Monday, August 2, 2010

കമന്റ് വേണേ .....കമന്റ് !!!

ബ്ലോഗ് പോസ്റ്റ് എഴുതിക്കഴിഞ്ഞാല്‍ കമന്റ് ആഗ്രഹിക്കാത്തവരുണ്ടോ? കമന്റ് കിട്ടിയാല്‍ തന്നെ അത് അമ്പതും നൂറും തികയണമെന്നും. ബൂലോഗത്തിലെ പല ബ്ലോഗേഴ്സും അത് ആഗ്രഹിക്കുന്നവരാണ്. കമന്റ് നൂ‍റു തികക്കണം, ഫോളോവേഴ്സ് നുറ് ആകണം, പോസ്റ്റുകള്‍ മിനിമം അമ്പതെങ്കിലും ആകണം എന്നൊക്കെ. ഇതൊന്നും പക്ഷെ നിരുപദ്രവമല്ല. പക്ഷെ ഈ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മറ്റു സഹ ബ്ലോഗേഴ്സിനേയോ ഓണ്‍ലെന്‍ /ഓര്‍ക്കുട്ട് കൂട്ടുകാരേയോ ശല്യപ്പെടുത്തുന്ന രീതിയില്‍ മെയിലുകളും സ്ക്രാപ്പുകളും നിരന്തരമായി വന്നു തുടങ്ങിയാലോ? ആദ്യത്തെ മെയിലുകള്‍ക്ക് ചിലപ്പോള്‍ നല്ല രീതിയില്‍ പ്രതികരിക്കാം, ബ്ലോഗില്‍ പോയി കമന്റാം. പക്ഷെ പിന്നീടു വരുന്ന പോസ്റ്റുകള്‍ക്ക് എല്ലാം മെയിലയക്കാനും സ്ക്രാപ്പയക്കാനും തുടങ്ങിയാല്‍? കമന്റ് ഇടുന്നതുവരെ തുടര്‍ച്ചാ‍യി മെയിലകളയച്ചു പരാതി പറയാന്‍ തുടങ്ങിയാല്‍?? വലഞ്ഞു പോകത്തേയുള്ളൂ.

ബ്ലോഗില്‍ ഈയിടെ കണ്ട ഒരു പ്രവണതാണ് മുകളില്‍ പറഞ്ഞത്. സുഹൃത്തുക്കള്‍ക്ക് ലിങ്ക് കൊടുത്തു മെയില്‍ അയക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ കിട്ടുന്നയാളുടെ സമയം, താല്പര്യം എന്നിവ കൂടി പരിഗണിക്കണം. ഉദാഹരണത്തിനു എല്ലാ പുതിയ പോസ്റ്റിനും വെള്ളെഴുത്ത് എന്ന ബ്ലോഗര്‍ എനിക്ക് ആവര്‍ത്തിച്ച് മെയിലുകള്‍ അയക്കുന്നു എന്നിരിക്കട്ടെ (അദ്ദേഹം അങ്ങിനെ ചെയ്യുമെന്നല്ല...ഒരു സങ്കല്‍പ്പം) എന്റെ വായനാശീലം വെച്ച് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാനോ മനസ്സിലാക്കാനോ അനുയോജ്യമായ കമന്റ് നല്‍കാനോ സാധിക്കില്ല. അപ്പോള്‍ തുടര്‍ച്ചയായി ഈ മെയിലുകള്‍ ആവര്‍ത്തിക്കുന്നത് എനിക്ക് വ്യക്തിപരമായി ശല്യമാകുകയേ ഉള്ളൂ. ഈയൊരു പ്രശ്നം മാത്രമല്ല, എല്ലാ ബ്ലോഗിലും പോസ്റ്റിന്റെ കമന്റിനോടൊപ്പം “എന്റെ ബ്ലോഗിലേക്കും വരൂ” അല്ലെങ്കില്‍ “ഞാനും ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട് അവിടേയും വരൂ” എന്നൊക്കെ ചേര്‍ക്കുന്നത് ഒറ്റഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധമാണ്.

