Tuesday, March 17, 2009

പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥി?

എന്നത് എനിക്കെത്രയും ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. മുട്ടിനു മുട്ടിനു പുട്ടിനു പീരയെന്നപോലെ മതേതരത്വവും മത സൌഹാര്‍ദ്ദവും പറയുന്നവരും (പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകുമോ ആവോ?) പൊന്നാനിയിലെ സീറ്റിനു വേണ്ടി മതഭക്തനും, വിശ്വാസിയും, മത ചിഹ്നങ്ങള്‍ ധരിച്ചവനും സര്‍വ്വോപരി അടിമുടി മുസ്ലീമായ ഒരു വ്യക്തിയെ തേടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ഇടതനും വലതനും അതില്‍ വിത്യാസമില്ല. മലപ്പുറത്തിന്റെ മലക്കിപ്പുറം മതി മതേതരത്വം എന്നാവും വിപ്ലവപ്പാര്‍ട്ടികളുടെയും അതില്ലാത്തവരുടേയും നിലപാടുകള്‍. അല്ലെങ്കിലും തിരഞ്ഞെടൂപ്പിലെന്ത് മതേതരത്വവും മത സൌഹാര്‍ദ്ദവും പാര്‍ട്ടി പ്രത്യയശാസ്ത്രവും വിപ്ലവവും?

രാഷ്ട്രീയത്തിലേയും പാര്‍ട്ടിയിലേയും ചക്കളാത്തിപോരാട്ടങ്ങളേ കണ്ട് മടുത്ത്, ഭരണം പത്തായത്തിനുള്ളിലാക്കി മൂടിയിട്ട്, അഴിമതിയേയും സ്വജനപക്ഷപാതത്തേയും തുറന്നുവിട്ടത് കണ്ടിട്ട്, ഇനിയൊരു പ്രതീക്ഷക്കു വകയില്ല എന്നു കരുതുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ, (കേരളത്തിലെ വോട്ടിങ്ങ് ശതമാനം അങ്ങോ‍ട്ടൊ ഇങ്ങോട്ടോ ആയി നിര്‍വ്വചിക്കുന്ന, ഇടതനേയോ വലതനേയോ ഭരിക്കാനവസരം കൊടുക്കുന്ന) പാര്‍ട്ടി പ്രത്യയശാസ്ത്രം പേറാത്ത, പാര്‍ട്ടി നേതാക്കളെ സമൂലം ന്യായികരിക്കാത്ത ദരിദ്ര നാരായണന്മാരെ നമുക്ക് നിക്ഷ്പക്ഷമതികള്‍ എന്നു വിളിക്കാം പക്ഷെ പാര്‍ട്ടി നിലപാടില്‍, കാഴ്ചപ്പാടില്‍ അതുമല്ലെങ്കില്‍ രാഷ്ടീയക്കാരന്റെ കണ്ണില്‍ അവര്‍ അവസരവാദികളാണ്. അരാഷ്ടീയരാണ്, ചെറ്റകളാണ്. കാരണം അവരാണല്ലോ കേരളത്തിന്റെ തിരഞ്ഞെടുപ്പിന്റെ പ്രധാന ഭാഗധേയം നിശ്ചയിക്കുന്നത്.

പറഞ്ഞു വന്നത്, പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥി? മുസ്ലീം ഭൂരിപക്ഷ മണ്ഡലമെന്നോ മുസ്ലീം ജനവാസം കൂടുതലെന്നോ പറയുമായിരിക്കും. കണ്ണില്‍ പൊടിയിടാന്‍ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനെന്നോ അവരുടെ സര്‍വ്വവിധ സംരക്ഷണത്തിനെന്നോ പറയുമായിരിക്കും. അപ്പോള്‍ 41 ശതമാനം ഹിന്ദുക്കളുള്ള പൊന്നാനിയില്‍ അവരെ ആരു സംരക്ഷിക്കും എന്നു ഹിന്ദുക്കള്‍ ചോദിക്കുമായിരിക്കും. കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളെപ്പോലെ നാളെ ഹിന്ദുക്കളും അമ്പലചാരികളാവുകയോ പൂജാരിയോ പുരോഹിതനോ അവരുടെ തീരുമാനങ്ങളെ നിര്‍ണ്ണയിക്കുകയാണെങ്കില്‍ മറ്റു സമുദായങ്ങളെപ്പോലെ ഹിന്ദുക്കളും സംഘടിതമാകുമെങ്കില്‍ അവര്‍ക്കും ഒരു സ്ഥാനാര്‍ത്ഥിയെ നോക്കേണ്ടി വരില്ലേ ?

രണ്ടത്താണിയോ ഹുസൈനോ പറ്റില്ലെങ്കില്‍ സര്‍വ്വ സമ്മതന്‍ - സ്വതന്ത്രന്‍. അതാര്? സംവിധായകന്‍ കമല്‍. കാരണം?? എന്തുകൊണ്ട് മറ്റു സംവിധായകരായില്ല?? ഒന്നു ചുഴിഞ്ഞു നോക്കു സാര്‍? എന്തെങ്കിലും അരുതാത്തത് കാണുന്നുണ്ടോ? എന്തോ ചീഞ്ഞു നാറുന്നുണ്ടോ?

