Thursday, May 14, 2009

കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍

ബ്ലോഗ് നമുക്കെല്ലാവര്‍ക്കും തുറന്നു തന്ന സ്വാതന്ത്ര്യം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. മനസ്സിലുള്ളിലെ ഭാവനയും നോവും അക്ഷരങ്ങളിലൂടെ പിറക്കുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ അനുഭവിച്ചറിഞ്ഞതുമാണ്. എങ്കിലും ഈ സ്വാതന്ത്ര്യം പകര്‍ന്നു തന്നത് അനുഭവിക്കേണ്ടി വരുന്ന വായക്കാരുടെ ഭാഗ്യവും നിര്‍ഭാഗ്യവും കൂടി പറഞ്ഞറിയിക്കാന്‍ വയ്യ.

വിശാലമനസ്കന്‍ തുടങ്ങിവെച്ച(അല്ലെങ്കില്‍ ഹിറ്റാക്കിയ) നര്‍മ്മം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പുകളുടെ നിരവധി അനുകരണങ്ങള്‍ ബ്ലോഗിലുണ്ടായി, ഇപ്പോഴും ഉണ്ടാകുന്നു. അതില്‍ തെറ്റൊന്നുമില്ല. എഴുതാന്‍ അറിയുന്നവന് എഴുത്തിന്റെ ഏതുമേഖലയിലും തന്റെ കയ്യൊപ്പു ചാര്‍ത്താനാവും. പ്രതിഭാ ശൂന്യനായൊരാള്‍ കാലത്തിന്റെ പിറകിലേക്കു പോകും. അതിന്റെ ഉദാഹരണമാണ് പുലി പോലെ വന്ന് എലിപോലുമാകാതെ ബ്ലോഗ് ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു പോയ പല ബ്ലോഗുകളും ബ്ലോഗര്‍മാരും.

പറഞ്ഞു വന്നത്, ബ്ലോഗിലെ കവികളെക്കുറിച്ചും കവിതകളെകുറിച്ചുമാണ്. കവിത എഴുതാന്‍ തോന്നുന്നതും എഴുതുന്നതും തെറ്റല്ല. പക്ഷെ അതൊരാവര്‍ത്തിപോലും വായിക്കാതെ വായനക്കാരന്റെ മുന്‍പില്‍ ശര്‍ദ്ദിച്ചു വെക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. വൃത്തവും അലങ്കാരവുമൊക്കെ അവിടെ നിക്കട്ടെ, പക്ഷെ ഒരൊറ്റ കവിതപോലും വായിക്കാതെ, ഒരു കവിയുടെ പേരു പോലും ഓര്‍മ്മയിലില്ലാതെ, പദസമ്പത്തോ പദഘടനയോ ഭാവനയോ പോലുമില്ലാതെ ‘വായില്‍ വരുന്നത് കോതക്ക് പാട്ട്’ എന്ന മട്ടില്‍ ബ്ലോഗ് പേജുകളില്‍ ചര്‍ദ്ദിച്ചു വെക്കുന്ന അക്ഷരമലിനങ്ങളെ എങ്ങിനെയാണ് കവിത എന്നു വിളിക്കുന്നത്? മാത്രമല്ല. ‘ഞാനിതാ ഒരു മഹത്തായ കവിത എഴുതി, വന്നു വായിച്ചു കോള്‍മയിര്‍ കൊള്ളൂവിന്‍ അഭിപ്രായപ്പെടുവിന്‍’ എന്ന മട്ടില്‍ ബ്ലോഗിലും മെയിലിലും ഓര്‍ക്കുട്ടിലുമൊക്കെ പരസ്യം ചെയ്യുന്നവര്‍; തന്റെ കവിത വായിക്കാന്‍ വരുന്നുവര്‍ കവിതാ വായനയുള്ളവരായിരിക്കും എന്ന ഒരു സാമാന്യ ബുദ്ധി പോലും ഇല്ലാത്തവരാകുന്നതെന്ത്?

