Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Saturday, April 30, 2011

ഫേസ് ബുക്കും ആനന്ദ് ഉണ്ണൂണ്ണിയും പിന്നെ സിറ്റി ഓഫ് ഗോഡും

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഒരു കഥാപാത്രമുണ്ട്, എട്ടു കാലി മമ്മൂഞ്ഞ്. ആള്‍ ഷണ്ഡനാണെങ്കിലും നാട്ടിലെ ഏത് പെണ്ണ് പ്രസവിച്ചാലും “അതിന്റെ ആള് ഞമ്മളാ..” എന്ന് വീമ്പിളക്കി നടക്കും, അതിപ്പോല്‍ കോവിലകത്തെ പെണ്ണാന പ്രസവിച്ചു എന്ന് കേട്ടാലും പുള്ളി പറയും “ അതിന്റെ ആള് ഞമ്മളാ...പ്പാ”
പറഞ്ഞ് വന്നത് അന്നത്തെ കാലഘട്ടത്തിലെ എട്ടുകാലി മമ്മൂഞ്ഞുകള്‍ പല പേരിലും വേഷത്തിലും അന്നും പിന്നീടുള്ള കാലഘട്ടത്തിലും നിരവധിയുണ്ടായി. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു പന്തലിച്ചു ലോകം മുഴുവന്‍ ഒരു വിരല്‍ത്തുമ്പില്‍ ദൃശ്യമാകുന്ന ഈ ടെക്നോളജി യുഗത്തിലും എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക് പഞ്ഞമൊന്നുമില്ല. ഇന്നിപ്പോള്‍ പഴയ മുഷിഞ്ഞുനാറിയ വേഷത്തിലും മുറിബീഡിയുടേ പുകയിലുമൊന്നുമല്ല മമ്മൂഞ്ഞുമാര്‍ രംഗത്ത് വരുന്നത്, പകരം ഫേയ്സ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ റജിസ്റ്റര്‍ ചെയ്തും കൊണ്ടും തലയിലൊരു തൊപ്പിവെച്ച പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടുമാണ്. അങ്ങിനെയൊരു നവ പ്രതിഭാ എട്ടുകാലി മമ്മൂഞ്ഞിനെ ഇന്നലെ ഫേയ്സ് ബുക്കില്‍ കാണാനിടയായി. മറ്റാരുമല്ല, ദാ ഈ ചിരിച്ചിരിക്കുന്ന ഫോട്ടോയിലുള്ള ആനന്ദ് ഉണ്ണൂണ്ണി അഥവാ കോപ്പിയടി ഉണ്ണുണ്ണി. ആശാന്റെ ഫേസ് ബുക്ക് പേജ് ഇവിടെ

പുള്ളി അവകാശപ്പെട്ടിരിക്കുന്ന ഗര്‍ഭത്തിന്റെ കാരണം അന്വേഷിച്ചെത്തിയപ്പോഴാണ് ആശാന്റെ പിതൃത്വ അവകാശവും അതിനു ചോദ്യംചെയ്യപ്പെട്ടപ്പോള്‍ അഭിനവ മമ്മൂഞ്ഞ് ഉയര്‍ത്തിയ വാദഗതികളും കണ്ട് മൂക്കത്ത് വിരല്‍ വെച്ചത്.