തിരുവനന്തപുരം ജില്ലയില്‍ നാടാരോ നായരോ അല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍, എറണാകുളത്ത് സഭയോട് ബന്ധമില്ലാത്ത, ലത്തീന്‍ സമുദായക്കാരനല്ലാത്ത, മലപ്പുറത്ത് മുസ്ലീമല്ലാത്ത, തൃശ്ശൂര്‍ ഈഴവനോ ക്രിസ്ത്യാനിയോ അല്ലാത്ത, ഒരു മതേതരക്കാരനേയോ, അവിശ്വാസിയേയോ, നിരീശ്വരവാദിയേയോ, മതചിഹ്നങ്ങള്‍ പേറത്താവനേയോ ഇവരെയൊക്കെ ഈ തിരഞ്ഞെടൂപ്പില്‍ മത്സരിപ്പിക്കാന്‍ എന്നാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നട്ടെല്ല് ഉണ്ടാവുക. നട്ടെല്ലെന്നു പറഞ്ഞാല്‍ ഇന്നുള്ള രാഷ്ടീയക്കാര്‍ക്കുള്ള പ്ലാസ്റ്റിക്കിന്റെ പിവിസി പൈപ്പ് അല്ല. നടൂ വളയാത്ത നല്ല നട്ടെല്ല്.

പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.


വാല്‍ക്കഷ്ണം : പണ്ട് ഒരു തെരഞ്ഞെടുപ്പില്‍ ‘വര്‍ഗ്ഗീയ വാദികളുടെ വോട്ട് ഞങ്ങള്‍ക്കു വേണ്ട’ എന്ന് സധൈര്യം നെഞ്ചൂറ്റത്തോടെ പറയാന്‍ നമുക്കൊരു ഇ.എം.എസ് ഉണ്ടായിരുന്നു. ഇന്ന്......?

6 comments:

|santhosh|സന്തോഷ്| said...

പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.

-: നീരാളി :- said...

അതെ, സത്യമിതാണ്‌. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ആളു മാറും, വേഷം മാറും, കോലം മാറും, നാക്കിന്റെ നീളം കൂടും. മലയാളിയോടും ഇതു കളിക്കുന്നുവെങ്കില്‍ പുറം ദേശത്തെ കാര്യമെന്താവും ? പുരോഗമനം പറയുന്ന വിപ്ലവകക്ഷികളുടെ കാര്യമാണ്‌ ഏറെ ദയനീയം. ബ്ലോഗുകളില്‍ പാഠപുസ്‌തക വിവാദത്തില്‍ ഇടപെട്ട പുരോഗമനവാദികളായ ബ്ലോഗര്‍മാരൊക്കെ എവിടെപോയി ഒളിച്ചു. അവരിതൊന്നും കാണുന്നില്ലെ. അധികാരക്കൊതിക്കപ്പുറം തിരുവായ്‌ തുറക്കില്ലായിരിക്കും.

മന്ത്രി ബേബി പോലും നായരേയും നസ്രാണിയേയും ഈഴവനേയും സോപ്പിടാന്‍ നടക്കുകയാണത്രെ ഇപ്പോള്‍. അതുകൊണ്ടു തന്നെ അവരുടെയൊക്കെ വീമ്പളിക്കലുകള്‍ക്കും, വിലപേശലുകള്‍ക്കും ബലം വര്‍ദ്ധിക്കും. ഗൃഹണകാലത്തെ ക്ഷുദ്രജീവികളെപ്പോലെ....

ഗള്‍ഫ് വോയ്‌സ് said...

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.

കേരളത്തില്‍ വര്‍ഗ്ഗിയകലാപങളുണ്ടാക്കാന്‍ ചിലക്രിസ്തിയ പുരോഹിതന്മാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.കേരളത്തിലെ വിശ്വാസികള്‍ ഈ വര്‍ഗ്ഗിയ കോമരങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണം.ഇവര്‍ കേരളത്തില്‍ ഗുജരാത്തും ഒറിസ്സയും ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്

Anonymous said...

സന്തോഷേ,
അത് പാര്‍ട്ടി തീരുമാനം, അത് തീരുമാനിക്കാന്‍ താങ്കളാരാ.. തിരഞ്ഞെടൂപ്പില്‍ വിജയസാദ്ധ്യതയാണ് നോക്കുക.. അല്ലാതെ അവസരവാദികളായ ‘നിക്ഷ്പക്ഷരുടെ’ അഭിപ്രായമല്ല. തിരഞ്ഞെടൂപ്പില്‍ പല തന്ത്രങ്ങളുമുണ്ട്. അതൊക്കെ പ്രയോഗിച്ചെന്നിരിക്കും. അതിന് ഈ രീതിയില്‍ വ്യാഖ്യാനം വേണ്ട.

Anonymous said...

കൊള്ളാം, താങ്കളുടെ നിരീക്ഷണം കൊള്ളാം. പക്ഷെ മതേതരന്മാരായാ ഇടതന്മാര്‍ക്കു കൂടെ അതു തോന്നണ്ടേ? ഇം എം എസിനെയൊക്കെ എന്നേ ഞങ്ങള്‍ പടിയടച്ചു സഖാവേ...:)

K.P.Sukumaran said...

നല്ല ചിന്തകള്‍...