അടുത്തിടെയാണ് ഒരു ബ്ലോഗു കവിയുടെ ‘മഹത്തായ’ കവിതകള്‍ വായിക്കാനിടയായത്. എല്ലാദിവസവും ഓരോ കവിത എന്നമട്ടില്‍ പടച്ചുവിട്ടിരിക്കുന്ന ആ അക്ഷര തോന്ന്യാസം വായനക്കാരന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്നതാണ്. ഒരു ഉദാഹരണം തരാം. കവി പ്രണയത്തെകുറിച്ച് പറഞ്ഞതിങ്ങനെ :
പ്രകൃതി പ്രണയമാണ്
പ്രണയം പ്രയത്നമാണ്
പ്രയത്നം പ്രതീക്ഷയാണ്
പ്രതീക്ഷ പ്രശ്ന പരിഹാരമാണ്

പ്രണയം പ്രഹ്ലാദമാണ്
പ്രഹ്ലാദം പ്രസരിപ്പാണ്
പ്രസരിപ്പ് പ്രവേശമാണ്
പ്രവേശം പ്രത്യക്ഷമാണ്


ഇനി നിങ്ങള്‍ പറയൂ.. ഇതിനെ എന്ത് പേര്‍ വിളിക്കും. ‘പ്ര’ എന്ന ഒരു വാക്കു വെച്ചു കവി(?) കാണിച്ച സര്‍ക്കസ്സിനപ്പുറം ഇതെന്താണ്? പ്ര-യില്‍ തുടങ്ങുന്ന സകലമാന വാക്കുകളും പിന്നെ തന്റെ വക കുറച്ചു ‘പ്ര’കളും കൂട്ടിച്ചേര്‍ത്ത് കവി എഴുതിയ സാഹസമാണത്. അതുപോലെ ഈ കവിയുടെ നിശാഗന്ധി എന്ന പുതിയ കവിതയിലെ

“"ആരെയും കവരും നിന്‍ പാല്‍
പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ "

എന്ന വരികള്‍ നോക്കു. പുഞ്ചിരി പാല്‍ സമാനമെന്നു ആദ്യമേ കവി പറഞ്ഞു വെച്ചിട്ടുണ്ട്. അതോടൊപ്പം അതു കടഞ്ഞ വെണ്ണപോലെ എന്നും :) അര്‍ത്ഥം ആലോചിച്ചാല്‍ ‘ പാല്‍ പോലെ വെളുത്തതും ശുദ്ധവുമായ നിന്റെ പുഞ്ചിരി കടഞ്ഞ വെണ്ണ പോലെ യാണ്” (ജഗദീഷ് ഒരു സിനിമയില്‍ പറയുന്നതു പോലെ ‘അങ്ങിനെ ചെയ്യുന്നതിനേക്കാള്‍ നല്ലതാണല്ലോ അങ്ങിനെ ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ....“ ) മാത്രമല്ല എന്റെ പരിചയത്തില്‍ വെണ്ണയെ ആരും കടഞ്ഞതായി കേട്ടിട്ടില്ല. തൈര് ആണ് കടയുക. തൈര്‍ കടയുന്നതില്‍ നിന്നും കിട്ടുന്നതാണ് വെണ്ണ.

ഈ കവിതാ(?) ബ്ലൊഗില്‍ കവിത എന്ന ലേബലില്‍ എഴുതിവെച്ചതൊക്കെ ശുദ്ധ അസംബന്ധങ്ങളാണെന്ന് വിനീതമായി പറയേണ്ടി വരുന്നു. ഈ കവിയുടെ ഒരു കവിതാ പോസ്റ്റില്‍ ഞാനൊരിക്കല്‍ ഒരു കമന്റിട്ടിരുന്നു. നല്ല ഭാഷയില്‍. പക്ഷെ പതിനഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ ആ കമന്റ് അപ്രത്യക്ഷമായി :) വീണ്ടും ആ കമന്റ് ഞാന്‍ ആവര്‍ത്തിച്ചു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അതും അപ്രത്യക്ഷമായി. ഇതില്‍ നിന്നും എനിക്കു മനസ്സിലായത് ഈ സ്വയം പ്രഖ്യാപിത കവികള്‍ ആരുടേയും വിമര്‍ശനമോ നിരൂപണമോ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. ഞാനെഴുതിയത് അതി മഹത്തരമായ കവിതയാണെന്ന അഹന്തയും ഞാന്‍ വിമര്‍ശനത്തിനതീതനാണെന്നും എനിക്ക് വേണ്ടത് എന്റെ കവിതയെ വാനോളം പുകള്‍ത്തുന്ന പൊങ്ങച്ച കമന്റുകളാണെന്നുമാണ്.

