും, പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേഷനും പുരോഗമിക്കുന്നുണ്ടെങ്കിലും എ ടി എമ്മില്‍ നിന്നുള്ള മോഷണം പതിവായി തുടരുക തന്നെ ചെയ്യുന്നു. കള്ളനെ കണ്ടു പിടീക്കാന്‍ എ ടി എമ്മില്‍ ഒളികാമറകള്‍ ഫിറ്റു ചെയ്തെങ്കിലും വെങ്കി എന്ന കള്ളന്‍ അതിനെ ബുദ്ധിപൂര്‍വ്വം മറി കടക്കുന്നു. ഒടുക്കം തന്റെ എതിര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന വെങ്കി എന്ന സുഹൃത്ത് തന്നെയാണ് ഈ കള്ളന്‍ എന്ന് പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേറ്റര്‍ (നരേന്റെ കഥാപാത്രം) തിരിച്ചറിയുന്നു.

ഇത്രയും കഥ (വണ്‍ലൈന്‍) ആരേയും ത്രില്ലടിപ്പിക്കുന്ന ഒന്നു തന്നെയാണ്, ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരെ ത്രില്ലടിപ്പിച്ചതും ഈ സംരംഭം ഉണ്ടാക്കിയതും ഈ ത്രെഡിന്റെ ഫ്രെഷ്നെസ്സ് തന്നെയാകണം, പക്ഷെ ഇതിനെ ലോജിക്കോടെ/ വിശ്വസനീയമായി അണിയിച്ചൊരുക്കുന്നതില്‍ ടീം പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും മലയാള സിനിമയില്‍ സാങ്കേതിക വിദ്യകളെ പരാമര്‍ശിക്കുമ്പോഴോ എക്സിക്യൂട്ടു ചെയ്യുമ്പോഴോ ഉള്ള അജ്ഞത ഈ സിനിമയിലും തെളിഞ്ഞുകാണാം. ഇത്ര ഈസിയായിട്ടാണ് നായകന്‍ (അതോ വില്ലനോ/) എ ടി എമ്മില്‍ നിന്ന് എല്ലാ ദിവസവും 25,000 രൂപ വെച്ച പല അകൌണ്ടില്‍ നിന്ന് കൊള്ളയടിക്കുന്നത്. അതിനയാല്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം മൊബൈല്‍ റീച്ചാര്‍ജ്ജ് കൂപ്പണ്‍ ഉപയോഗിച്ചാണ്. ഒരു സ്വകാര്യ റഡാര്‍ സംവിധാനം വെച്ച് അകൌണ്ടിന്റെ പിന്‍ കാര്‍ഡ് കോപ്പി ചെയ്താണ് ഈ ‘ബ്രില്യണ്ട് ടെക്കി‘ ഇതൊക്കെ ചെയ്യുന്നത് (കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് ചോദ്യം)
ഈയൊരു ബേസിക് ത്രെഡിനെ മലയാള സിനിമയുടെ ടിപ്പിക്കല്‍ കഥ/കഥാ സന്ദര്‍ഭവുമായി കൂട്ടിയിണക്കുകയാണ് പിന്നെ. വെങ്കിക്ക് , സ്റ്റുഡന്റ് ആയ മറ്റൊരു ബ്രാഹ്മണ പെണ്‍കുട്ടി(സംവൃത) പ്രണയം, നരന്റെ കൂടെ അസിസ്റ്റ് ചെയ്യാന്‍ രൂപ എന്ന ഭാവന (ഐ ബി ഐ ബാങ്കിന്റെ തന്നെ സ്റ്റാഫ്) ഇന്‍ വെസ്റ്റിഗേറ്ററും അസിസ്റ്റന്റും ഒരേ ഫ്ലാറ്റില്‍ താമസിച്ച് കേസ് അന്വേഷിക്കുന്നു(ഒരു ജയിംസ് ബോണ്ട് കഥ മണക്കുന്നൊ?? ) അവരുടെ വേലക്കാരനായി ജാഫര്‍ ഇടുക്കി. അങ്ങിനെ ത്രില്ലടിക്കുന്ന കഥാ സന്ദര്‍ഭങ്ങളൊ, പഞ്ച് ഡയലോഗുകളോ ഇല്ലാതെ ഈ ആക്ഷന്‍/ടെക്കി/ത്രില്ലിങ്ങ് ചിത്രം മുന്നേറുകയാണ്.

