Saturday, August 8, 2009
പുതിയ മുഖം - അശ്രദ്ധയുടെ സിനിമാ മുഖം
കഴിഞ്ഞ ആഴ്ചയാണ് ‘പുതിയമുഖം‘ എന്നൊരു മലയാള സിനിമ കണ്ടത്. പലപ്പോഴും ഞാന്‍ വൈകിയേ മലയാള സിനിമ കാണാറുള്ളൂ. വര്‍ഷങ്ങളായുള്ള പരിചയമല്ലേ, നമ്മുടെ നിഗമനത്തിനപ്പുറം ഒരു മലയാള സിനിമയും ഈയടുത്തനാളുകളില്‍ പുറത്തു വന്നിട്ടില്ല.
പൃഥിരാജ്, പ്രിയാമണി, മീരാ നന്ദന്, ബാല, നെടുമുടി, സായികുമാര്‍, ഷമ്മി തിലകന്, വിജയരാഘവന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ പുതിയ മുഖമെന്ന സിനിമ പുതിയ ഒന്നും നമ്മുടെ മുന്നിലേക്കു വക്കുന്നില്ല. പുതുമയുള്ള ഒരു കഥയോ, തിരക്കഥയോ, കഥാപാത്രമോ, ദൃശ്യാവിഷ്കാരമൊ ഒന്നും.
പ്രൊഫഷണല്‍ നാടക രംഗത്തു നിന്നും വന്ന എം. സിന്ധുരാജാണ് തിരക്കഥാകൃത്ത്. ഏതു രീതിയിലുമുള്ള ട്വിസ്റ്റിനോടൂം, ക്ലൈമാക്സിനോടും കൂട്ടിക്കെട്ടാവുന്ന ഒരു മൂലകഥയാണ് പുതിയമുഖത്തിന്റേത്. അതായത്, പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നു ബ്രാഹ്മണനായ ഒരു നായകന് (മലയാള സിനിമയില്‍ നായകന് എപ്പോഴും ബ്രാഹ്മണന് ആയിരിക്കണമല്ലോ ചുരുങ്ങിയ പക്ഷം നായരെങ്കിലും) എഞ്ചിനീയറിങ്ങ് പഠനത്തിനുവേണ്ടി കൊച്ചിയിലെ ഒരു കോളേജില്‍ എത്തുന്നു. അഗ്രഹാരത്തില്‍ അവനൊരു കാമുകിയുണ്ട്. ചെറുപ്പത്തിലേ അവരുടെ ഇഷ്ടം തിരിച്ചറിഞ്ഞ് അവരുടെ വിവാഹത്തിനു കാത്തിരിക്കുന്ന വീട്ടുകാരും. കോളേജില്‍ വെച്ച് അവന്റെ ജീവിതം മാറിമറയുകയാണ്. അവിടെ നിന്ന് അവനൊരു പുതിയമുഖം കൈവരുന്നു. ഒറ്റവരിയില്‍ ഒരു പുതുമ തോന്നിക്കുന്ന വണ്‍ലൈന്‍. എന്നാല്‍ പുതുമയുള്ള ഒരു കോപ്പും പറയാന്‍ തിരക്കഥാകൃത്തിനും സംവിധായകനുമായിട്ടില്ല എന്നു മാത്രമല്ല, പറഞ്ഞ സംഗതികളൊക്കെ വല്ലാതെ ചീറ്റിപ്പോകുകയും, സംവിധായകന്റെ അശ്രദ്ധ സിനിമയിലുടനീളം സാധാരണ പ്രേക്ഷകനു മനസ്സിലാകത്തക്ക വിധം കാണുകയും ചെയ്യപ്പെടൂന്നു.