ഈ കവിയുടെ കവിതാ വായനയും, ബ്ലോഗ് വായനയും, അഭിപ്രായ പ്രകടനവും കാണാന്‍ ബ്ലോഗില്‍ മറ്റു കവിതാ ബ്ലോഗിലൂടെ ഞാനൊരു ഓട്ട പ്രദക്ഷിണം നടത്തി. നിരാശയായിരുന്നു ഫലം. ബ്ലോഗിലെ ഒരു കവിതാബ്ലോഗിലും, കവിതാ പോസ്റ്റിലും ഈ മഹാ കവി ഒരൊറ്റ കമന്റു പോലും ഇട്ടിട്ടില്ല. ഒരാളോടും ഒരു സംശയം ചോദിച്ചിട്ടില്ല.

കൂടുതലേറെ പറയാനില്ല. എഴുത്തല്ല മറിച്ച് വായനയാണ് നമ്മളിലെ എഴുത്തിനെ കൂടുതല്‍ വളര്‍ത്തുന്നത്. നിരന്തരമായ വായനയും നിരന്തരമായ നിരീക്ഷണവും നല്ല കവിതകളെ സൃഷ്ടിക്കാന്‍ നമുക്ക് പ്രചോദനം നല്‍കും. അല്ലാതെ പൊട്ടക്കിണറ്റിലെ തവളയെപോലെ, താനിരിക്കുന്നത് കവിതയുടെ മഹാ സ്വര്‍ഗ്ഗത്തിലാണെന്നും താനൊരു മഹാകവിയാണെന്നും കരുതുന്നത് മൌഢ്യമായിരിക്കും എന്നുകൂടി വിനീതമായി പറഞ്ഞോട്ടെ.

മഹാ കവിയുടെ മഹാ കവിതാ ബ്ലോഗ് ഇതാ ഇവിടെ..

കവിത വായിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു ചെറുനാരങ്ങ കയ്യില്‍ കരുതുന്നതു നന്നായിരിക്കും. ചര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സി വന്നാല്‍ ഒന്നു മണപ്പിക്കാമല്ലോ :)

12 comments:

|santhosh|സന്തോഷ്| said...

പറഞ്ഞു വന്നത്, ബ്ലോഗിലെ കവികളെക്കുറിച്ചും കവിതകളെകുറിച്ചുമാണ്. കവിത എഴുതാന്‍ തോന്നുന്നതും എഴുതുന്നതും തെറ്റല്ല. പക്ഷെ അതൊരാവര്‍ത്തിപോലും വായിക്കാതെ വായനക്കാരന്റെ മുന്‍പില്‍ ശര്‍ദ്ദിച്ചു വെക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്.

ആ കവിത വായിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു ചെറുനാരങ്ങ കയ്യില്‍ കരുതുന്നതു നന്നായിരിക്കും. ചര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സി വന്നാല്‍ ഒന്നു മണപ്പിക്കാമല്ലോ :)

കുഞ്ഞന്‍ said...

മാഷെ..

കടഞ്ഞ വെണ്ണപോലെ..എന്നത് കടഞ്ഞെടുത്ത വെണ്ണപോലെ എന്നല്ലെ..അങ്ങിനെയല്ലെ വായിക്കേണ്ടതും..???

|santhosh|സന്തോഷ്| said...