ആനന്ദ് ഉണ്ണിയുടെ ഫേസ് ബുക്ക് പേജില്‍ വന്ന “സിറ്റി ഓഫ് ഗോഡ്” എന്ന സിനിമാ ആസ്വാദനം/റിവ്യൂ ആശാന്‍ യാതൊരു ഉളുപ്പുമില്ലാതെ നന്ദകുമാര്‍ എന്നൊരു ബ്ലോഗര്‍/ബസ്സറുടെ ഈ ബസ്സ് പോസ്റ്റില്‍ നിന്ന് അപ്പാടെ (കുത്തും കോമയുമടക്കം) മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. മാത്രമോ തന്റെ ഫേസ്ബുക്ക് ആസ്വാദനത്തിലെ അവസാന മൂന്നു പാരഗ്രാഫുകള്‍ ടി.യു ഷാജി എന്ന സിനിമാ നിരൂപണ ബ്ലോഗറുടെ ചിത്രനിരീക്ഷണം എന്നബ്ലോഗിലെ അവസാന പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണ്. മറ്റൊരാളുടെ എഴുത്ത് കണ്ട് ഇഷ്ടപ്പെടുന്നതും അതിനെ റീഷെയര്‍ ചെയ്യുകയോ പുന പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ,തന്റേതെന്ന രീതിയില്‍ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന മട്ട് ഓണ്‍ലൈന്‍ സ്പേസില്‍ പോലും പ്രദര്‍ശിപ്പിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ തന്തയില്ലാത്തരമാണ്. ആനന്ദ് ഉണ്ണി അത്തരത്തില്‍ തന്റെ ‘തറവാടിത്തം’ കാണിച്ചു എന്ന് വേണം പറയാന്‍.

ആനന്ദ് ഉണ്ണിയുടെ ഫേസ് ബുക്കില്‍ ഈ പോസ്റ്റ് വന്നതിനുശേഷം നിരവധി പേര്‍ അദ്ദേഹത്തെ ഇത് ബോധ്യപ്പെടുത്തിയെങ്കിലും തന്തയില്ലാതെ വളര്‍ന്ന ചൊല്ലുവിളിയില്ലാത്ത തെറിച്ച പയ്യന്റെ പെരുമാറ്റം പോലെയായിരുന്നു ആനന്ദ് ഉണ്ണി പ്രതികരിച്ചത്. ലിജിന്‍ ജോസ് എന്നൊരാളുടെ കമന്റും അതിനു ഉണ്ണുണ്ണി കൊടുത്ത മറുപടിയും എനിക്ക് മെയിലായി കിട്ടിയത് ഈ സ്ക്രീന്‍ ഷോട്ടില്‍ കാണുക.


നിരവധി പേര്‍ ഈ ആനന്ദ് ഉണ്ണുണ്ണിക്ക് ഇതിനെ പരാമര്‍ശിച്ച് മെസേജുകള്‍ അയച്ചെങ്കിലും ഉണ്ണുണ്ണി ഈ പോസ്റ്റിന്റെ ക്രെഡിബിലിറ്റി വെളിപ്പെടുത്താനോ ഡിലീറ്റ് ചെയ്യാനോ തയ്യാറായില്ല. മാത്രമല്ല, നന്ദകുമാര്‍ എന്ന യഥാര്‍ത്ഥ ബസ്സ് പോസ്റ്റ് ഉടമയുടെ മെസേജിനു ഉണ്ണുണ്ണി കൊടുത്ത ധാര്‍ഷ്യം നിറഞ്ഞ മറുപടി നന്ദകുമാര്‍ എനിക്ക് മെയിലായി അയച്ചുതന്നത് ഇവിടെ വായിക്കുക


ഇത്തരം ജാര സന്തതികള്‍ ഓണ്‍ലൈന്‍ സ്പേസില്‍ പൂണ്ടു വിളയാടുന്നതിനെതിരെ നിയമം കൊണ്ടുവരാനൊന്നും കഴിയില്ല. അത്തരമൊരു കോപ്പി പേസ്റ്റിങ്ങിനു ധാര്‍മ്മികമായ അവകാശമോ പിന്തുണയോ ഉണ്ടോ എന്ന് ഈ ഉണ്ണുണ്ണിമാര്‍ സ്വയം വിചാരിക്കുക തന്നെ വേണം. മറ്റൊരുത്തന്‍ സുഖവിരേചനം നടത്തിയതോ ചര്‍ദ്ദിച്ചതോ കോരിയെടുത്ത് തന്റെ വായില്‍ തിരുകി സദ്യയുണ്ടവന്റെ ഏമ്പക്കം വിടുന്ന ഇത്തരം ആനന്ദ് ഉണ്ണിമാരെ ഫേസ് ബുക്കിലും ബ്ലോഗിലും ഗൂഗിള്‍ ബസ്സിലും കരുതിയിരിക്കുക, അവര്‍ക്കെതിരെ പ്രചാരണം നടത്തുക, അവരെ ഓണ്‍ലൈന്‍ സ്പേസില്‍ ഒറ്റപ്പെടുത്തുക, തിരിച്ചറിയുക, തിരിച്ചറിയിപ്പിക്കുക. അത്രയുമേ സുഹൃത്തുക്കള്‍ക്ക് ചെയ്യാന്‍ സാധിക്കൂ.