മുന്‍പ് പറഞ്ഞ വണ്‍ലൈന്‍ ഏതു ക്ലൈമാക്സിനോടും കൂട്ടികെട്ടാവുന്നതേയുള്ളു. ഉദാഹരണത്തിന് : കോളേജില്‍ എത്തപ്പെടുന്ന നായകന്, അവിടത്തെ മയക്കുമരുന്നു ലോബിയെ കാണുന്നു. അവന്റെ ആത്മാര്‍ത്ഥസുഹൃത്ത് ലോബിയുടെ ഇരയാകുമ്പോള്‍ അവന് പ്രതികരിക്കുന്നു. വില്ലന്മാരെ ഒന്നൊന്നായി കൊന്നൊടുക്കുന്നു. നായകന് കോളേജ് വിദ്യാര്‍ത്ഥിയായതുകൊണ്ട് അവനെ ഭ്രാന്ത് എന്ന രോഗം ഉള്ള ഒരു ബാഗ്രൌണ്ട് കൂടി കൊടുത്താല്‍ അവന് നിയമത്തില്‍ നിന്നും മുക്തമാകും.
ഇനി ഈ കഥ തന്നെ മറ്റൊരു വിധത്തില്‍ പറയാം. കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും കൊച്ചിയിലെ കോളേജില്‍ എത്തിപ്പെട്ട നായകന് അവിടെ ഒരു സെക്സ് റാക്കറ്റിനെ കാണുന്നു. അവന്റെ ഉറ്റമിത്രമായ പെണ്‍കുട്ടി അവരുടെ ഇരയാകുന്നു. അതിനെതിരെ അവന് പ്രതികരിക്കുന്നു. ഒടുക്കം വില്ലന്മാരെ കൊന്നൊടൂക്കുന്നു :) ഇങ്ങനെ ഏതു കഥാ ഗതിയോടും, ക്ലൈമാക്സിനോടും കൂട്ടികെട്ടാവുന്ന ഒരു കഥാമുഖമായാണ് തിരക്കഥാകൃത്തിന്റെയ്യും സംവിധായകന്റേയും വരവ്.
ഈ അയല്പക്കപ്രേമവും മുറപ്പെണ്ണ് പ്രേമവും ഒടുവില്‍ അവരുടെ തെറ്റിദ്ധാരണകളും നമ്മളെത്ര കണ്ടതാണ്??! മാത്രമല്ല. ചെറുപ്പം മുതലേ നാട്ടൂകാരും വീട്ടുകാരും അംഗീകരിച്ച, കൊച്ചുനാളിലെ പ്രണയിതരായ നായകനും നായികയും, ഒറ്റ നിമിഷത്തില്‍ ഒരു വിഷമവുമില്ലാതെ അങ്ങു വേര്‍പ്പിരിയുകയാണ്, കാരണം നായകനു ഭ്രാന്ത് എന്നൊരു അസുഖം ഉണ്ടത്രേ, അതു ഒരിക്കലും മാറാനും വഴിയില്ല. പക്ഷേ, ആദ്യ കാമുകി പിരിഞ്ഞുപോകുമ്പോള്‍ പുതുതായി വരുന്ന പുതിയ കാമുകിക്ക് നായകന്റെ ഭ്രാന്ത് ഒരു പ്രശ്നമല്ല :) (തനിക്ക് ഭ്രാന്ത് എന്ന് ആരോപിച്ചതുകൊണ്ടാണ് മറ്റൊരു വിവാഹത്തിനു നായകന് ആദ്യ കാമുകിയെ നിര്‍ബന്ധിക്കുന്നത്, എന്നാല്‍ പുതിയ നായിക പ്രേമവുമായി വരുമ്പോള്‍ നായകന് അത് സ്വീകരിക്കാന്‍ ഒരു കുഴപ്പവുമില്ല!!! അവളോട് ഭ്രാന്തിനെ പറ്റി പറയുന്നുമില്ല)
ബാല എന്ന വില്ലന്‍ (ബിഗ് ബി ഫെയിം) തുടക്കം മുതല്‍ പൃഥിയെ കാണുമ്പോള്‍ മുതലേ വില്ലനായാണ് പെരുമാറുന്നത്, (തിരക്കഥാകൃത്ത് നേരത്തെ അവനോട് പറഞ്ഞുകാണണം) 80കളിലെ ഒരു ടിപ്പിക്കല്‍ വില്ലനെപോലെയാണ് അങ്ങേരുടെ പെരുമാറ്റം. ആദ്യപകുതി കഴിഞ്ഞ് പാവത്താനായ പൃഥിരാജിന്റെ കഥാപാത്രത്തിന്റെ മനോഭാവം മാറൂന്നതിനും, അമാനുഷിക പരിവേഷത്തിനും യാതൊരു ന്യായീകരണവുമില്ല. (അത് തിരക്കഥകൃത്തിനും സംവിധായകനും മാത്രം അറിയുമായിരിക്കും!!)