@ കുഞ്ഞന്‍
കടയാതെ വെണ്ണ കിട്ടില്ലല്ലൊ ;)
“കടഞ്ഞെടുത്ത വെണ്ണപോലെ “ എന്നാണ് കവി പറയുന്നതെങ്കില്‍ ഒകെ. പക്ഷെ കവി ഉദ്ദേശിക്കുന്നത് കടഞ്ഞ/കടയുന്ന വെണ്ണ എന്നാണ് (വെളുപ്പ് എന്ന അര്‍ത്ഥത്തിലാണ് ആ പ്രയോഗം)‌ മാത്രമല്ല, പുഞ്ചിരിയെ ‘പാല്‍ പോലെ‘ എന്ന് കവി മുന്‍പേ വിശേഷിപ്പിക്കുകകൂടി ചെയ്യുന്നു. അതിലൂടെ എനിക്കു മനസ്സിലായത് കവി വിശേഷണങ്ങളെക്കുറീച്ചും ഉപമാ പ്രയോഗങ്ങളെകുറിച്ചും അജ്ഞനാണെന്നാണ്.

ശ്രീ said...

മാഷേ...

കവിതയെ പറ്റി പറയാനുള്ള അറിവില്ല. വായിച്ചു തുടങ്ങുമ്പോള്‍ ഇഷ്ടപ്പെടുന്നെങ്കില്‍ അത് വായിയ്ക്കും എന്ന് മാത്രം.

ഇവിടെ കടഞ്ഞ വെണ്ണ പോലെ എന്നു പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ കടഞ്ഞെടുത്ത വെണ്ണ പോലെ എന്ന അര്‍ത്ഥമേ അതു കൊണ്ടുദ്ദേശിയ്ക്കുന്നുള്ളൂ എന്ന് തോന്നുന്നു.

|santhosh|സന്തോഷ്| said...

@ ശ്രീ

‘പാല്‍‘ പോലുള്ള പുഞ്ചിരി കടഞ്ഞെടുത്ത ‘വെണ്ണ‘പോലെ എന്നു പറഞ്ഞാലും അത് ശരി തന്നെയോ? ;)

അദ്ദേഹത്തിന്റെ ബ്ലോഗ് മുഴുവനായല്ലെങ്കിലും കുറച്ചു കവിതകളെങ്കിലും അറ്റ് ലീസ്റ്റ് ‘നിശാഗന്ധി’ എന്ന കവിതയെങ്കിലും മുഴുവനായി വായിച്ചു നോക്കു. ഞാനീ പറഞ്ഞതില്‍ എന്തെങ്കിലും ശരിയുണ്ടോ എന്നു മനസ്സിലാവും

old malayalam songs said...

ഏതയാലും താങ്കള്‍ എനിക്ക് വലിയ ഉപകാരമാണ് ചെയ്യുന്നത് .
എന്നെ കുറിച്ച് ഒത്തിരി പേര്‍ അറിഞ്ഞു...,വളെരെ നന്ദിയുണ്ട്..
പിന്നെ ഒരുപാട്‌ പേര്‍ എന്നെ കാണുന്നു ......
താങ്കള്‍ ചോദിച്ചതിനുള്ള മറുപടികള്‍ താങ്കളുടെ ബ്ലോഗില്‍ തന്നെയുണ്ട്‌...
താങ്കള്‍ ഇനിയും അഭിപ്രായം എഴുതണം....

ഹന്‍ല്ലലത്ത് Hanllalath said...

പാല് പോലെ വെളുത്ത , വെണ്ണ പോലെ കളങ്കമില്ലാത്ത എന്നായിക്കൂടെ മാഷെ..?
അതിലെന്താ തെറ്റ്...??????

കടഞ്ഞ വെണ്ണ എന്നാല്‍ കടഞ്ഞെടുത്ത് കിട്ടുന്ന വെണ്ണ തന്നെയാണ്
അത് സാമാന്യ ബുദ്ധി കൊണ്ട് മനസ്സിലാക്കാമല്ലോ...
വാദത്തിനു വേണ്ടി വാദിക്കണോ..?

