Monday, November 10, 2008

ബ്ലോഗില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി

പണ്ടൊക്കെ കവിതകളെഴുതുമായിരുന്നു
പലതും പ്രസിദ്ധീകരണത്തിനയക്കുമായിരുന്നു
മുഖ്യസംയോജകന്റെ രണ്ടുവരിക്കത്തിനൊപ്പം
കവിതകള്‍ തിരിച്ചുവരുമായിരുന്നു.
ഒടുവില്‍
ഒരു തീക്കൊള്ളിയിലെല്ലാം കനലായി.
**********
ആധുനികതയുടെ സാങ്കേതികത്വത്തിലാണിപ്പോള്‍
എന്റെ കവിതകള്‍ പിറക്കുന്നത്
സ്വഭൂവില്‍ തിരിച്ചെത്താനുള്ള പ്രവാസിയുടെ മോഹം പോലെ
അച്ചടിച്ചക്ഷരത്താളില്‍ നിലകൊള്ളാനൊരു കുഞ്ഞുമോഹം
ആത്മാവിന്റെ അടിത്തട്ടിലെവിടെയോ കിടന്നു
ചാരം വന്നുമൂടുമ്പോളൊക്കെ
ഊതിയൂതി കനലെരിക്കും
**************
ഡെയ് ലി വന്നുപോകാനൊരിടമില്ലാഞ്ഞിട്ടോ
ബാല്യ-കൌമാരത്തെ പിന്തിരിഞ്ഞുനോക്കി
വിശാലമായൊന്നു പുഞ്ചിരിക്കാന്‍ മനസ്സില്ലാഞ്ഞിട്ടോ
കത്തുന്ന യൌവ്വനത്തില്‍ വിദേശത്തോ
(യൂറോപിലോ) സഞ്ചരിക്കാനാവാഞ്ഞിട്ടോ
ആറക്കശമ്പളത്തിന്റെ നെഞ്ചിന്‍ ചൂടേറ്റ്
വിദേശ വാസത്തിനു യോഗമില്ലാഞ്ഞിട്ടോ
കഥാനുഭവത്തിനു ഭാവനയില്ലാഞ്ഞിട്ടോ
ആല്‍ത്തറക്കലിരുന്നു കവിതകളെഴുതി ആള്‍ക്കൂട്ട-
ത്തില്‍ കയ്യടിനേടാന്‍ കോപ്പില്ലാഞ്ഞിട്ടോ
എന്തോ
എന്റെ സര്‍ഗ്ഗചോദനകള്‍
ചേതനയറ്റു കിടന്നു.
എങ്കിലും..
എങ്കിലും ഞാനൊരു ദിവസം
എന്റേതുമാത്രമായ സമാഹാരമിറക്കും.

13 comments:

|santhosh|സന്തോഷ്| said...

എങ്കിലും..
എങ്കിലും ഞാനൊരു ദിവസം
എന്റേതുമാത്രമായ സമാഹാരമിറക്കും.

അനില്‍ശ്രീ... said...

ആദ്യമായി മനസ്സില്‍ നിന്ന് ഈ വിധം ചിന്തകള്‍ ഒഴിവാക്കൂ.. അപ്പോള്‍ എല്ലാം ശരിയാകും.. :)

ജിജ സുബ്രഹ്മണ്യൻ said...

ധൈര്യമായി പുസ്തകം ഇറക്കിക്കോളൂന്നേ !!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരുനാള്‍ ഞാനും ചേട്ടനേപ്പോലെ
വളരും വലുതാകും.
ചേട്ടനേപ്പോലെ..........

Kaithamullu said...

സന്തോഷായിരിക്കൂ, സന്തോഷേ!

G.MANU said...

പ്രകാശനം എവിടെ വച്ചാ???? :)

Unknown said...

ASHAMSHAKAL

മാണിക്യം said...

ഹും! കൊള്ളാം
ആരേയും വിട്ടില്ല അല്ലേ ?
അടച്ചു വെട്ടിയല്ലോ
എന്നാലും സന്തോഷ്
അത്രയും വേണാരുന്നൊ?
അപ്പോള്‍ പുസ്തകം????

ചാണക്യന്‍ said...

santhosh|സന്തോഷ്,
ഇയാള്‍ക്കൊരു ഭാവിയുണ്ട്...

പാമരന്‍ said...

മാനെ.. കവിത കൊട്ടാണെങ്കിലും നന്നായി കൊട്ടാനറിയാമെന്നു മനസ്സിലായി. ഇനിയങ്ങോട്ടു വിശാലമായി കൊട്ട്യാട്ടെ. ഇടയ്ക്കു കേക്കാന്‍ വരാം :)

krish | കൃഷ് said...

കവിതയിലൂടെയും കൊട്ടോ.. കൊള്ളാം.

|santhosh|സന്തോഷ്| said...