ഉണ്ണുണ്ണിക്ക് വീണ്ടുവിചാരം വന്ന് ഇനിയെങ്കിലും സ്വന്തമായി നാലക്ഷരം സ്വയം എഴുതിയിടാന്‍ സര്‍വ്വേശ്വരന്‍ സര്‍വ്വ ശക്തിയും കഴിവും കൊടുക്കട്ടെ എന്നുമാത്രമേ ഇപ്പോള്‍ പറയാനുള്ളു.

Friday, September 25, 2009

റോബിന്‍ ഹുഡ് - അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെടുത്തിയ ചിത്രം




വ്യത്യസ്ഥവും മികച്ചതും സൂപ്പര്‍ഹിറ്റാക്കാവുമായിരുന്ന ഒരു സിനിമ എങ്ങിനെ ഉത്തരവാദിത്വരാഹിത്യത്തിലൂടെ മോശമാക്കാം എന്നതിന് ഉത്തമ കൊമേഴ്സ്യല്‍ സിനിമാ ഉദാഹരണമാണീ ചിത്രം.

മലയാളത്തിലിന്നുവരെ വന്നിട്ടില്ലാത്ത ബേസിക് ത്രെഡ്, ഓരോ മുഹൂര്‍ത്തത്തിലും ത്രില്ലിങ്ങ് ക്രിയേറ്റ് ചെയ്യാവുന്ന നായക-പ്രതിനായക സന്ദര്‍ഭങ്ങള്‍, സാങ്കേതികത്വം വളരെ നന്നായി പ്രയോഗിക്കാവുന്ന ഒരു കഥ, സൂപ്പര്‍ താരങ്ങളില്ലാതെ യുവതാരങ്ങള്‍ക്ക് മത്സരിച്ചഭിനയിക്കാവുന്ന അവസരം ഇതൊക്കെയായിരുന്നു ഈ സിനിമയുടെ പോസറ്റീവ്. പക്ഷെ സച്ചു-സേതുവിന്റെ ദുര്‍ബലമായ തിരക്കഥ, ജോഷിയുടെ അലസമായ ഡയറക്ഷന്‍, മിസ് കാസ്റ്റിങ്ങ്, തട്ടിക്കുട്ടിയെടുത്ത ഗാന രംഗങ്ങള്‍ എന്നിവമൂലം ഈ സിനിമ പരാജയത്തിന്റെ പട്ടികയിലേക്കാണ്

കഥ
കൊച്ചിനഗരത്തില്‍ ഐ.ബി.ഐ എന്ന ബാങ്കിന്റെ എടീമ്മില്‍ നിന്ന് ഒരു രാത്രി പലരുടേയും അക്കൌണ്ടില്‍ നിന്ന് വന്‍തുകകള്‍ പിന്‍ വലിക്കപ്പെടുന്നു. പിറ്റേ ദിവസം മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ തങ്ങളുടെ പണം തിരികെ ലഭിക്കണമെന്നും അക്കൌണ്ട് പിന്‍ വലിക്കുകയാണെന്നും ബാങ്കുകാരോട് ആവശ്യപ്പെടുന്നു. വെങ്കി എന്ന ബ്രാഹ്മണ പയ്യന്‍ ( ഈ ‘ബ്രാഹ്മണ്യം‘ സിനിമയുടെ കഥാപാത്രത്തിന്റെ തെറ്റിന് നീതികരണം തേടുന്ന ‘വളരെ വലിയ ഒന്നാ‘ണെന്ന് അവസാന ഭാഗങ്ങളില്‍ കാണം) ആണ് ഇതിനു പിന്നില്‍. വെങ്കി ഇലക്ട്രോണിക്-കമ്പ്യൂട്ടര്‍ മേഖലയില്‍ അഗ്രഗണ്യനാണ്. മാത്രമല്ല ബന്ധപ്പെട്ടൊരു പ്രൊഫഷണല്‍ ഇന്‍സ്റ്റിട്യൂട്ടീല്‍ ട്യ്യൂട്ടര്‍ കൂടിയാണദ്ദേഹം.
ഐ.ബി.ഐ എന്ന ബാങ്കിന്റെ അക്കൌണ്ടില്‍ നിന്നുമാണ് പണം അപഹരിക്കപ്പെടുന്നത് എന്നതാണ് ബാങ്കിനെ കുഴക്കുന്നത്. കേസന്വേഷണ ചുമതലയുള്ള ചെറുപ്പക്കാരന്‍ എ സി പിയുടെ (ജയസൂര്യ) അന്വേഷണത്തില്‍ ബാങ്ക് തൃപ്തമല്ല അതുകൊണ്ട് ബാങ്ക് തങ്ങളുടെ പരിചയത്തിലുള്ള മറ്റൊരു ഐ പി എസ് കാരനെ (നരേന്‍) പ്രൈവറ്റ് അന്വേഷണത്തിനു വെക്കുന്നു. ഇന്‍ വെസ്റ്റിഗേറ്റര്‍ക്കു താമസിക്കാന്‍ കമ്പനിയുടെ ഫ്ലാറ്റും.