ഗാന രംഗങ്ങളെ ഇത്ര അലസമായി സമീപിച്ച രീതി ഒരിക്കലും പൊറുക്കാവുന്നതല്ല, (പൃഥീരാജും സംവൃതാ സുനിലുമുള്ള ഡ്യൂയറ്റില്‍ അവരോടൊപ്പമുള്ള നൃത്ത സംഘത്തെ നോക്കു, തടീച്ചു തൂങ്ങിയ വയറും ദുര്‍മ്മേദസ്സുമുള്ള നൃത്തക്കാരികള്‍. കോസ്റ്റൂംസ് മാറുന്നതല്ലാതെ ഒരൊറ്റ ഗാനരംഗത്തുപോലും ഒരു പ്രോപ്പര്‍ട്ടി ഉപയോഗിക്കുകയോ ഒരു സെറ്റ് ഒരുക്കുകയോ ഒരു മനോഹര ഫ്രെയിം ഒരുക്കുകയോ ചെയ്തിട്ടില്ല)

ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴാണ് തമിഴ് സിനിമയിലെ കൊമേഴ്സ്യല്‍ സിനിമാ സംവിധായകരെ നാം നമിച്ചു പോകുന്നത്. കാമറ, എഡിറ്റിങ്ങ്, ഗാനങ്ങള്‍, നൃത്തം, കലാ സംവിധാനം, കോസ്റ്റുംസ് എന്നീ മേഖലകളില്‍ വരെ അവര്‍ കാണിക്കുന്ന പെര്‍ഫെക്ഷന്‍ നമ്മെ അസൂയപ്പെടുത്തും ( തമിഴ് സിനിമ എടുക്കുന്ന പോലെയുള്ള ബഡ്ജറ്റ് നമുക്കില്ല എന്നു പറയാന്‍ വരട്ടെ, എങ്കില്‍ നമ്മുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന കഥയും സിനിമയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം, ഇത്തരമൊരു സബ്ജക്റ്റ് ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നു വരുമ്പോള്‍ പരമാവധി നന്നാക്കാനും നല്ല പ്രൊഡക്ഷന്‍ റിസള്‍ട്ട് ഉണ്ടാക്കാനും എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല??)

മിസ് കാസ്റ്റിങ്ങ്
മിസ് കാസ്റ്റിങ്ങ് ഈ സിനിമയുടെ പരാജയത്തിന്റെ മറ്റൊരു കാരണമാണ്. തകത്തഭിനയിക്കാവുന്ന ഒരു കാരക്റ്റര്‍ ഉണ്ടായിട്ട് അതിനെ പൊലിപ്പിച്ചെടുക്കാന്‍ നരേന്‍ എന്ന നടനു കഴിഞ്ഞില്ല എന്നതാണ് ഈ സിനിമയുടെ ഒരു ന്യൂനത. (യുവതാരങ്ങളില്‍ അത്രയും നല്ല അഭിനേതാക്കള്‍ നമുക്കില്ല എന്നതും മനസ്സിലാക്കുക; അവിടേയും നമ്മള്‍ തമിഴനെ അസൂയയോടെ നോക്കിയേ പറ്റൂ, കാരണം ഏതു റോളിനും പാകമുള്ള നിരവധി യുവ താരങ്ങളെ തമിഴില്‍ നമുക്കു കാണാം) ‘പുതിമ മുഖം‘ എന്ന ഹിറ്റ് ആരാധകര്‍ക്കു കൊടുത്ത പ്രതീക്ഷ പക്ഷെ പൃഥിരാജിനു ഇതില്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് പക്ഷെ തിരക്കഥാകൃത്തിന്റെ പരാജയമാണ്, കാരണം പൃഥിക്ക് ഇതില്‍ ചെയ്യാന്‍ ഒന്നുമില്ല തന്നെ. ജയസൂര്യയുടെ എ. എസ്. പി തികച്ചും അണ്‍ഫിറ്റ് ആണ് ജയസൂര്യക്ക് എന്നു കൃത്യമായി പ്രേക്ഷകനു മനസ്സിലാകുന്നു. പല സന്ദര്‍ഭങ്ങളും മസില്‍ പിടിച്ചുള്ള ജയസൂര്യയുടെ അഭിനയം ബോറായി തോന്നിയതില്‍ തീരെ അത്ഭുതമില്ല.