അശ്രദ്ധയുടെ എക്സിക്യൂഷന്
തികച്ചും അമേച്ചര്‍ ആയാണ് ഈ സിനിമയുടെ എക്സിക്യൂഷന് നടത്തിയിരിക്കുന്നത് എന്നത് അക്ഷന്തവ്യമായ തെറ്റാണ്. സിനിമയുടെ ഗ്രാമര്‍ അറിയാത്ത ഏതു സാധാരണ പ്രേക്ഷകനും പോലും മനസ്സിലാവുന്ന മട്ടിലുള്ള തെറ്റുകുറ്റങ്ങളാണ് ഈ ചിത്രം മുഴുവന്‍. സ്റ്റണ്ട് സീനുകളില്‍ ഇമ്പാക്റ്റ് കിട്ടാന്‍ വേണ്ടി നായകന്റേയും വില്ലന്റേയും ഗുണ്ടകളുടേയും ദേഹത്തു തൂളുന്ന ചോക്കുപൊടിയും, സ്റ്റണ്ട് സീനില്‍ ദേഹം വേദനിക്കാതിരിക്കാന്‍ തറയില്‍ വിരിക്കുന്ന ടര്‍പായയും, ഫോം ബെഡുമൊക്കെ ഏതൊരു പ്രേക്ഷകനും കാണാവുന്നതാണ് (ഈ ചോക്കുപൊടി വാങ്ങാനുള്ള ചിലവായിരിക്കണം ഈ സിനിമയുടെ മേജര്‍ ബഡ്ജറ്റ്!!) അതു കൃത്യമായും പ്രൊഫഷണലായും ഉപയോഗിക്കാനറിയില്ലെങ്കില്‍ അതുപയോഗിക്കാതിരിക്കുക. നായകന്-വില്ലന്‍ എന്നിവരുടെ ഡ്രെസ്സില്‍ അതിന്റെ പാടുകളും ചുമരുകളിലും മറ്റുമുള്ള പാടുകളുമൊക്കെ നമ്മെക്കൊണ്ട് ‘അയ്യേ’ എന്നു പറയിപ്പിക്കും
മറ്റൊന്ന്, പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സ്റ്റണ്ട് സീനില്‍ സീനിയര്‍ ഉദ്യോഗസ്ഥന് (വിജയരാഘവന്) നായകന്റെ സ്റ്റണ്ടും നോക്കി നില്ക്കുന്നതു കണ്ടാല്‍ അമ്മച്ചിയാണേ, ചിരിച്ചു പോകും :) ഇതുപോലെ അമ്വച്ചറിസ്റ്റിക്ക് ആയി ചിത്രീകരിച്ച ഒരുപാടു സീനുകള്‍ ഈ ‘പുതിയമുഖം’ എന്ന സിനിമയിലുണ്ട്.