അവിടെ നിന്നാണ് കഥയുടെ ഗതി മുറുകേണ്ടത്, കാരണം ഇന്‍ വെസ്റ്റിഗേറ്റര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റില്‍ ആണ് വെങ്കി എന്ന എ ടി എം റോബര്‍ താമസിക്കുന്നത്, താമസിയാതെ കള്ളനും പോലീസും സുഹൃത്തുക്കളാകുന്നു. പോലീസ് അന്വേഷണവും, പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേഷനും പുരോഗമിക്കുന്നുണ്ടെങ്കിലും എ ടി എമ്മില്‍ നിന്നുള്ള മോഷണം പതിവായി തുടരുക തന്നെ ചെയ്യുന്നു. കള്ളനെ കണ്ടു പിടീക്കാന്‍ എ ടി എമ്മില്‍ ഒളികാമറകള്‍ ഫിറ്റു ചെയ്തെങ്കിലും വെങ്കി എന്ന കള്ളന്‍ അതിനെ ബുദ്ധിപൂര്‍വ്വം മറി കടക്കുന്നു. ഒടുക്കം തന്റെ എതിര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന വെങ്കി എന്ന സുഹൃത്ത് തന്നെയാണ് ഈ കള്ളന്‍ എന്ന് പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേറ്റര്‍ (നരേന്റെ കഥാപാത്രം) തിരിച്ചറിയുന്നു.