അനില്‍ശ്രീ, അഭിപ്രായത്തിനു നന്ദി. എത്ര ഒഴിവാക്കിയാലും ബ്ലോഗു വായിച്ചാല്‍ തള്ളിക്കയറി വരികയല്ലേ ഈ ഓര്‍മ്മകള്‍.
അഭിപ്രായം പറഞ്ഞ മറ്റെല്ലാവര്‍ക്കും നന്ദി.

സാഹിത്യത്തെ ബ്ലോഗ് സാഹിത്യമെന്നും പ്രിന്റ് സാഹിത്യമെന്നും കാണാന്‍ തുടങ്ങിയത് ഈ ബ്ലോഗില്‍ വന്നതിനുശേഷമാണ്. ഭാഷപരമായും ദേശപരമായും സാഹിത്യങ്ങള്‍ ഉണ്ടാകുന്നു എന്നു തിരിച്ചറിയുമ്പോഴും ബ്ലോഗ്/പ്രിന്റ് എന്ന വേര്‍തിരിവിനെ അത്രമേല്‍ ഇവിടെ കാണാനാവുന്നു. പ്രിന്റ് മീഡിയ (പ്രിന്റ് സാഹിത്യമല്ല)യെ നാഴികക്ക് നാല്‍പ്പതുവട്ടം കുറ്റം പറയുന്ന പലരും ഒരു പുസ്ത്കം പ്രസിദ്ധീകരിച്ചു കിട്ടാന്‍ ആത്മാവിന്റെ ഉള്ളില്‍ മോഹം കൂട്ടുന്നു എന്നുള്ളത് രഹസ്യമല്ല. ബ്ലോഗിങ്ങിനെ ‘ഇന്‍ലന്റ് മാസിക’കളോടു ഉപമിച്ച പുനത്തിലിനെ ആക്രോശിച്ച ബ്ലോഗന്മാരും ബ്ലോഗിണിമാരും കുറവല്ല(ആ പോസ്റ്റിന്റെ ലിങ്ക് ഓര്‍മ്മ വരുന്നില്ല) തരം കിട്ടുമ്പോളൊക്കെ പ്രിന്റ് മീഡിയയെ കുറ്റം പറയുകയും അതില്‍ ബ്ലോഗിനെക്കുറിച്ചോ ബ്ലോഗറെകുറീച്ചോ ഒരു വരിയെങ്ങാന്‍ വന്നാല്‍ അത് ഉത്സവമാക്കുകയും ചെയ്യുന്ന ഒരു വിരോധാഭാസം ബ്ലോഗില്‍ കാണാം. ബ്ലോഗിങ്ങ് എന്നത് ഇന്നുള്ള സാഹിത്യത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും അതിന് അപാരമായൊരു തലം ഉണ്ടെന്നും കൊട്ടിഘോഷിക്കുകയും തരം കിട്ടുമ്പോള്‍ പ്രിന്റ് മീഡിയയില്‍ മുഖം കാട്ടാനുള്ള വ്യഗ്രതയെ നോക്കി കൊഞ്ഞനം കാണിക്കണം എന്നും തോന്നി(അത്രയേ എന്നെകൊണ്ട് പറ്റൂ)
ഇത് ആരേയും വ്യക്തി പരമായി ആധിക്ഷേപിക്കാനല്ല. പകരം ഇരുവഞ്ചികളിലും കാലിടുന്ന ഒരുപാടു പേരുടെ നേരെ വിരല്‍ ചൂണ്ടാന്‍ മാത്രം. ബ്ലോഗിലെ കാലികമായൊരു വിഷയത്തെ ആധാരമാക്കി എന്നുമാത്രം. പുസ്തകം പബ്ലിഷ് ചെയ്യുന്നത് ഇന്നൊരു ബുദ്ധിമുട്ടല്ല എന്നിരിക്കെ, പഴയതില്‍ നിന്നും ഏറെ എളുപ്പമാണെന്നിരിക്കെ (എത്ര പതിപ്പിറക്കി, എത്ര പേര്‍ വായിച്ചു എന്നതവിടിരിക്കട്ടെ) അതിലിത്ര കൊട്ടിഘോഷത്തിന്റെ കാര്യമെന്ത്?
അപ്പോ വീണ്ടും പാക്കലാം. :)

നരിക്കുന്നൻ said...

കവിത കൊള്ളാം കെട്ടോ..
ആർക്കാണ് സ്വന്തം അക്ഷരക്കൂട്ടങ്ങൾ എഴുതിയ പുസ്ഥകം കാണാൻ താത്പര്യമില്ലാത്തത്?

ഈ പ്രകാശനത്തിനും എന്നെ അറിയിക്കണേ..
ആശംസകൾ.
നരിക്കുന്നൻ