ഗ്രാഫിക്സ് എന്നു പറയുന്നത് മലയാള സിനിമക്ക് ഇപ്പോഴും ഭംഗിയായി ചെയ്തുതീര്ക്കാന് കഴിയുന്ന ഒന്നല്ല എന്ന് ഈ ചിത്രം പറയുന്നു. ഗ്രാഫിക്സ് ഉപയോഗിച്ച സീനുകള്‍ മാക്സിമം മോശമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വൈഡ് ലെന്‍സ് എങ്ങിനെ, എപ്പോള്‍, ഏതു സന്ദര്‍ഭത്തില്‍ ഉപയോഗിക്കണം എന്നൊക്കെ സംവിധായകന് ദീപന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അനാവശ്യ സന്ദര്‍ഭങ്ങളില്‍ അണ് പ്രൊഫഷണലായി വൈഡ് ആംഗിളും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സും ഉപയോഗിച്ചിരിക്കുന്ന ഈ സിനിമ ആ സീനുകളില്‍ മാക്സിമം നമ്മെ ബോറടിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രധാന സംഗതി, 500 ഫ്രെയിം സ്ലോമോഷന്‍(മാട്രിക്സ് സിനിമ ഓര്‍ക്കുക) ചിത്രീകരിക്കാന്‍ ബഡ്ജറ്റില്ലാതെ ഫിലിമിനെ ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു ഈ സിനിമയില്‍ --സ്റ്റണ്ട് സീനുകളില്‍-- അതുപയോഗിക്കുന്നതിനു കുഴപ്പമില്ല പക്ഷേ, അതിന്റെ റീപ്രൊഡക്ഷന്‍ കുറ്റമറ്റ രീതിയില്‍ പ്രേക്ഷകനു കൊടുക്കാന്‍ പറ്റണം. ചെന്നൈയിലെ ഏതെങ്കിലും പ്രൊഫഷണല്‍ സ്റ്റുഡിയോകളില്‍ ഭംഗിയായി ചെയ്തെടുക്കാന്‍ പറ്റുന്ന ആ എഫ്. സി. പി എഫക്സ്റ്റ് ( എഫ് .സി.പി എന്ന എഡിറ്റിങ്ങ് സോഫ്റ്റ്വെയറാണ് ഈ സിനിമയിലെ സ്റ്റണ്ട് സീനുകളിലെ എഡിറ്റിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്) മാക്സിമം മോശമാക്കിയിട്ടുണ്ട്. ആവശ്യത്തിലേറെ നോയിസും, ക്ലാരിറ്റിയില്ലായ്മയുമൊക്കെ പ്രേക്ഷകനെ മടുപ്പിക്കും. ഗാന രംഗങ്ങളും ആവശ്യത്തിലേറെ ബോറാക്കിയിട്ടുണ്ട്. ( പിച്ചവെച്ച നാള്‍മുതല്‍...എന്ന ആദ്യ ഗാനത്തില്‍ നായകന് ഫ്രൂട്ട്സ് വില്‍പ്പനക്കാരനാണോ എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പഴയ ന്യൂസ് പേപ്പറുകള്‍ ഒട്ടിച്ചുവെച്ച വഞ്ചിയില്‍ കുറേ പഴ വര്‍ഗ്ഗങ്ങള്‍ നിരത്തിവെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ചിരിച്ചുപൊയി)
ആകര്‍ഷകമായ പോസ്റ്റര്‍ ഡിസെനിങ്ങും ദീപന് എന്ന (ഷാജി കൈലാസിന്റെ പഴയ അസോസിയേറ്റ്) പുതുമുഖ സംവിധായകനുമായിരുന്നു എന്റെ പ്രലോഭനം പക്ഷെ, ദീപന് ഇനിയും ഒരുപാട് സിനിമകളില്‍ അസോസിയേറ്റ് ചെയ്യാനുണ്ട്. എന്നിട്ടെ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാനാവു എന്ന് ഈ സിനിമ തെളിയിക്കുന്നു.
Subscribe to:
Post Comments (Atom)
13 comments:
ദീപന് ഇനിയും ഒരുപാട് സിനിമകളില്‍ അസോസിയേറ്റ് ചെയ്യാനുണ്ട്. എന്നിട്ടെ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാനാവു എന്ന് ‘പുതിയ മുഖം’ എന്ന സിനിമ അക്കമിട്ടു തെളിയിക്കുന്നു.
:)
വളരെ നല്ല ഒരു നിരൂപണം.ആ സിനിമ കണ്ടില്ല, കണ്ടിട്ട് വേണം ഒരു അഭിപ്രായം പറയാന്‍
:)
വളരെ നന്ദി സന്തോഷ്.. വലിയ ഒരു സംഭവം ആണെന്നു കരുതി കാണാനിരിക്കുക ആയിരുന്നു.. എന്തായലും ടിക്കറ്റ് കാശ് പോയില്ല..