ഇത്രയും കഥ (വണ്‍ലൈന്‍) ആരേയും ത്രില്ലടിപ്പിക്കുന്ന ഒന്നു തന്നെയാണ്, ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരെ ത്രില്ലടിപ്പിച്ചതും ഈ സംരംഭം ഉണ്ടാക്കിയതും ഈ ത്രെഡിന്റെ ഫ്രെഷ്നെസ്സ് തന്നെയാകണം, പക്ഷെ ഇതിനെ ലോജിക്കോടെ/ വിശ്വസനീയമായി അണിയിച്ചൊരുക്കുന്നതില്‍ ടീം പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും മലയാള സിനിമയില്‍ സാങ്കേതിക വിദ്യകളെ പരാമര്‍ശിക്കുമ്പോഴോ എക്സിക്യൂട്ടു ചെയ്യുമ്പോഴോ ഉള്ള അജ്ഞത ഈ സിനിമയിലും തെളിഞ്ഞുകാണാം. ഇത്ര ഈസിയായിട്ടാണ് നായകന്‍ (അതോ വില്ലനോ/) എ ടി എമ്മില്‍ നിന്ന് എല്ലാ ദിവസവും 25,000 രൂപ വെച്ച പല അകൌണ്ടില്‍ നിന്ന് കൊള്ളയടിക്കുന്നത്. അതിനയാല്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം മൊബൈല്‍ റീച്ചാര്‍ജ്ജ് കൂപ്പണ്‍ ഉപയോഗിച്ചാണ്. ഒരു സ്വകാര്യ റഡാര്‍ സംവിധാനം വെച്ച് അകൌണ്ടിന്റെ പിന്‍ കാര്‍ഡ് കോപ്പി ചെയ്താണ് ഈ ‘ബ്രില്യണ്ട് ടെക്കി‘ ഇതൊക്കെ ചെയ്യുന്നത് (കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് ചോദ്യം)
ഈയൊരു ബേസിക് ത്രെഡിനെ മലയാള സിനിമയുടെ ടിപ്പിക്കല്‍ കഥ/കഥാ സന്ദര്‍ഭവുമായി കൂട്ടിയിണക്കുകയാണ് പിന്നെ. വെങ്കിക്ക് , സ്റ്റുഡന്റ് ആയ മറ്റൊരു ബ്രാഹ്മണ പെണ്‍കുട്ടി(സംവൃത) പ്രണയം, നരന്റെ കൂടെ അസിസ്റ്റ് ചെയ്യാന്‍ രൂപ എന്ന ഭാവന (ഐ ബി ഐ ബാങ്കിന്റെ തന്നെ സ്റ്റാഫ്) ഇന്‍ വെസ്റ്റിഗേറ്ററും അസിസ്റ്റന്റും ഒരേ ഫ്ലാറ്റില്‍ താമസിച്ച് കേസ് അന്വേഷിക്കുന്നു(ഒരു ജയിംസ് ബോണ്ട് കഥ മണക്കുന്നൊ?? ) അവരുടെ വേലക്കാരനായി ജാഫര്‍ ഇടുക്കി. അങ്ങിനെ ത്രില്ലടിക്കുന്ന കഥാ സന്ദര്‍ഭങ്ങളൊ, പഞ്ച് ഡയലോഗുകളോ ഇല്ലാതെ ഈ ആക്ഷന്‍/ടെക്കി/ത്രില്ലിങ്ങ് ചിത്രം മുന്നേറുകയാണ്.

ഗാന രംഗങ്ങളെ ഇത്ര അലസമായി സമീപിച്ച രീതി ഒരിക്കലും പൊറുക്കാവുന്നതല്ല, (പൃഥീരാജും സംവൃതാ സുനിലുമുള്ള ഡ്യൂയറ്റില്‍ അവരോടൊപ്പമുള്ള നൃത്ത സംഘത്തെ നോക്കു, തടീച്ചു തൂങ്ങിയ വയറും ദുര്‍മ്മേദസ്സുമുള്ള നൃത്തക്കാരികള്‍. കോസ്റ്റൂംസ് മാറുന്നതല്ലാതെ ഒരൊറ്റ ഗാനരംഗത്തുപോലും ഒരു പ്രോപ്പര്‍ട്ടി ഉപയോഗിക്കുകയോ ഒരു സെറ്റ് ഒരുക്കുകയോ ഒരു മനോഹര ഫ്രെയിം ഒരുക്കുകയോ ചെയ്തിട്ടില്ല)

ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴാണ് തമിഴ് സിനിമയിലെ കൊമേഴ്സ്യല്‍ സിനിമാ സംവിധായകരെ നാം നമിച്ചു പോകുന്നത്. കാമറ, എഡിറ്റിങ്ങ്, ഗാനങ്ങള്‍, നൃത്തം, കലാ സംവിധാനം, കോസ്റ്റുംസ് എന്നീ മേഖലകളില്‍ വരെ അവര്‍ കാണിക്കുന്ന പെര്‍ഫെക്ഷന്‍ നമ്മെ അസൂയപ്പെടുത്തും ( തമിഴ് സിനിമ എടുക്കുന്ന പോലെയുള്ള ബഡ്ജറ്റ് നമുക്കില്ല എന്നു പറയാന്‍ വരട്ടെ, എങ്കില്‍ നമ്മുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന കഥയും സിനിമയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം, ഇത്തരമൊരു സബ്ജക്റ്റ് ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നു വരുമ്പോള്‍ പരമാവധി നന്നാക്കാനും നല്ല പ്രൊഡക്ഷന്‍ റിസള്‍ട്ട് ഉണ്ടാക്കാനും എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല??)

മിസ് കാസ്റ്റിങ്ങ്
മിസ് കാസ്റ്റിങ്ങ് ഈ സിനിമയുടെ പരാജയത്തിന്റെ മറ്റൊരു കാരണമാണ്. തകത്തഭിനയിക്കാവുന്ന ഒരു കാരക്റ്റര്‍ ഉണ്ടായിട്ട് അതിനെ പൊലിപ്പിച്ചെടുക്കാന്‍ നരേന്‍ എന്ന നടനു കഴിഞ്ഞില്ല എന്നതാണ് ഈ സിനിമയുടെ ഒരു ന്യൂനത. (യുവതാരങ്ങളില്‍ അത്രയും നല്ല അഭിനേതാക്കള്‍ നമുക്കില്ല എന്നതും മനസ്സിലാക്കുക; അവിടേയും നമ്മള്‍ തമിഴനെ അസൂയയോടെ നോക്കിയേ പറ്റൂ, കാരണം ഏതു റോളിനും പാകമുള്ള നിരവധി യുവ താരങ്ങളെ തമിഴില്‍ നമുക്കു കാണാം) ‘പുതിമ മുഖം‘ എന്ന ഹിറ്റ് ആരാധകര്‍ക്കു കൊടുത്ത പ്രതീക്ഷ പക്ഷെ പൃഥിരാജിനു ഇതില്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് പക്ഷെ തിരക്കഥാകൃത്തിന്റെ പരാജയമാണ്, കാരണം പൃഥിക്ക് ഇതില്‍ ചെയ്യാന്‍ ഒന്നുമില്ല തന്നെ. ജയസൂര്യയുടെ എ. എസ്. പി തികച്ചും അണ്‍ഫിറ്റ് ആണ് ജയസൂര്യക്ക് എന്നു കൃത്യമായി പ്രേക്ഷകനു മനസ്സിലാകുന്നു. പല സന്ദര്‍ഭങ്ങളും മസില്‍ പിടിച്ചുള്ള ജയസൂര്യയുടെ അഭിനയം ബോറായി തോന്നിയതില്‍ തീരെ അത്ഭുതമില്ല.

ഒരു കൊമേഴ്സ്യല്‍ സിനിമ എടുക്കുമ്പോള്‍ മുന്നില്‍ വിജയവും ആരവവും മാത്രമേയുള്ളു. ഒരു ടാര്‍ഗറ്റ് ഓഡിയന്‍സിയായുള്ള സിനിമ എടുക്കുമ്പോള്‍ ആ ടാര്‍ഗറ്റിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം. അല്ലാതെ എല്ലാത്തരം പ്രേക്ഷകരേയും ഒരുമിച്ച് വാരിയെടുക്കാനുള്ള അത്യാര്‍ത്തി വരുമ്പോഴാണ് മലയാള സിനിമ പലപ്പോഴും പരാജയത്തിലേക്ക് വീഴുന്നത്. ഇവിടേയും സംഭവിച്ചത് അത് തന്നെ. മലയാളത്തില്‍ ഈ അടുത്തകാലത്ത് സംഭവിക്കാവുന്ന ഒരു ത്രില്ലിങ്ങ് ആക്ഷന്‍ സൂപ്പര്‍ ഹിറ്റ് സിനിമയെ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ, ഫിലിം മേക്കിങ്ങിലുള്ള ഉദാസീനത/അണ്‍ പ്രൊഫഷണലിസം കാരണം നശിപ്പിച്ചെടുത്തു,

വാല്‍ക്കഷ്ണം : ഒന്നു പറയാതെ വയ്യ, മലയാളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും നല്ല ടൈറ്റില്‍ ഗ്രാഫിക്സ് ആണ് ഈ സിനിമയുടേത്. നല്ല റിസള്‍ട്ടോടെ, സിനിമയുടെ ഒരു പഞ്ച് സൃഷ്ടിക്കുന്ന തികച്ചും വ്യത്യസ്ഥമായ ടൈറ്റിത്സ്. അതിനൊരു തൂവല്‍ :)