ഇത്രയൊക്കെ പറായാന്‍ കാരണം ഈയിടെ ഒരു ബ്ലോഗര്‍ കാണിക്കുന്ന പരാക്രമങ്ങള്‍ കണ്ടിട്ടാണ്. ചിന്തയിലോ സൈബര്‍ജാലകത്തിലോ ഒന്നും ലിസ്റ്റ് ചെയ്യപ്പെടാത്ത (ആകെ ഉള്ളത് മറുമൊഴിയിലാണ്) ആ ബ്ലോഗിലെ കഴിഞ്ഞ മാസത്തിലെ ഒരു പോസ്റ്റിനു വന്ന കമന്റ് കൂമ്പാരം കണ്ട് ആ പോസ്റ്റ് വായിക്കാന്‍ ചെന്നതാണ് ഞാന്‍. ഒരു വാചകഘടനയോ വായനക്കാരന് മനസ്സിലാകുന്ന വരികളോ ഒന്നുമില്ലാതെ സൂപ്പര്‍ എക്സ്പ്രെസ്സ് പാഞ്ഞു പോകുന്ന രീതിയില്‍ ഒരു പോസ്റ്റ്. പോസ്റ്റിനവസാനം ഒരു ബന്ധവുമില്ലാതെ ഏതോ എഴുത്തുകാരന്റെ ചില വാചകങ്ങള്‍. എന്റെ അഭിപ്രായം വ്യക്തമായി അവിടെ രേഖപ്പെടൂത്തിയപ്പോള്‍ “ഇവിടെ വായിക്കാന്‍ അരെയും നിര്‍ബന്ധിക്കുന്നില്ല.. വരാം വായിക്കാം” എന്നൊരു മറൂപടിയും. ആ പോസ്റ്റിലെ എല്ലാ കമന്റുകളും വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായ ഒരു കാര്യം. ഈ ബ്ലോഗര്‍ മെയിലായും, സ്ക്രാപ്പായും ബ്ലോഗ് കമന്റായും പലരേയും ക്ഷണിച്ചു വരുത്തി കമന്റ് ഇടുവിച്ചു എന്നതാണ്. (മറ്റു ബ്ലോഗ്ഗുകളിലും ഓര്‍ക്കുട്ടിലും അത്തരം കമന്റുകള്‍ നിറഞ്ഞു കണ്ടു) പലര്‍ക്കും മെയില്‍ തൂടരെത്തുടരെയയച്ച് ശല്യമായതുകൊണ്ടാണ് പലരും കമന്റു ചെയ്തതെന്നു വ്യക്തം. ഒരു പോസ്റ്റില്‍ അതു സാദ്ധ്യമാകും അല്ലെങ്കില്‍ പലരും തയ്യാറാവും. പക്ഷെ അതൊരു അവസരമായി കാണരുത്. എന്നുവെച്ചാല്‍ ആവര്‍ത്തിച്ച് മെയിലയച്ച ശല്യം ചെയ്ത് കമന്റിടുവിക്കുകയും ഫോളോവര്‍ ആക്കുകയും ചെയ്തിട്ട്, എനിക്ക് നൂറു കമന്റ് കിട്ടി, നൂറ് ഫോളോവേഴ്സ് ആയി എന്ന് വിളംബരം ചെയ്യുന്നതും ആഘോഷിക്കുന്നതും അല്‍പ്പത്തരമാണ്.