പിന്നെ ആരും പൂര്‍ണരല്ലെന്നു താങ്കള്‍ക്കും അറിയാമല്ലോ..
അദ്ദേഹം മഹാ സംഭവമാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചതായൊന്നും കാണുന്നില്ല..
ആ നിലയ്ക്ക് ആ മനുഷ്യനെ എന്തിനു ഉപദ്രവിക്കണം..?
കവിതാ ലോകത്ത് ചിലപ്പോ അദ്ദേഹം ഒന്നുമല്ലായിരിക്കാം
എന്നാല്‍ എഴുതുന്ന ആളിന് അത് വിലപ്പെട്ടത്‌ തന്നെയാണ്..
തെറ്റുകള്‍ സദുദ്ധേശത്തോടെ ചൂണ്ടിക്കാണിക്കുക...അതാകും നല്ലത്...

എനിക്ക് നിങ്ങള്‍ രണ്ടു പേരെയും അറിയില്ല..
ശെരിയെന്നു തോന്നുന്നത് പറയുന്നു..

|santhosh|സന്തോഷ്| said...

പ്രിയ SJ
താങ്കളിലൊരു വളരെ ചെറിയ എഴുത്തുകാരന്‍/രചയിതാവ് ഉണ്ട് എന്നുള്ളതാണ് ശരി. പക്ഷെ അതിനെ വളര്‍ത്താനും വികസിക്കാനുമുള്ള പരിശീലനം താങ്കള്‍ നടത്തുന്നില്ല. അതിനെക്കുറിച്ചാണീ പോസ്റ്റ്. അല്ലാതെ താങ്കള്‍ എന്ന ഒരു വ്യക്തിയെക്കുറിച്ചല്ല. ഈ പോസ്റ്റില്‍ താങ്കളുടെ പേരു പരാമര്‍ശിച്ചില്ല എന്നതും വ്യക്തി ഹത്യ നടത്തിയില്ല എന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. പോസ്റ്റില്‍ വരുന്ന വിമര്‍ശന കമന്റുകളെ ഉള്‍ക്കൊള്ളാനും, മറ്റു കവിതകളെ വായിക്കാനും താങ്കള്‍ ഇനിയെങ്കിലും ശ്രമിക്കുമെന്നു കരുതുന്നു. എഴുതി കഴിഞ്ഞ കവിതകളെ വീണ്ടും വീണ്ടും വായിക്കാനും അവ തിരുത്താനും കൂടി ശ്രദ്ധിച്ചാല്‍ താങ്കളിലുള്ള കവി നല്ല രീതിയില്‍ പുറത്തു വരുമെന്നു കൂടി പറയട്ടെ.

ആശംസകളോടെ.

|santhosh|സന്തോഷ്| said...

പ്രിയപ്പെട്ട hAnLLaLaTh

ഇവിടെ കടഞ്ഞെടുത്ത വെണ്ണയും തൈരും മോരും പാലുമൊന്നുമല്ല വിഷയം!
ആ ബ്ലോഗറുടെ കവിത്വ ഗുണത്തെ പരിചയപ്പെടൂത്തുക എന്നു മാത്രം. അതിനെ ഉദാഹരിക്കാന്‍ രണ്ടു വരി എടുത്തുദാഹരിച്ചു എന്നു മാത്രം. എന്റെ വാദം തെറ്റാണെന്നു വാദിച്ചാല്‍ തന്നെ അതിനു മുകളില്‍ കൊടുത്ത പ്രണയം എന്ന കവിതയെ കുറീച്ചു എന്താണ് പറയാനുള്ളത്? അല്ലെങ്കില്‍ കവിയുടെ ബ്ലോഗിലെ മറ്റു പോസ്റ്റുകളെകുറിച്ച്?

ഞാന്‍ ഈ പോസ്റ്റില്‍ കവിയുടെ പേരു പരാമര്‍ശിച്ചില്ല എന്നതും വ്യക്തിപരമായി ആക്ഷേപിച്ചില്ല എന്നതും മനസ്സിലായി കാണുമല്ലോ. മറിച്ച് ‘രാജു ഇരിങ്ങല്‍’ എന്ന ബ്ലോഗറുടേയോ ‘മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍’ എന്ന ബ്ലോഗറേയോ പരാമര്‍ശിച്ച പോലെ ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ വല്ലതും കുറിക്കുകയുണ്ടായോ?

