
നിലവിലുള്ള ഫോര്‍മാറ്റുകളെ തകര്‍ത്തുകൊണ്ട് (പഴയതോ പുതിയതോ) ആയ ഒരു വിഷയം അവതരിപ്പിക്കപ്പെടുമ്പൊള്‍ അതിന് ഒരു പുതുമ ഉണ്ടാകുന്നു. ഇത് തമിഴനോളം തിരിച്ചറിയുന്ന ഒരു സിനിമാപ്രവര്‍ത്തകര്‍ള്‍ ഇന്ത്യയില്‍ മറ്റില്ല എന്ന് വേണമെങ്കില്‍ പറയാം. കാരണം തമിഴന് പത്തു പ്രണയ കഥകള്‍ പറയുമ്പോള്‍ പത്തും പത്തു തരത്തിലാകുന്നു. അവന് അത് പറയാനും എക്സിക്യ്യൂട്ട് ചെയ്യാനും നന്നായി അറിയാം. ടെക്നോളജിയെ ഇത്ര നന്നായി (ചിലര്‍ വളരെ മോശമായും) ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകള്‍ തെക്കനിന്ത്യയില്‍ മറ്റാരും ഇല്ല.
നാടോടികള്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും പുതുമയുള്ള വിഷയമൊന്നുമല്ല. പക്ഷെ സൌഹൃദത്തിന്റെ പ്രണയത്തിന്റെ വിവിധ തലങ്ങള്‍ വ്യത്യസ്ഥ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് സമുദ്രക്കനി പറയുമ്പോള്‍ അത് പുതുമയുള്ളതും വ്യത്യസ്ഥയുള്ളതുമായ ഒരു ചിത്രമാകുന്നു. സിനിമയില്‍ മലയാളി പരാജയപ്പെടുന്ന ഇടങ്ങളിലൊക്കെ തമിഴന് വിജയിക്കുന്നത് പണം കൊണ്ടു മാത്രമല്ല അവന്റെ തലയില്‍ ആള്‍താമസം ഉള്ളതു കൊണ്ടാണ്.
സൌഹൃദത്തെ ഇത്ര ഊഷ്മളമായി എങ്ങിനെ ചിത്രീകരിക്കണം എന്നുള്ളത് മലയാളി ‘നാടോടികള്‍’ എന്ന സിനിമ കണ്ട് പഠിക്കണം. (പ്രത്യേകിച്ച് സിദ്ദിക്ക് ലാല്‍)
സുബ്രമണ്യപുരം സംവിധായകന് ശശികുമാര്‍ നായകനാകുന്ന നാടോടികളില്‍ നായകനൊപ്പം നിരവധി കൂട്ടുകാരുണ്ട്. ഇവരുടെ സൌഹൃദം-ബന്ധം സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നത് ഫ്ലാഷ് ബാക്കില്‍ തോട്ട്പാലം കടക്കുമ്പോള്‍ അനിയനേയോ കുഞ്ഞിനേയൊ പണ്ട് രക്ഷിച്ചു അന്നുമുതല്‍ അവര്‍ പിരിയാത്ത കൂട്ടുകാരായി എന്ന ക്ലീഷേ മട്ടിലല്ല.
ഈ സിനിമയില്‍ അഭിനയിച്ചവരാരും തമിഴ് മെയിന്‍ സ്ട്രീമിലെ ആരുമല്ല. ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിച്ച പോപ്പുലര്‍ അല്ലാത്തവരും ആദ്യമായി കാമറയെ അഭീമുഖീകരിക്കുന്നവരും ആണ്. അവിടെയാണ് തമിഴന്റെ ആത്മവിശ്വാസം നമ്മള് കാണുന്നത്. മലയാളിക്ക് ഇനിയൊരു 25 വര്‍ഷത്തേക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം. ഇതില്‍ അമാനുഷനായ നായകനോ നായികയോ വില്ലനോ ഇല്ല. എല്ലാവരും ജീവിതത്തിന്റെ കെട്ടുപാടുകളില്പെട്ട് മുന്നോട്ടു നീങ്ങുന്നവര്‍ മാത്രം. സാന്ദര്‍ഭികമായി അവരൊക്കെ നായക്ന്മാരോ വില്ലന്മാരോ ആകുന്നു. കണ്ടുമടുത്ത സിനിമാ മുഖങ്ങളോ ക്ലീഷേകളോ ഇതിലില്ല എന്നുള്ളതും ടിപ്പിക്കല്‍ സിനിമാഗാനങ്ങളും സംഘട്ടന രംഗങ്ങളും ഇല്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.