ഒരു കൊമേഴ്സ്യല്‍ സിനിമ എടുക്കുമ്പോള്‍ മുന്നില്‍ വിജയവും ആരവവും മാത്രമേയുള്ളു. ഒരു ടാര്‍ഗറ്റ് ഓഡിയന്‍സിയായുള്ള സിനിമ എടുക്കുമ്പോള്‍ ആ ടാര്‍ഗറ്റിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം. അല്ലാതെ എല്ലാത്തരം പ്രേക്ഷകരേയും ഒരുമിച്ച് വാരിയെടുക്കാനുള്ള അത്യാര്‍ത്തി വരുമ്പോഴാണ് മലയാള സിനിമ പലപ്പോഴും പരാജയത്തിലേക്ക് വീഴുന്നത്. ഇവിടേയും സംഭവിച്ചത് അത് തന്നെ. മലയാളത്തില്‍ ഈ അടുത്തകാലത്ത് സംഭവിക്കാവുന്ന ഒരു ത്രില്ലിങ്ങ് ആക്ഷന്‍ സൂപ്പര്‍ ഹിറ്റ് സിനിമയെ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ, ഫിലിം മേക്കിങ്ങിലുള്ള ഉദാസീനത/അണ്‍ പ്രൊഫഷണലിസം കാരണം നശിപ്പിച്ചെടുത്തു,

വാല്‍ക്കഷ്ണം : ഒന്നു പറയാതെ വയ്യ, മലയാളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും നല്ല ടൈറ്റില്‍ ഗ്രാഫിക്സ് ആണ് ഈ സിനിമയുടേത്. നല്ല റിസള്‍ട്ടോടെ, സിനിമയുടെ ഒരു പഞ്ച് സൃഷ്ടിക്കുന്ന തികച്ചും വ്യത്യസ്ഥമായ ടൈറ്റിത്സ്. അതിനൊരു തൂവല്‍ :)

Friday, September 4, 2009

മലയാളത്തിന്റെ ‘ഋതു‘ഭംഗി

രു അനുഭവത്തില്‍ നിന്നും തുടങ്ങാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീലക്കുറിഞ്ഞി പൂത്ത വാര്‍ത്ത കേട്ട് എന്റെ കുറച്ചു ഓഫീസ് സുഹൃത്തുക്കള്‍ മൂന്നാറീലേക്ക് പോകാന്‍ പ്ലാനിട്ടു, കൂട്ടത്തില്‍ മദ്ധ്യവയസ്സിനോടടുത്ത ഞങ്ങളുടെ മീഡിയാ മാനേജറും ചെറുപ്പക്കാരനായ ഓഫീസ് ബോയിയും കൂടെ പോരാന്‍ താല്‍പ്പര്യം കാണിച്ചു. മൂന്നാര്‍ മലനിരകളിലെത്തിയപ്പോള്‍ പൂത്തുനില്‍ക്കുന്ന വയലറ്റ് പുഷ്പങ്ങളെക്കണ്ട് ഞങ്ങള്‍ പലരും ആര്‍ത്തു വിളിച്ചു, കാമറയുമായി മലനിരകളിലേക്ക് ഓടിക്കയറി. വണ്ടിയില്‍ നിന്നിറങ്ങി വന്ന മീഡിയാ മാനേജറും ഓഫീസ് ബോയിയും നീലക്കുറിഞ്ഞിയെ കണ്ട് വാ പൊളിച്ചു. എന്നിട്ട് ഞങ്ങളെ വെറുപ്പോടേയോ ദ്വേഷ്യത്തോടെയോ തറപ്പിച്ചൊന്നു നോക്കി. ഞങ്ങള്‍ പലരും നീലക്കുറിഞ്ഞി പൂക്കള്‍ സ്വന്തമാക്കാന്‍ കഴിയുമോ എന്നു നോക്കുകയും പരമാവധി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാനും ശ്രമിച്ചു. തിരിച്ച് വണ്ടിയിലെത്തിയപ്പോള്‍ മാനേജറും ബോയിയും സീറ്റില്‍ ചാരിക്കിടക്കുന്നു. ഞങ്ങളെ കണ്ടതും ഒറ്റചോദ്യം :

