കുറേക്കാലത്തെ ബ്ലോഗ്ഗ് വായനകൊണ്ട് തഴക്കം വന്ന ഒരു വാചകമാണ് ‘പോസ്റ്റിന്റെ നീളം കൂടീപ്പോയി’ എന്നത്. സത്യത്തില്‍ എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ലാത്ത് ഒരു കണക്കാണ് പോസ്റ്റ് നീളം. എത്രയാണത്? എത്ര വേണ്ടി വരും? എവിടം വച്ച് പോസ്റ്റ് നിര്‍ത്താം? എന്നതിനെക്കുറീച്ചൊന്നും പക്ഷേ ആരും ഇതുവരെ പറഞ്ഞിട്ടില്ല താനും
അപ്പോള്‍ ബ്ലോഗ് പോസ്റ്റിന് ഒരു വ്യക്തമായ, കൃത്യമായ, ശരിയായ അളവുകോലുകളുണ്ടോ?
ഇതിനെപറ്റി ഏറെ ആലോചിച്ചപ്പോള്‍ , ബ്ലോഗില്‍ വീഴുന്ന ഇത്തരം കമന്റുകളുള്ള പോസ്റ്റുകള്‍ വായിച്ചപ്പോള്‍, എന്താണ്‍ വായനക്കാര്‍ ഇത്തരത്തലുള്ള ഒരു ന്യൂനത(?) ആവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ചപ്പോള്‍ കിട്ടിയ വസ്തുത രസാവഹമായിരുന്നു
ശൈശവ ദശ പിന്നിട്ടിട്ടില്ലാത്ത ബ്ലോഗ്/ബ്ലോഗ് വായന ഇപ്പോഴും പ്രിന്റ് മീഡിയയുടെ വായനാവളര്‍ച്ചയില്‍ നിന്നും ഏറെ പിറകിലാണ്. അതിനു കാരണം, സമയദൌര്‍ലഭ്യം, വായനാ സാഹചര്യം, മാനസികാവസ്ഥ അതൊക്കെയാണ്. ഈയൊരു ചോദ്യമെന്താണ് പല ബ്ലോഗുകളിലും ആവര്‍ത്തിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് ബ്ലോഗുവായന ശീലമാക്കിയവരില്‍ നിന്നും കിട്ടിയ മറുപടീകള്‍ അനുസരിച്ച് എനിക്കു മനസ്സിലായത് : പലരും ബ്ലോഗുകള്‍ വായിക്കുന്നത് തന്റെ ഓഫീസിലിരുന്നു ജോലി സമയത്തു(മാത്ര)മാണെന്നാണ്. അതായത് ബോസ് ഒരു റൌണ്ട് അടിച്ച് തിരികെ തന്റെ കാബിനരികെവരുന്ന നേരം കൊണ്ട് ബ്ലോഗ് വായിച്ചു തീര്‍ക്കണം അതാണ്‍ ഡെഡ് ലൈന്‍. മാത്രമല്ല, ഒരു പുസ്തകം തിരഞ്ഞെടുത്ത് വായനയുടെ സുഖത്തിലൂടെ നൂഴ്ന്നിറങ്ങുന്ന (ഏകാന്തമായ) മാനസിക സുഖം ബ്ലോഗ് വായനക്കു ലഭിക്കുന്നില്ല. ഒരു ഓഫീസ് പരിസരത്തെ അലോസരങ്ങള്‍, ആളുകള്‍, മേധാവികള്‍ എന്നിങ്ങനെ പലതും ഒരു (ബ്ലോഗ്ഗ്) വായനയെ തടസ്സപ്പെടുത്തുന്നു. ഈ പരിമിതികളില്‍ നിന്ന് ഒരു പോസ്റ്റ് രസത്തോടെ, ആയാസരഹിതമായി വായിച്ചു ആസ്വദിച്ചു തീര്‍ക്കണമെങ്കില്‍ അത് തികച്ചും നുറുങ്ങ് പോസ്റ്റ് ആയിരിക്കണം. ( 5 ഓ അതിലധികമോ പാരഗ്രാഫുകള്‍ ഉണ്ടായിപ്പോയാല്‍ അതു നീളക്കൂടുതലായി എന്ന പരാതിയും കാണം!!)
