Friday, January 16, 2009

ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്ര?

കുറേക്കാലത്തെ ബ്ലോഗ്ഗ് വായനകൊണ്ട് തഴക്കം വന്ന ഒരു വാചകമാണ് ‘പോസ്റ്റിന്റെ നീളം കൂടീപ്പോയി’ എന്നത്. സത്യത്തില്‍ എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ലാത്ത് ഒരു കണക്കാണ് പോസ്റ്റ് നീളം. എത്രയാണത്? എത്ര വേണ്ടി വരും? എവിടം വച്ച് പോസ്റ്റ് നിര്‍ത്താം? എന്നതിനെക്കുറീച്ചൊന്നും പക്ഷേ ആരും ഇതുവരെ പറഞ്ഞിട്ടില്ല താനും

അപ്പോള്‍ ബ്ലോഗ് പോസ്റ്റിന് ഒരു വ്യക്തമായ, കൃത്യമായ, ശരിയായ അളവുകോലുകളുണ്ടോ?

ഇതിനെപറ്റി ഏറെ ആലോചിച്ചപ്പോള്‍ , ബ്ലോഗില്‍ വീഴുന്ന ഇത്തരം കമന്റുകളുള്ള പോസ്റ്റുകള്‍ വായിച്ചപ്പോള്‍, എന്താണ്‍ വായനക്കാര്‍ ഇത്തരത്തലുള്ള ഒരു ന്യൂനത(?) ആവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ചപ്പോള്‍ കിട്ടിയ വസ്തുത രസാവഹമായിരുന്നു

ശൈശവ ദശ പിന്നിട്ടിട്ടില്ലാത്ത ബ്ലോഗ്/ബ്ലോഗ് വായന ഇപ്പോഴും പ്രിന്റ് മീഡിയയുടെ വായനാവളര്‍ച്ചയില്‍ നിന്നും ഏറെ പിറകിലാണ്. അതിനു കാരണം, സമയദൌര്‍ലഭ്യം, വായനാ സാഹചര്യം, മാനസികാവസ്ഥ അതൊക്കെയാണ്. ഈയൊരു ചോദ്യമെന്താണ് പല ബ്ലോഗുകളിലും ആവര്‍ത്തിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് ബ്ലോഗുവായന ശീലമാക്കിയവരില്‍ നിന്നും കിട്ടിയ മറുപടീകള്‍ അനുസരിച്ച് എനിക്കു മനസ്സിലായത് : പലരും ബ്ലോഗുകള്‍ വായിക്കുന്നത് തന്റെ ഓഫീസിലിരുന്നു ജോലി സമയത്തു(മാത്ര)മാണെന്നാണ്. അതായത് ബോസ് ഒരു റൌണ്ട് അടിച്ച് തിരികെ തന്റെ കാബിനരികെവരുന്ന നേരം കൊണ്ട് ബ്ലോഗ് വായിച്ചു തീര്‍ക്കണം അതാണ്‍ ഡെഡ് ലൈന്‍. മാത്രമല്ല, ഒരു പുസ്തകം തിരഞ്ഞെടുത്ത് വായനയുടെ സുഖത്തിലൂടെ നൂഴ്ന്നിറങ്ങുന്ന (ഏകാന്തമായ) മാനസിക സുഖം ബ്ലോഗ് വായനക്കു ലഭിക്കുന്നില്ല. ഒരു ഓഫീസ് പരിസരത്തെ അലോസരങ്ങള്‍, ആളുകള്‍, മേധാവികള്‍ എന്നിങ്ങനെ പലതും ഒരു (ബ്ലോഗ്ഗ്) വായനയെ തടസ്സപ്പെടുത്തുന്നു. ഈ പരിമിതികളില്‍ നിന്ന് ഒരു പോസ്റ്റ് രസത്തോടെ, ആയാസരഹിതമായി വായിച്ചു ആസ്വദിച്ചു തീര്‍ക്കണമെങ്കില്‍ അത് തികച്ചും നുറുങ്ങ് പോസ്റ്റ് ആയിരിക്കണം. ( 5 ഓ അതിലധികമോ പാരഗ്രാഫുകള്‍ ഉണ്ടായിപ്പോയാല്‍ അതു നീളക്കൂടുതലായി എന്ന പരാതിയും കാണം!!)

അപ്പോള്‍ പറഞ്ഞു വന്നത് വായനക്കാരന്റെ പരിമിതികള്‍ക്കും, സാഹചര്യങ്ങള്‍ക്കും വേണ്ടി എഴുത്തുകാരന്‍ തന്റെ അനുഭവങ്ങള്‍ക്കും ഭാവനക്കും എഴുത്തിനും കത്തി വെക്കണമെന്നര്‍ത്ഥം. ഇല്ലെങ്കില്‍ ഫലം നാസ്തി! അതായത് വായക്കാരന്‍ എത്തില്ലെന്നര്‍ത്ഥം, അഭിപ്രായം പറയില്ലെന്നര്‍ത്ഥം, പറഞ്ഞാല്‍ തന്നെ അതിതായിരിക്കും “പോസ്റ്റിനു നീളം വളരെ കൂടുതലായിപ്പോയി”

സത്യത്തില്‍ ഇത് ആശാവഹമാണോ? വായനക്കാരന്റെ വായനാസൌകര്യത്തിനു വേണ്ടി എഴുത്തുകാരന്‍ തന്റെ അനുഭവകുറിപ്പുകളെ, ഭാവനയെ അളന്നു കുറികേണ്ടതുണ്ടോ? (ഒരു വായനക്കാരന്‍ പേജുകളുടെ എണ്ണം/പുസ്തകത്തിന്റെ കനം നോക്കിയാണോ പുസ്തകം വാങ്ങുന്നത്? പേജുകള്‍ കൂടുതലാണ് എന്നു പറഞ്ഞു ഏതെങ്കിലും വ്യക്തി ഇഷ്ടപ്പെട്ട പുസ്തകം വാങ്ങാതിരുന്നിട്ടുണ്ടൊ?)

അതുകൊണ്ടു തന്നെ മനോഹരവും ആസ്വാദ്യകരവുമായ ഒട്ടനേകം പോസ്റ്റുകള്‍ മലയാളം ബ്ലോഗില്‍ വായനക്കാരെത്താതെ അന്തിയുറങ്ങുന്നു. സ്ക്രോള്‍ ചെയ്ത് പോസ്റ്റിന്റെ വലിപ്പം നോക്കി കമന്റാന്‍ നടക്കുന്ന വായനക്കാരന്‍ അതുകൊണ്ട് തന്നെ നാലുവരിമാത്രമെഴുതിയ നിലവാരമില്ലാത്ത ബ്ലോഗ് പോസ്റ്റുകളില്‍ നിലനില്‍ക്കുന്നു.

ആരാണ് പോസ്റ്റുകള്‍ക്ക് നീളക്രമം വച്ചത്? അല്ലെങ്കില്‍ എന്താണതിന്റെ നീളം? എത്രവരെ ആകാം? നീളക്കുടുതല്‍ /കുറവ് ഓരോ വായനക്കാരന്റെയും മാനസിക ഘടന/വായനാ താല്‍പ്പര്യം എന്നതിനെയൊക്കെ അടിസ്ഥാനപ്പെട്ടിരിക്കേ പോസ്റ്റിന്‍ നീളക്കൂടുതല്‍ എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? (ബോസ്/മേധാവി തിരിച്ചു വരുമ്പോഴേക്കും വായിച്ചു തീര്‍ക്കാന്‍ പറ്റിയില്ല അതുകൊണ്ട് പോസ്റ്റിന് നീളക്കൂടുതല്‍ :) അതാവാം)

വായനക്കാരന്റെ ആവര്‍ത്തിച്ചുള്ള, അടിസ്ഥാനമില്ലാത്ത ഈ നീള പ്രസ്താവം പല നല്ല എഴുത്തുകാരനേയും സ്വാധീനിച്ചേക്കം, തടസ്സപ്പെടുത്തിയേക്കാം അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ നഷ്ടം ബ്ലോഗിനും നല്ല വായനക്കാരനുംകൂടിയാകും. കാരണം തന്റെ പോസ്റ്റുകള്‍ വായിക്കാന്‍ പോകുന്നത് ‘പോസ്റ്റ് സ്കെയില്‍’ കയ്യില്‍ കരുതിയ വായനക്കാരനാണ് എന്ന ബോധം എഴുത്തുകാരനെ തളര്‍ത്തിയേക്കാം.

അതുകൊണ്ട്,

നല്ല പോസ്റ്റുകള്‍ വരട്ടേ, നല്ല ഭാവനകള്‍, അനുഭവങ്ങള്‍ വരട്ടേ, നമുക്ക് വായിക്കാം, താല്‍പ്പര്യമില്ലെങ്കില്‍ അടച്ചു വെക്കുകയോ മറ്റൊന്നിലേക്ക് പോകുകയോ ആവാം, പക്ഷേ, കയ്യില്‍ പോസ്റ്റളവുകള്‍ അളക്കുന്ന സ്കെയിലുമായി എഴുത്തുകാരനേയും അവന്റെ സൃഷ്ടിയേയും സമീപിക്കാതിരിക്കുക.

എന്നാലും ഞാന്‍ ഒന്നുകൂടി ചോദിക്കട്ടെ, ‘ ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്രയാണ്?’

12 comments:

|santhosh|സന്തോഷ്| said...

ആരാണ് പോസ്റ്റുകള്‍ക്ക് നീളക്രമം വച്ചത്? അല്ലെങ്കില്‍ എന്താണതിന്റെ നീളം? എത്രവരെ ആകാം?

‘ ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്രയാണ്?’

jayasri said...

ആരാണ് പോസ്റ്റുകള്‍ക്ക് നീളക്രമം വച്ചത്? അല്ലെങ്കില്‍ എന്താണതിന്റെ നീളം? എത്രവരെ ആകാം?

GOOD ONE...CORRECT... U SAID IT

സന്തോഷ്‌ കോറോത്ത് said...

kollam :)

Ps: postinte neelam ithiri kootippoyi;)

അനില്‍@ബ്ലോഗ് // anil said...

വിശകലനം നന്നായി. വാസ്തവമാണത്.
നല്ല രചനകള്‍ എത്ര നീളം കൂടിയാലും ആളുകള്‍ വായിക്കുകയും ചെയ്യും.

എങ്കിലും സ്ക്രീനില്‍ വായിക്കാന്‍ നീളം കുറഞ്ഞിരിക്കുകയാണ് സുഖം. അല്ലെങ്കില്‍ പ്രിന്റെടുത്ത് വായിക്കാറാണ് പതിവ്.

വല്യമ്മായി said...

ഏച്ചുകൂട്ടലുകളില്ലാത്ത നല്ല എഴുത്താണെങ്കില്‍ നീളമൊന്നും ഒരു പ്രശ്നമല്ല.

G.MANU said...

സന്തോഷേ..
ബ്ലോഗിന്റെ നീളം ഒരു പ്രശ്നമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.. വായിക്കാന്‍ രസമുള്ളതാണെങ്കില്‍ വായനക്കാര്‍ സമയം വച്ച് മുറിച്ച് മുറിച്ച് വായിച്ചോളുമെന്നെ.. അതൊണ്ട് ധൈര്യത്തോടെ നീളന്‍ പോസിട്ടോ....സൈസ് ഡെസിന്റ് മാറ്റര്‍ എന്ന് എല്ലായിടത്തും കേള്‍ക്കുന്നില്ലെ.. :)

Rudra said...

പോസ്റ്റിന്റെ നീളം ബ്ലോഗ്ഗര്‍ക്ക് തോന്നുന്ന പോലെ. എന്നെ സംബന്ധിച്ചിടത്തോളം എഴുതുന്നതായാലും വായിക്കുന്നതായാലും ബോറടിക്കുന്ന വരെ ;) Then close the tab, RIP

മാണിക്യം said...

വിരസത തോന്നാത്തവിഷയം
നല്ല അവതരണം,
വായിക്കുന്നവര്‍ക്ക് മുഷിവ്
തോന്നാത്ത രീതിയില്‍
അവതരിപ്പിക്കാം.
കഥ പറയുകയായാലും
കച്ചേരി പാടുകയായാലും
മുഷിച്ചില്‍ തോന്നരുത്
പ്രേഷകനെ/വായനക്കാരനെ,
“ങഃ എന്നിട്ട്,എന്നും പറഞ്ഞ് മുന്നില്‍ തളച്ചിടാനാവുന്നിടത്തോളം നീളമാകാം !
ഇഷ്ടമായാല്‍ മുഴുവന്‍ വായിച്ചേ പോകൂ.
എത്ര സമയകുറവും ഓഫീസും ഒന്നും പ്രശ്നമല്ല.

|santhosh|സന്തോഷ്| said...

അഭിപ്രായമറീയിച്ച എല്ലാവര്‍ക്കും നന്ദി.. ഇനിയും വരുമല്ലോ. എന്റെ പുതിയ പോസ്റ്റ് വായിക്കുമല്ലോ

ശ്രീ said...

പ്രസക്തമായ പോസ്റ്റ്, മാഷേ...