ആരും പൂര്‍ണ്ണരല്ലെന്നു എനിക്കറിയാം, പക്ഷെ കവിതകളെ കുറിച്ചുള്ള വിമര്‍ശനത്തെ ഉള്‍ക്കൊള്ളാതെ അവ ഡെലിറ്റ് ചെയ്യുകയും അവയെ അവഗണിക്കുകയും മറിച്ച് പുകഴ്ത്തുന്ന കമന്റുകള്‍ക്കു മാത്രം മറൂപടി കൊടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സങ്കുചിത മനസ്സിനെ തുറന്നു കാണിക്കുകയാണ് ഞാന്‍ ചെയ്തത്. അല്ലാതെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല.

ഇനിയും സ്വന്തം കവിതകളില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിനു ശ്രദ്ധിക്കപ്പെടാം. അത് പക്ഷെ ആ ബ്ലോഗര്‍ വിചാരിക്കേണ്ടതാണ്. ഞാനല്ല. :)

സ്പെഷല്‍ : ഇനിയും ആരെങ്കിലും ‘വെണ്ണ തൈര് ‘ എന്നു മാത്രം പറഞ്ഞാല്‍ ആ കമന്റ് ഡെലിറ്റും. അല്ല പിന്നെ!!! കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ല എന്നുണ്ടോ? :)

പൂജാരി said...

“"ആരെയും കവരും നിന്‍ പാല്‍“

എന്നിടത്ത് ഒരു നിര്‍ത്തല്‍ ഉണ്ടു മാഷേ.... അതായതു നായികയുടെ പാല്‍ ആരെയും കവരും എന്ന്.

ശിവ ശിവ.. ശംഭോ മഹാദേവ

എഴുത്തച്ഛനച്ഛന്‍ said...

‘...പാല്‍
പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ..”

ഹഹഹ ഹെനിക്കു വയ്യ.. മെഷീന്‍ ഗണ്ണിലൂടെ രാമയണം വായിച്ച കിളിയുടെ കവിതയും ദ്രൌപതി മുറൂക്കിത്തുപ്പിയ വെളുത്ത ചുമരും കണ്ടും വായിച്ചും ദാ ഇപ്പോ വന്നതേയുള്ളു. അപ്പോഴാ പാല്‍ പുഞ്ചിരിയുടെ കടഞ്ഞ വെണ്ണ :) ഹെനികു വയ്യ!!

“പ്രയത്നം പ്രതീക്ഷയാണ്
പ്രതീക്ഷ പ്രശ്ന പരിഹാരമാണ്“
ഈശ്വരന്മാരെ എന്തൊക്കെയാണാവോ ഇതിന്റെ അര്‍ത്ഥം!!???

അരുണ്‍ കരിമുട്ടം said...

പ്രിയ കൂട്ടുകാരാ,
താങ്കള്‍ ഈ പോസ്റ്റിട്ടട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു.വളരെ യാദൃശ്ചികമായാണ്‌ ഞാന്‍ ഈ ബ്ലോഗിലേക്ക് കടന്ന് വന്നത്.കവിത എഴുതാന്‍ എനിക്കറിയില്ല.ര്ണ്ട് കവിത എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്, ഇനി എഴുതിയാല്‍ എന്നെ വച്ചേക്കില്ല എന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ ഭീക്ഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ ആ സാഹസത്തില്‍ നിന്ന് പിന്മാറി.താങ്കളുടെ വരികളെ സപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം(വ്യക്തിഹത്യക്ക് ഞാന്‍ കൂട്ടല്ല) ഒന്ന് പറയട്ടെ, ബൂലോകത്ത് നല്ല കവിതകളും ഉണ്ടാകുന്നുണ്ട്.
"ക്ഷീരമുള്ളകിടിന്‍ ചോട്ടിലും ചോരതന്നെ കൊതുകിനു കൌതുകം"
നമ്മള്‍ ആ രീതിയില്‍ ആകരുത്..
എന്തിരുന്നാലും ഈ പോസ്റ്റിനു എന്‍റെ വക ഒരു നൂറ്‌ മാര്‍ക്ക്.
(നിങ്ങള്‍ അത് അര്‍ഹിക്കുന്നു)