രഞ്ജിത് വിശ്വം
ഞാന്‍ പറഞ്ഞതു കേട്ടു കാണാതിരിക്കണ്ട. മലയാള സിനിമ ഇനി അതുകൊണ്ട് സാമ്പത്തിക നഷ്ടമാകണ്ട :) എന്തായാലും രണ്ടരമണിക്കൂര്‍ ഇരുന്നു ചിരിക്കാവുന്ന സംഭവമാണ്, ആക്ഷന്‍ സിനിമയാണെങ്കിലും
കാണാതിരുന്നാലും നഷ്ടമൊന്നുമില്ലെന്നു്. അല്ലേ?
നിരൂപണം ശരിവെക്കുന്നു. പുതിയ മുഖമെന്ന സിനിമ ഞാനും കണ്ടിരുന്നു. നല്ലൊരു ‘തമാശ’പ്പടമായിരുന്നു :) :)
പോസ്റ്റർ ഒക്കെ കണ്ട് ഒന്നാശവച്ചതായിരുന്നു :( പൃഥ്വിയോടുള്ള ഒരു മമത തന്നെ കാരണം.ആശാൻ നന്നായി വളരെ റിയലിസ്റ്റിക്കായി പല ഇന്റർവ്യൂവിലും സംസാരിക്കുന്നു.സെൻസിബിൾ ആയി ആശാൻ പടങ്ങൾ തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കാം.
സന്തോഷേ സിനിമാ നിരൂപണം തുടങ്ങിയതിൽ സന്തോഷമുണ്ട്.ജയൻ രാജൻ പടമെടുക്കാൻ പോയതില്‍പ്പിന്നെ ക്ഷുഭിതയൗവനങ്ങൾ റിവ്യൂ എഴുതുന്നത് ഹരി മാത്രമായി.തുടരനാവട്ടെ പരിപാടി.മൾട്ടിപ്പിൾ ആംഗിൾ ഓഫ് വ്യൂസ്..!
പടം ഞാനും കണ്ടിരുന്നു ഭായ്,
ഒരു തമിഴ് പടം ആണ് പ്രതീക്ഷിച്ചത് എന്നാലും ഇതു കുറെ കടന്നു പോയി .
ഭായ് പറഞ്ഞതു പോലെ ചോക്ക് പൊടിയുടെ ഉപയോഗം കണ്ടു ചിരിച്ചു ചിരിച്ചു ചത്തു..
പിന്നെ വൈഡ് ലെന്‍സ് വെച്ചുള്ള കളികള്‍ ആവശ്യത്തിനും ആവാം, എന്ന് വെച്ചു എന്ത് ചെയ്താലും വൈഡ് ലെന്‍സ് വേണം എന്ന് സംവിധായകന് നിര്‍ബന്ധം ഉള്ളതു പോലെ തോന്നി..
ഒരു ആവശ്യവും ഇല്ലാത്ത കുറെ സ്ലോ മോഷന്‍ രംഗങ്ങളും, അതെല്ലാം നോര്‍മല്‍ സ്പീഡില്‍ കാണിച്ചിരുന്നെങ്കില്‍ ഒരു അര മണിക്കൂര്‍ നേരത്തെ ഈ പാതകം അവസാനിച്ചേനെ.
തികച്ചും സത്യസന്ധം ആയ റിവ്യൂ , നന്നായിട്ടുണ്ട്..
പടത്തിന്റെ റിലീസ് ഷോ തന്നെ കണ്ട് മണ്ടത്തരം ഞാന്‍ വിണ്ടും കെളിയിച്ചതാ...........
അടിവര...
സിനിമ കണ്ടില്ല.പക്ഷെ പാട്ടുകൾ കണ്ടു.വളരെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.സിനിമയെക്കുറിച്ച് കണ്ടിട്ട് അഭിപ്രായം പറയാം
I liked the movie. I did not notice those mistakes. Stunts are thrilling. I experienced something called adrenaline rush....
Post a Comment