നാടോടികളുടെ എക്സിക്യൂഷന് :
അതിനെപ്പറ്റിയാണ് മലയാളി ഏറെ അത്ഭുതപ്പെടുക. ഓരോ ഷോട്ടും സീന്സും എത്ര വിദഗ്ദമായും, പുതുമയോടെയും ആണ് സമുദ്രക്കനി ചിത്രീകരിച്ചിട്ടുള്ളത്. ടൈറ്റിത്സ് മുതലേ ഈ ഫ്രഷ് നെസ്സ് കാണാം. ഇപ്പോഴും കറൂപ്പിലോ നീലയിലോ വെളുത്ത വളരെ വലിയ അക്ഷരങ്ങളും അതിനിടയില്‍ ഒരു ചുവന്ന വരയുമില്ലാതെ മലയാളിക്ക് ഇപ്പോഴും ടൈറ്റില്‍ കാണിക്കാനറിയുമോ? സംശയമാണ്.
‘നാടോടികളു’ടെ ഇന്റര്‍വെല്ലിനു തൊട്ടുമുന്നുള്ള ആ ചേസിങ്ങ് സീന്‍ കണ്ടു നോക്കു., ഇത്ര ഭംഗിയായി അതിനെ എക്സിക്യൂട്ട് ചെയ്യാന്‍ മറ്റാര്കും കഴിയില്ല. എക്സ്ട്രീരിയര്‍ സീനുകളില്‍ ഇത്ര ക്രൌഡിനെ ഉപയോഗിച്ച് സംഘട്ടനം രംഗം ഒരുക്കിയിട്ടും അതില്‍ പാകപ്പിഴകളോ കണ്ടിന്യൂവിറ്റി പ്രോബ്ലമോ സംഭവിച്ചിട്ടില്ല എന്നതാണ് അതിന്റെ ക്രെഡിറ്റ്. നായകന്റെ കണ്ണിനു മീതെ ഗുണ്ടകളില്‍ നിന്നൊരുത്തന്‍ വാളുകൊണ്ടു വെട്ടുന്നതും നായകന്റെ കൂട്ടുകാരനെ ഓടിവന്ന് വലിയൊരു വടികൊണ്ട് ചെവിക്കു നേരെ ആഞ്ഞടിക്കുന്നതും (അതോടൊപ്പമുള്ള ബാഗ്രൌണ്ട് സ്കോര്‍ ശ്രദ്ധിക്കുക അതിനു ശേഷമുള്ള സീനുകളില്‍ അതിന്റെ കണ്ടിന്യൂവിറ്റിയും ശ്രദ്ധിക്കുക) എഫക്റ്റുകളും എക്സിക്യൂഷനും എങ്ങിനെ ഭംഗിയായി കൈകാര്യം ചെയ്യാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
വ്യത്യസ്ഥമായ ലൊക്കേഷനുകള്‍, ഫ്രെയിമുകള്‍, അഭിനേതാക്കള്‍ അങ്ങിനെ പുതുമകളുടെ നീണ്ട നിരയുമായി നാടോടികള്‍ തമിഴകത്തും കേരളത്തിലും പ്രദര്‍ശന വിജയം നേടുമ്പോള്‍.. ലോജിക്കുകള്‍ ഏഴയലത്തു കടന്നു ചെല്ലാത്ത മുറപ്പെണ്ണൂ പ്രേമവും, മിമിക്രിതമാശകളും സൂപ്പര്‍ താര പരിവേഷവും കൊണ്ട് മലയാളി സിനിമയുടെ ശവക്കുഴി തോണ്ടുന്നു.
മലയാള സിനിമയിലെ എഴുത്തുകാരെയും സംവിധായകരേയും തമിഴിലെ കഴിവുള്ള സംവിധായകരുടെ അസിസ്റ്റന്‍സായി അടുത്ത രണ്ടുവര്‍ഷം (മിനിമം) ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ എനിക്കു തോന്നുന്നു മൂന്നു വര്‍ഷത്തിനുശേഷം മലയാളത്തില്‍ ചിലപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടായേക്കാം, അതും ചിലപ്പോള്‍ മാത്രം
പിന് കുറിപ്പ് : നാടോടികളിലെ നായകന്റെ സഹോദരിയായി അഭിനയിക്കുന്ന ഒരു നടിയുണ്ട്. പേര് ‘അഭിനയ’. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കണ്ണാടിയിലാണ് ആ കുട്ടിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഊമയായ പെണ്‍കുട്ടിയാണത്രെ!!. സിനിമയില്‍ പക്ഷെ ഊമയായിട്ടല്ല, സംഭാഷണങ്ങള്‍ പറയുന്ന ഒരു കഥാപാത്രമായിട്ട്. !!! സിനിമയിലെ അഭിനയത്തില്‍ ‘അഭിനയ്’ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അത്ര അപാരമായ പെര്‍ഫോമന്‍സ്. ഒരു ഊമയായ പെണ്‍കുട്ടിയെ നായികക്കൊപ്പമുള്ള കഥാപാത്രമായി കൊടുക്കാന്‍ കഴിഞ്ഞ തമിഴന്റെ ചങ്കുറപ്പ് മലയാളത്തിലെ ഏത് സംവിധായകനു സാധിക്കും, ഇപ്പോഴല്ല അടുത്ത 25 വര്‍ഷത്തിനുള്ളിലെങ്കിലും??