പലരും എഴുത്തിന്റെ മാന്ത്രിക വിദ്യ അറിയുന്നവരോ എഴുത്തുകാരോ അല്ല. അത് ബ്ലോഗിങ്ങിന് ഒരു പരിമിതിയുമല്ല. പക്ഷെ ആത്മാര്‍ത്ഥമായി എഴുതുമ്പോല്‍ പതിയെ പതിയെ ആ വ്യക്തി നല്ലൊരു എഴുത്തു രീതിയീലേക്ക് മാറിപ്പോകും. മാറണം. പക്ഷെ ബ്ലോഗില്‍ പലപ്പോഴും അത് കാണുന്നില്ല എന്നത് വേദനയാണ്. അങ്ങിനെ വളരണമെങ്കില്‍ മുടങ്ങാതെയുള വായനാശീലം, നിരീക്ഷ്ണം സ്വന്തം എഴുത്തിനെ പേര്‍ത്തും പേര്‍ത്തും വായിച്ചൂം തിരുത്തിയും മുന്നേറാനുള്ള കഠിനാദ്ധ്വാനം, മനസ്സ് ഇവ വേണം. പല ബ്ലോഗേഴ്സിനു അതില്ലാത്തതുകൊണ്ട് പലരും എഴുതിയ ഇടത്തു നില്‍ക്കുന്നു. കാരണം അവര്‍ ആഗ്രഹിക്കുന്നത് കമന്റുകളാണ്. അതും പുകഴ്ത്തല്‍ കമന്റുകള്‍. താനെടുത്ത ഫോട്ടോകള്‍ക്ക് ഒക്കാനം വരുന്ന അടിക്കുറിപ്പുകള്‍ എഴുതി (“എന്റെ പുഴ,...ഇനി അടുത്ത തലമുറക്ക്/ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതു കാണാന്‍ കഴിയുമോ” എന്ന മട്ടില്‍) ആളുകള്‍ക്ക് മനം പുരട്ടലുകള്‍ സമ്മാനിക്കുന്നതും ഒരു പതിവു കാഴ്ചയായി. (മേല്‍ പറഞ്ഞ ബ്ലോഗര്‍ നര്‍മ്മം, അനുഭവം, ഫോട്ടോഗ്രാഫി, യാത്രാവിവരണം എന്നിവ വരെ എഴുതുന്നു!!!)

ഇതൊരു വ്യക്തിഹത്യയല്ല. ഈ ‘അക്രമ പ്രവണത’ കണ്ട സഹിക്കാഞ്ഞിട്ട് പറഞ്ഞതാണ്. പലര്‍ക്കും മെയില്‍ അയച്ച് ശല്യപ്പെടുത്തുന്നത് കണ്ടിട്ട് പറഞ്ഞതാ‍ണ്. ആദ്യം സ്വയം എഴുതി (ടൈപ്പ്) വെച്ചിരിക്കുന്നത് ഒരാവര്‍ത്തി എങ്കിലും വായിക്കാന്‍ ശ്രമിക്കണം. തിരുത്താനോ മാറ്റിയെഴുതാനൊ തയ്യാറാകണം. അല്ലാതെ വായില്‍ വരുന്ന സകലതും ഛര്‍ദ്ദിച്ചു വെച്ചിട്ട് എല്ലാവരുടേയും വീട്ടില്‍ ചെന്ന് ഇന്‍വിറ്റേഷന്‍ കൊടുത്ത് ബ്ലോഗിലേക്ക് ക്ഷണിക്കുന്നതും കമന്റ് ഇടുവിക്കുന്നതും ഇനിയെങ്കിലും നിര്‍ത്തണം. പോസ്റ്റ് നല്ലതാണെങ്കില്‍ ആളുകള്‍ വരും വായക്കും. അഭിപ്രായം പറയും. അല്ലാതെ ഇമോഷണല്‍ ഭീഷണിയും പരിഭവ മെയിലുകളും അയച്ച് ദയവായി മറ്റു ബ്ലോഗ്ഗേഴ്സിനെ / വായനക്കാരെ ശല്യം ചെയ്യരുത്. പ്ലീസ്....


വാല്‍ക്കഷ്ണം : ഈ പറഞ്ഞ ബ്ലോഗര്‍ ഒരു ബ്ലോഗിണിയാണേന്നോ യു കെ യില്‍ താമസിക്കുന്നുവെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല :)