Thursday, February 19, 2009

മഞ്ഞുകാലം കഴിഞ്ഞ് ശിശിരത്തിലേക്ക്...

ചെടിത്തുമ്പിലിരുന്ന ഒരു ലേഡി ബഗ്ഗിന്റെ ഫോട്ടെയെടുത്ത് വിഷ്ണു തിരിഞ്ഞു നോക്കി.

സ്മിതയപ്പോള്‍ ദൂരെ മഞ്ഞുപൊഴിയുന്ന താഴ്വരയെ നോക്കിയിരിക്കുകയായിരുന്നു. ചുറ്റിനും റബ്ബര്‍ മരങ്ങള്‍ ആ താഴ്വരയെ ചൂഴ്ന്നു നിന്നിരുന്നു. താഴെ കരിയിലകളുടെമര്‍മ്മരം.

“നോക്കു സ്മിതാ.. മാക്രോമോഡില്‍ ഞാനെടുത്ത ഈ ജീവിയുടെ പേരെന്താണ്?” വിഷ്ണു സ്മിതയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

കാമറയുടെ എല്‍ സി ഡി മോനിറ്ററില്‍ നോക്കി സ്മിത പറഞ്ഞു. “എന്റെ തൊടിയിലും ഈ പ്രാണി വരാറുണ്ടായിരുന്നു. പക്ഷേ പേരറിയില്ല. നമുക്കിത് നിന്റെ ഫോട്ടോ വെബ് സൈറ്റില്‍ പബ്ലിഷ് ചെയ്യാം. കാണുന്നവര്‍ പറയാതിരിക്കില്ലല്ലോ?!” താഴ്വരയുടെ ദൂരെ മിന്നാമിനുങ്ങുകളെ നോക്കി സ്മിത വീണ്ടും പറഞ്ഞു “ പണ്ട് നാട്ടില്‍ മഞ്ഞുപെയ്യുന്ന നാളുകളിലാണ്‍ ഇത് വരാറുണ്ടായിരുന്നത്; മഞ്ഞുകാലത്ത്”

വിഷ്ണു കാമറ മടക്കി ബാഗില്‍ വെച്ച് അവളുടെ അരികില്‍ ഇരുന്നു. അവളുടെ കൈത്തലം ഗ്രഹിച്ചു

“നിന്റെ വിരലുകള്‍ എന്ത് ഭംഗിയായിരുന്നു. പക്ഷെ ഇപ്പോള്‍ രാത്രിയും പകലും കീബോര്‍ഡുകളെ തല്ലിയൊതുക്കി അതിന്റെ ഭംഗിയത്രയും നഷ്ടപ്പെട്ടിരിക്കുന്നു”

സ്മിത ഒന്നും മിണ്ടിയില്ല. മഞ്ഞുകൊണ്ടുവന്ന തണുപ്പിനെ ആസ്വദിച്ച് ഇരുന്നു. അല്പ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു :

“വിഷ്ണു നീയ്യെന്നെ സ്നേഹിക്കുന്നുണ്ടോ?”

വിഷ്ണു അവിശ്വസനീയതയോടെ അവളെ നോക്കി പറഞ്ഞു : “ നീയെന്താ അങ്ങിനെ പറയുന്നത്? ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം മഞ്ഞുകാലവും കഴിഞ്ഞു ശിശീരം പിറക്കുന്ന അടുത്ത രാവുകളിലൊന്നില്‍ ഞാന്‍ നിന്റെ കഴുത്തില്‍ താലി ചേര്‍ക്കാന്‍ പോവുന്ന ഈ സമയത്ത്...”

“വിഷ്ണു..എനിക്ക് നിന്റെ സ്നേഹം വീശിയടിക്കുന്ന കാറ്റു പോലെയാവണം. എല്ലത്തിനേയും പറപ്പിച്ച് ചെറുമരങ്ങളെ പുഴക്കിയെറിയുന്ന കാറ്റു പോലെയാവണം.......