മിക്കപ്പോഴും മാഷ് സൂചിപ്പിച്ച പോലെ ഓഫീസിലെ പണികള്‍ക്കിടയിലെ ഗ്യാപ്പിലായിരിയ്ക്കും പലരും ബ്ലോഗ് വായനയ്ക്കു സമയം കണ്ടെത്തുക. അതാവാം ഇങ്ങനെ ഒരു പരാതി.

ഞാന്‍ തന്നെ തിരക്ക് കൂടുതലായതു കൊണ്ടാണ് ഇവിടെ വരാന്‍ താമസിച്ചത്. ;)

ജെ പി വെട്ടിയാട്ടില്‍ said...

സന്തോഷ് കുട്ടാ
ആശംസകള്‍ നേരുന്നു.
സൌകര്യം പോലെ വായിച്ച് കൂടുതല്‍ എഴുതാം. അങ്കിള്‍ ഇപ്പോള്‍ യാത്രയിലാണ്. ഇപ്പോള്‍ രാത്രി ഏഴര കഴിഞ്ഞു. എഴുത്തുകളൊന്നും ശരിക്കും തിരിയുന്നില്ല.
എനിക്ക് രണ്ട് മക്കള്‍. ബോയ് 30, ഗേള്‍ 29
രണ്ട് പേരും പണിയെടുത്ത് ജീവിക്കുന്നു. ഇവിടെ ഞാനും ബീനാമ്മയും. ഞാനിപ്പോ ദേശാടനത്തിലാ. തിരുവനന്തപുരത്തും വരുന്നുണ്ട് ഒരു നാള്‍. 1971 ല്‍ ഞാന്‍ അവിടെ പണിയെടുത്തിരുന്നു.
ആ കഥ പിന്നീടെഴുതാം.
ചാല ബസാറിലെ ഗാന്ധി ഹോട്ടലിലായിരുന്നു താമസം. അന്നത്തെ കാലത്ത് സൂപ്പര്‍ ഹോട്ടലായിരുന്നു അത്.
ഞാനും ആന്റപ്പനും, തോമാച്ചനും ഒരു റൂമിലായിരുന്നു.
എനിക്ക് രാത്രി അകലെയുള്ള ടോയലറ്റില്‍ പോയി മൂത്രമൊഴിക്കാന്‍ പേടിയായിരുന്നു. അപ്പോള്‍ ഞാന്‍ മുറിയിലുള്ള വാഷ് ബേസിനില്‍ കാര്യം സാധിക്കുമായിരുന്നു.
ആന്റപ്പനോ തോമാച്ചനോ എന്നെ പലര്‍ക്കും പണ്ട പറഞ്ഞ കഥയിലെ ആളെന്ന രീതിയില്‍ പരിചയപ്പെടുത്താറുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാളുടെ ഭാര്യക്ക് എന്നെ അത്തരത്തില്‍ പരിചയപ്പെടുത്തിയിരുന്നു.
ഞാനാകെ ചൂളിപ്പോയി. പണ്ട് ചെറുപ്പത്തില്‍ അങ്ങിനെ പലതും ചെയ്തിരുന്നു.
കൂടുതലെയ്ഴുതിയാല്‍ ഇതൊരു കഥയായി രൂപാന്തരപ്പെടും - അതിനാല്‍ നിര്‍ത്തട്ടെ

നിരക്ഷരൻ said...

ഹാവൂ സമാധാനമായി. ഇങ്ങനൊരു വിഷയത്തെപ്പറ്റി ആരെങ്കിലും എഴുതിയിട്ടുണ്ടോന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. എത്ര നന്നായിട്ടെഴുതിയാലും അത് മുഴുവന്‍ വായിച്ചതിനുശേഷം നീളം കൂടിപ്പോയി എന്നുമാത്രം അഭിപ്രായം കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. (എത്ര നന്നായിട്ട് എന്ന് ഞാന്‍ സ്വയം പറയാന്‍ പാടില്ലാത്തതാണ്. പക്ഷെ എന്റെ ഇതുവരെയുള്ള പോസ്റ്റുകളില്‍ നന്നായി എഴുതിയത് എന്നെനിക്ക് തോന്നിയ ഒന്ന് എന്നേ അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ.)

ബ്ലോഗ് പോസ്റ്റോമീറ്റര്‍ എന്നൊരു അളവുകോല്‍ കണ്ടുപിടിച്ചുകൊണ്ട് ആരെങ്കിലും വരട്ടെ. അപ്പോ കുറേക്കൂടി എളുപ്പമാകും കാര്യങ്ങള്‍, അല്ലേ സന്തോഷേ ?

ഈ പോസ്റ്റ് നന്നായി.