“ഈ കോപ്പിലെ കാട്ടുചെടി കാണാനാണടോ ഇത്രദൂരം ഇങ്ങോട്ട് വണ്ടി വിളിച്ച് വന്നത്, ഇതിനേക്കാള്‍ എത്രനല്ല പൂക്കള് നാട്ടിലുണ്ടെടാ....പത്തു പന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ പൂക്കുന്നതാണത്രേ,...ഫൂ...”

‘ഋതു‘ എന്ന സിനിമയെക്കുറിച്ച് ‘ജനപ്രിയ ബ്ലോഗ് ‘ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ അനുഭവമാണ് എന്റെ മനസ്സില്‍ വന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ ഒരുപാടു നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ വന്നെത്തിയ ഒരു നല്ല സിനിമയാണ് ‘ഋതു’. നീലക്കുറിഞ്ഞിയുടെ പ്രാധാന്യം തിരിച്ചറിയാത്തവന് അതൊരു കാട്ടുപൂവ് എന്നതുപോലെ, മായാവിയും ഭൂതവും പൊട്ടനും ചട്ടനുമൊക്കെ അരങ്ങുതകര്‍ക്കുകയും അതിനു കയ്യടിക്കുകയും ചെയ്യുന്ന സിനിമാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ക്ക് അതൊരു ‘കാട്ടുപൂവ്’ ആയിരിക്കും.


സണ്ണി, വര്‍ഷ, ശരത്ത് എന്നീ ഋതുഭേദങ്ങളിലൂടെ വര്‍ഷങ്ങളുടെ സൌഹൃദബന്ധവും അകല്‍ച്ചയും പ്രണയവുമൊക്കെ കാവ്യ ഭംഗിയിലൂടെ വരച്ചിടുമ്പോള്‍ പ്രേക്ഷകനും പതിയെ അതിനോടൊപ്പം സഞ്ചരിക്കുകയാണ്. ( കഥാസാരം പലരും പലയിടത്ത് പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടേയും കഥ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല) മലയാളിയുടെ സ്ഥിരം കഥാപ്രമേയങ്ങളേയും കഥാപരിസരങ്ങളേയും പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് വ്യത്യസ്തവും നൂതനവുമായ ഒരു പ്രമേയവും പരിസരവും ദേശിയ അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ ശ്യാമപ്രസാദ് ജീവന്‍ തുടിക്കുന്ന കാന്‍ വാസ് ചിത്രം പോലെ ഇവിടെ വരച്ചു കാണിക്കുകയാണ്.


ഒരു കാര്യം ഉറപ്പാണ്, ഈ സിനിമ കണ്ടു തീര്‍ന്ന് തിയ്യറ്ററിനു പുറത്തേക്ക് വരുന്ന വരെ, നമ്മള്‍ മലയാളത്തിലെ ഒരൊറ്റ നടീനടന്മാരെയോ അവരുടെ മുഖമോ ഓര്‍ത്തിരിക്കില്ല. മമ്മൂട്ടി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെയുള്ള നടന്മാരെ ഈ കഥാപാത്രങ്ങളില്‍ റീപ്ലെയ്സ് ചെയ്യുന്നതുപോയിട്ട് അവരുടെ കണ്ടുപരിചയിച്ച മുഖം ഒരു നിമിഷാര്‍ദ്ധമ്പോലും നമ്മളോര്‍ക്കില്ല. അത്രമാത്രം ഇതിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇതിലെ പ്രധാന താരങ്ങളായ മൂന്നു പേരിനേക്കാളും പതിന്മടങ്ങ് പെര്‍ഫോമന്‍സ് ആണ് ഇതിലെ മറ്റു അപ്രധാന കഥാപാത്രങ്ങളും (ഉദാ : എം.ജി ശശി) ഒരൊറ്റ സീനില്‍ വന്നുപോകുന്നവര്‍പോലും ചെയ്തിരിക്കുന്നത്.

പലപ്പോഴും ശ്യാമപ്രസാദിന്റെ സിനിമകള്‍ ഒരു ദൃശ്യാവിഷ്കാരമല്ല, മറിച്ച് അനുഭവമാണ്. ആദ്യചിത്രമായ കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയൊഴികെ അഗ്നിസാക്ഷിയും, അകലേയും, ഒരേ കടലും മലയാളത്തില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവവും ആവിഷ്കാരവുമായിരുന്നു. കൈകാര്യം ചെയ്ത വിഷയം മാത്രമല്ല അത് ആവിഷ്കരിക്കുന്നതിനുള്ള സാങ്കേതിക പാടവും ഈ ചിത്രത്തെ നല്ലൊരു ചിത്രമാക്കുന്നതില്‍ വളരെയേറെ സഹായിച്ചു, പലപ്പോഴും ശ്യാമപ്രസാദിന്റെ സ്ഥിരം ടീം തന്നെയാണ് ഈ ചിത്രത്തിന്റെ പുറകിലും. ഋതുവിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അതിന്റെ ഛായാഗ്രഹണമാണ്. പി. സുകുമാറീന്റേയും, സാലു ജോര്‍ജ്ജിന്റെയുമൊക്കെ ടിപ്പിക്കള്‍ ഫ്രെയിമും വെളിച്ചവിതാനമൊക്കെ കണ്ടു മടുത്ത പ്രേക്ഷകനു ‘ഷാംദത്ത് ‘ എന്ന യുവ കാമറമാന്‍ ഒരുക്കുന്ന മാജിക്കല്‍ ഫ്രെയിംസും വെളിച്ച വിന്യാസവും കണ്ടാസ്വദിക്കാം ഋതുവില്‍. (കൃത്യം എന്ന സിനിമയിലൂടെ മലയാളത്തില്‍ വന്ന ഷാംദത്ത് , ടൈഗര്‍, വര്‍ഗ്ഗം, നന്മ, ഒരേകടല്‍, ഐ.ജി മുതലായ സിനിമകളിലെ കാമറമാനാണ്).

മറ്റൊരു സവിശേഷത ഈ ചിത്രത്തിന്റെ എഡിറ്റിങ്ങാണ്. എഡിറ്റിങ്ങ് എന്നത് വെറും സാങ്കേതികം മാത്രമല്ലെന്നും അതൊരു കലയാണെന്നും ഈ ചിത്രം നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്. ‘അകലെ’ എന്ന ചിത്രത്തിലൂടെ മാതൃഭൂമിയുടേയും, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റേയും മികച്ച എഡിറ്റര്‍ അവാര്‍ഡും, 2007ല്‍ ഒരേകടലിനു മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ച ശ്യാമപ്രസാദിന്റെ അസോസിയേറ്റ് കൂടിയായ വിനോദ് സുകുമാരന്‍ ആണ് ഋതുവിന്റേയും എഡിറ്റര്‍.

കൂടുതല്‍ സീനുകളും സ്വാഭാവിക വെളിച്ചത്തിലും സമീപ ദൂര ദൃശ്യത്തിലും (close up) ഛായാഗ്രഹണം നിര്‍വ്വഹിച്ചതും സ്വാഭവികമായൊരു ഒഴുക്കോടെ ചെയ്ത എഡിറ്റിങ്ങും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട മികച്ച ഘടകങ്ങളാണ് ( അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച കാമറാമന്‍/എഡിറ്റര്‍ തീര്‍ച്ചയായും ഋതുവിനു തന്നെയായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, ഇതിനപ്പുറം മികച്ച ഒരു ചിത്രം വന്നില്ലെങ്കില്‍..)

നല്ലൊരു ചിത്രമെന്ന അഭിപ്രായം നേടുമ്പോഴും ഋതു തിയ്യറ്ററിലെ കളക്ഷനിലും, ജനപ്രളയത്തിലും മറ്റു ‘ജനപ്രിയ’സിനിമകളേക്കാള്‍ പിറകിലാണെന്നു തോന്നുന്നു . ചില തിയ്യറ്ററുകളില്‍ നിന്നും ഋതു ആദ്യ ആഴ്ചക്കു ശേഷമോ രണ്ടാമത്തെ ആഴ്ചക്കു ശേഷമോ മാറിയിട്ടുണ്ട്. പലപ്പോഴും നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ സംഭവിക്കുന്നപോലെയുള്ള പ്രേക്ഷക നിരാസം ഋതുവിനും സംഭവിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. തൊട്ടടുത്ത തിയ്യറ്ററുകളില്‍ പട്ടണത്തില്‍ ഭൂതവും ഇവര്‍ വിവാഹിതരായാലുമൊക്കെ തകര്‍ത്തോടുമ്പോള്‍ കൊമേഴ്സല്‍ സിനിമകളില്‍ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ശ്രമങ്ങള്‍ക്ക് പലപ്പോഴുമെന്നപോലെ തിരസ്കാരം ആവര്‍ത്തിക്കുകയാണ്.

കഥയിലും തിരക്കഥയിലും ആവിഷ്കാരത്തിലും കാഴ്ചപ്പാടിലുമൊക്കെ എന്തൊക്കെ പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിലും ‘ഋതു‘ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമയില്‍ സംഭവിച്ച നല്ലൊരു അനുഭവമാണ്. കുറഞ്ഞ പക്ഷം മലയാള സിനിമയിലെ അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ക്കിടയില്‍ ഇത്തരമൊരു നല്ല സിനിമ ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവത്തിനും എഫര്‍ട്ടിനും നല്ല ഒരു കയ്യടി ശ്യാമപ്രസാദും ടീമും അര്‍ഹിക്കുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകളും സൂപ്പര്‍ ടെക്നീഷ്യന്മാരും പരിചയ സമ്പന്നരായ നിര്‍മ്മാതാക്കളും കൂടി മലയാളത്തില്‍ എക്കാലത്തേയും വലിയ ബഡ്ജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുമ്പോഴും അവ എട്ടു നിലയില്‍ പൊട്ടുമ്പോഴും; പോപ്പുലാരിയില്ലാത്ത ആരാലും തിരിച്ചറിയപ്പെടാത്ത കുറച്ച് മികച്ച അഭിനേതാക്കളേയും ടെക്നീഷ്യന്മാരേയും കൊണ്ട് ഇതുപോലെ തികച്ചും ഫ്രെഷ് നസ് ഫീല്‍ ചെയ്യിക്കുന്ന; ഏതു നിലയിലും പുതുമയും സ്വാഭാവികതയും തോന്നിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ വരുമ്പോള്‍ ആ കൂട്ടായ്മക്കും എഫര്‍ട്ടിനും പ്രേക്ഷക പക്ഷത്തുനിന്ന് ഒരു സപ്പോര്‍ട്ട് തീര്‍ച്ചയായും ഇത്തരം ചിത്രങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.