നിന്റെ സ്നേഹം താഴ്വാരത്തെ പുതയുന്ന മഞ്ഞുപോലെയാവണം.. പതിയെ പതിയെ നേര്‍ത്തിറങ്ങി താഴ്വാരം മുഴുവന്‍ പുതപ്പിക്കുന്ന ധവളിമയാര്‍ന്ന മഞ്ഞുപോലെ..”

“തീര്‍ച്ചയായും സ്മിത... പഴയ കര്ണ്ണാടകത്തിലെ കുഗ്രാമം വിട്ട് ഞാന്‍ ഈ ഗ്രാമത്തില്‍ വന്നതുപോലും നിന്നെ കണ്ടുമുട്ടാനാണോ എന്നുപോലും തോന്നുന്നു. കാപ്പികുരുക്കള്‍ പൊട്ടുന്ന അതിന്റെ ഗന്ധം വമിക്കുന്ന ഈ താഴ്വാരത്തില്‍ നിന്നെ കണ്ടില്ലായിരുന്നെങ്കില്‍.....”

വിഷ്ണു ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. ഈ താഴ്വാരവും, മഞ്ഞുകാലവും, കാപ്പി ചെടികളുടെ ഗന്ധവും അവന്‍ പ്രിയപ്പെട്ടതായിരുന്നു. അതിനിടയിലാണ്‍ നേര്‍ത്ത പാദസ്പര്‍ശത്തൊടെ, അവള്‍ കടന്നു വന്നത്. രാവും പകലും കമ്പ്യൂട്ടറിനോട് മല്ലിട്ട് പുസ്തകങ്ങളിലെ അക്ഷരങ്ങളേ പ്രണയിച്ച്, വിശ്വാസത്തിന്റെ ചന്ദനത്തിരി പുകച്ച് അവള്‍ വന്നത്..

പണ്ടൊക്കെ അവള്‍ ആത്മീയതില്‍ അഭയം കണ്ടെത്തിരുന്നു. വിശ്വാസങ്ങളെ തകിടം മറിച്ച് ഒരു പ്രണയവും വിവാഹവും അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അപ്രതീക്ഷിതമായി വിഷ്ണുവിന്റെ സാമീപ്യം അവളെ വല്ലാതെ മാറ്റി മറീച്ചു. അവന്റെ നിഷ്കളങ്കത്വവും തുറന്ന സമീപനവും അതിവേഗത്തില്‍ ബൈക്കില്‍ ചീറീപ്പായുന്ന അവന്റെ സാഹസികതയും പഴയ പാട്ടുകളോടുള്ള ഇഷ്ടവും പിന്നെ സംസാരത്തിലെപ്പോഴും കടന്നു വരാറുള്ള അവന്റെ ഗ്രാമത്തെകുറിച്ചുള്ള ഗൃഹാതുരത്വവും അവളെ അവനിലേക്ക് അടുപ്പിച്ചു.

“നീയിനി എന്നാണ്‍ ഈ ഫോട്ടോയെടുപ്പ് മതിയാക്കുന്നത്? ഒരു ഫോട്ടോഗ്രാഫറാകാനാണോ നിന്റെ ഭാവി പരിപാടീ?” നിശ്ശബ്ദതയെ മുറിച്ച് അവള്‍ ഒരു ചോദ്യമെറിഞ്ഞു.

“നോക്കു സ്മിതാ, ഞാനൊരു ഫോട്ടോഗ്രാഫറല്ല..എന്റെ അത്തരം കഴിവുകളുമല്ല ഞാന്‍ നിന്നൊട് പറയുന്നതും പങ്കുവെക്കുന്നതും. പക്ഷെ ഇതെനിക്കിഷ്ടമാണ്. ഇത് നിന്നു പോകുന്നിടത്തോളം” അവന്‍ പറഞ്ഞു നിര്‍ത്തി.

താഴ്വാരത്തില്‍ ഇരുള്‍ നിറയുവോളം അവര്‍ സംസാരിച്ചിരുന്നു.വെളിച്ചത്തിന്റെ അവസാന കണികയും ചോര്‍ന്നു പോകും മുന്‍പ് ഇരുട്ട് താഴ്വാരത്തെ തല്ലികെടുത്തും മുന്‍പ് അവിടെ നിന്ന് പോകണമെന്ന് അവള്‍ ആഗ്രഹിച്ചു.