അപ്പോള്‍ പറഞ്ഞു വന്നത് വായനക്കാരന്റെ പരിമിതികള്‍ക്കും, സാഹചര്യങ്ങള്‍ക്കും വേണ്ടി എഴുത്തുകാരന്‍ തന്റെ അനുഭവങ്ങള്‍ക്കും ഭാവനക്കും എഴുത്തിനും കത്തി വെക്കണമെന്നര്‍ത്ഥം. ഇല്ലെങ്കില്‍ ഫലം നാസ്തി! അതായത് വായക്കാരന്‍ എത്തില്ലെന്നര്‍ത്ഥം, അഭിപ്രായം പറയില്ലെന്നര്‍ത്ഥം, പറഞ്ഞാല്‍ തന്നെ അതിതായിരിക്കും “പോസ്റ്റിനു നീളം വളരെ കൂടുതലായിപ്പോയി”
സത്യത്തില്‍ ഇത് ആശാവഹമാണോ? വായനക്കാരന്റെ വായനാസൌകര്യത്തിനു വേണ്ടി എഴുത്തുകാരന്‍ തന്റെ അനുഭവകുറിപ്പുകളെ, ഭാവനയെ അളന്നു കുറികേണ്ടതുണ്ടോ? (ഒരു വായനക്കാരന്‍ പേജുകളുടെ എണ്ണം/പുസ്തകത്തിന്റെ കനം നോക്കിയാണോ പുസ്തകം വാങ്ങുന്നത്? പേജുകള്‍ കൂടുതലാണ് എന്നു പറഞ്ഞു ഏതെങ്കിലും വ്യക്തി ഇഷ്ടപ്പെട്ട പുസ്തകം വാങ്ങാതിരുന്നിട്ടുണ്ടൊ?)
അതുകൊണ്ടു തന്നെ മനോഹരവും ആസ്വാദ്യകരവുമായ ഒട്ടനേകം പോസ്റ്റുകള്‍ മലയാളം ബ്ലോഗില്‍ വായനക്കാരെത്താതെ അന്തിയുറങ്ങുന്നു. സ്ക്രോള്‍ ചെയ്ത് പോസ്റ്റിന്റെ വലിപ്പം നോക്കി കമന്റാന്‍ നടക്കുന്ന വായനക്കാരന്‍ അതുകൊണ്ട് തന്നെ നാലുവരിമാത്രമെഴുതിയ നിലവാരമില്ലാത്ത ബ്ലോഗ് പോസ്റ്റുകളില്‍ നിലനില്‍ക്കുന്നു.
ആരാണ് പോസ്റ്റുകള്‍ക്ക് നീളക്രമം വച്ചത്? അല്ലെങ്കില്‍ എന്താണതിന്റെ നീളം? എത്രവരെ ആകാം? നീളക്കുടുതല്‍ /കുറവ് ഓരോ വായനക്കാരന്റെയും മാനസിക ഘടന/വായനാ താല്‍പ്പര്യം എന്നതിനെയൊക്കെ അടിസ്ഥാനപ്പെട്ടിരിക്കേ പോസ്റ്റിന്‍ നീളക്കൂടുതല്‍ എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? (ബോസ്/മേധാവി തിരിച്ചു വരുമ്പോഴേക്കും വായിച്ചു തീര്‍ക്കാന്‍ പറ്റിയില്ല അതുകൊണ്ട് പോസ്റ്റിന് നീളക്കൂടുതല്‍ :) അതാവാം)
വായനക്കാരന്റെ ആവര്‍ത്തിച്ചുള്ള, അടിസ്ഥാനമില്ലാത്ത ഈ നീള പ്രസ്താവം പല നല്ല എഴുത്തുകാരനേയും സ്വാധീനിച്ചേക്കം, തടസ്സപ്പെടുത്തിയേക്കാം അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ നഷ്ടം ബ്ലോഗിനും നല്ല വായനക്കാരനുംകൂടിയാകും. കാരണം തന്റെ പോസ്റ്റുകള്‍ വായിക്കാന്‍ പോകുന്നത് ‘പോസ്റ്റ് സ്കെയില്‍’ കയ്യില്‍ കരുതിയ വായനക്കാരനാണ് എന്ന ബോധം എഴുത്തുകാരനെ തളര്‍ത്തിയേക്കാം.
അതുകൊണ്ട്,
നല്ല പോസ്റ്റുകള്‍ വരട്ടേ, നല്ല ഭാവനകള്‍, അനുഭവങ്ങള്‍ വരട്ടേ, നമുക്ക് വായിക്കാം, താല്‍പ്പര്യമില്ലെങ്കില്‍ അടച്ചു വെക്കുകയോ മറ്റൊന്നിലേക്ക് പോകുകയോ ആവാം, പക്ഷേ, കയ്യില്‍ പോസ്റ്റളവുകള്‍ അളക്കുന്ന സ്കെയിലുമായി എഴുത്തുകാരനേയും അവന്റെ സൃഷ്ടിയേയും സമീപിക്കാതിരിക്കുക.
എന്നാലും ഞാന്‍ ഒന്നുകൂടി ചോദിക്കട്ടെ, ‘ ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്രയാണ്?’
Showing posts with label blog. Show all posts
Showing posts with label blog. Show all posts
Friday, January 16, 2009
Subscribe to:
Posts (Atom)