അവന്റെ ശബ്ദമാണ്‍ അവളെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരുന്നു. ഓര്‍മ്മകളില്‍ മുങ്ങിയ തന്റെ മുഖത്ത് കണ്ണീരിന്റെ നനവ് പടര്‍ന്നത് അവള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു.

അവന്‍ പറഞ്ഞു ; “ ചിറകുകളില്ലാതെ പറക്കുന്ന നിന്നെയാണ്‌ എനികിഷ്ടം. നമ്മുടെ വഴികളില്‍ വസന്തം വിരിഞ്ഞ് താഴ്‌വരയാകെ പൂത്തു നില്‍ക്കും ഉണങ്ങിയ മരങ്ങള്‍ പൂത്ത വഴികള്‍. പിന്നീട് വിവാഹ ശേഷം ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കണം. അന്ന്...അന്ന് എല്ലാ ദു:ഖങ്ങളെല്ലാംനീ മറക്കും...നമ്മള്‍ മറക്കും.“

സ്മിത വിഷ്ണുവിനോട് ചേര്‍ന്ന് നിന്നു. അവനു പ്രിയപ്പെട്ട മഞ്ഞുകാലം അവസാനിക്കാറാകുന്നു. ഇല പൊഴിയുന്ന ശിശിരത്തിന്റെ ആഗമനമാകുന്നു. ദിനങ്ങള്‍ കഴിയവെ താന്‍ മറ്റൊരാളാകുന്ന് ഒരു ജീവിതത്തിന്റെ മറു പാതിയാകുമെന്ന ആ സത്യം അവളെ സന്തോഷത്തിലാക്കി.

വിഷ്നുവും സ്മിതയും പതിയെ എഴുന്നേറ്റു. താഴ്വാരം മഞ്ഞു വിഴുങ്ങി. അവസാനിക്കാറാവുന്ന മഞ്ഞുകാലം. അതിനെ അവസാന ദിനങ്ങള്‍. കാമറ തോളിലിട്ട് വിഷ്ണു സ്മിതയേ തന്നോട് ചേര്‍ത്ത് പതിയെ നടന്നു തുടങ്ങി. കാര്‍മേഘങ്ങൊഴിഞ്ഞ സ്മിതയുടെ മനസ്സിലപ്പോള്‍ പൂക്കള്‍ വിരിയുകയായിരുന്നു. ഇലകൊഴിഞ്ഞ് ചില്ലയുയര്‍ത്തിനിന്ന ജീവിതത്തിലേക്ക് പടര്‍ന്നു കയറുന്ന ജീവിതപൂക്കള്‍.

അവര്‍ പതിയെ നടന്നു. റബ്ബര്‍ മരങ്ങള്‍ പൊഴിച്ച കരിയിലകളുടെ മര്‍മ്മരങ്ങളുടെ താളം ശ്രവിച്ച് മഞ്ഞുപാളികകളെ വകഞ്ഞ് റബ്ബര്‍ മരങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന പൊട്ടൂ പോലെയുള്ള വെളിച്ചത്തിലേക്ക്.

സ്മിതയുടെ മനസ്സിലപ്പോള്‍ പൂത്ത കശുമാവിന്‍ പൂക്കളുടെ ഗന്ധം ഉണ്ടായിരുന്നില്ല. പകരം തികഞ്ഞ, തെളിഞ്ഞ സ്നേഹത്തിന്റെ നീരുറവ മാത്രം.

മഞ്ഞുകാലം അവസാനിക്കാറായ ആ ഋതുവിന്റെ അവസാന ദിനങ്ങളിലൊന്നിലെ സാന്ധ്യയില്‍ കൊഴിഞ്ഞടരാന്‍ തുടങ്ങുന്ന അസ്തമയത്തിന്റെ അവസാന ചുവപ്പ് പൊട്ടിലേക്ക് അവര്‍ രണ്ടുപേരും കൈകോര്‍ത്ത് നടന്നു.