Friday, September 4, 2009

മലയാളത്തിന്റെ ‘ഋതു‘ഭംഗി

രു അനുഭവത്തില്‍ നിന്നും തുടങ്ങാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീലക്കുറിഞ്ഞി പൂത്ത വാര്‍ത്ത കേട്ട് എന്റെ കുറച്ചു ഓഫീസ് സുഹൃത്തുക്കള്‍ മൂന്നാറീലേക്ക് പോകാന്‍ പ്ലാനിട്ടു, കൂട്ടത്തില്‍ മദ്ധ്യവയസ്സിനോടടുത്ത ഞങ്ങളുടെ മീഡിയാ മാനേജറും ചെറുപ്പക്കാരനായ ഓഫീസ് ബോയിയും കൂടെ പോരാന്‍ താല്‍പ്പര്യം കാണിച്ചു. മൂന്നാര്‍ മലനിരകളിലെത്തിയപ്പോള്‍ പൂത്തുനില്‍ക്കുന്ന വയലറ്റ് പുഷ്പങ്ങളെക്കണ്ട് ഞങ്ങള്‍ പലരും ആര്‍ത്തു വിളിച്ചു, കാമറയുമായി മലനിരകളിലേക്ക് ഓടിക്കയറി. വണ്ടിയില്‍ നിന്നിറങ്ങി വന്ന മീഡിയാ മാനേജറും ഓഫീസ് ബോയിയും നീലക്കുറിഞ്ഞിയെ കണ്ട് വാ പൊളിച്ചു. എന്നിട്ട് ഞങ്ങളെ വെറുപ്പോടേയോ ദ്വേഷ്യത്തോടെയോ തറപ്പിച്ചൊന്നു നോക്കി. ഞങ്ങള്‍ പലരും നീലക്കുറിഞ്ഞി പൂക്കള്‍ സ്വന്തമാക്കാന്‍ കഴിയുമോ എന്നു നോക്കുകയും പരമാവധി അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാനും ശ്രമിച്ചു. തിരിച്ച് വണ്ടിയിലെത്തിയപ്പോള്‍ മാനേജറും ബോയിയും സീറ്റില്‍ ചാരിക്കിടക്കുന്നു. ഞങ്ങളെ കണ്ടതും ഒറ്റചോദ്യം :

“ഈ കോപ്പിലെ കാട്ടുചെടി കാണാനാണടോ ഇത്രദൂരം ഇങ്ങോട്ട് വണ്ടി വിളിച്ച് വന്നത്, ഇതിനേക്കാള്‍ എത്രനല്ല പൂക്കള് നാട്ടിലുണ്ടെടാ....പത്തു പന്ത്രണ്ടുകൊല്ലം കൂടുമ്പോള്‍ പൂക്കുന്നതാണത്രേ,...ഫൂ...”

‘ഋതു‘ എന്ന സിനിമയെക്കുറിച്ച് ‘ജനപ്രിയ ബ്ലോഗ് ‘ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ അനുഭവമാണ് എന്റെ മനസ്സില്‍ വന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ ഒരുപാടു നാളുകള്‍ക്കുള്ളില്‍ മലയാളത്തില്‍ വന്നെത്തിയ ഒരു നല്ല സിനിമയാണ് ‘ഋതു’. നീലക്കുറിഞ്ഞിയുടെ പ്രാധാന്യം തിരിച്ചറിയാത്തവന് അതൊരു കാട്ടുപൂവ് എന്നതുപോലെ, മായാവിയും ഭൂതവും പൊട്ടനും ചട്ടനുമൊക്കെ അരങ്ങുതകര്‍ക്കുകയും അതിനു കയ്യടിക്കുകയും ചെയ്യുന്ന സിനിമാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ക്ക് അതൊരു ‘കാട്ടുപൂവ്’ ആയിരിക്കും.


സണ്ണി, വര്‍ഷ, ശരത്ത് എന്നീ ഋതുഭേദങ്ങളിലൂടെ വര്‍ഷങ്ങളുടെ സൌഹൃദബന്ധവും അകല്‍ച്ചയും പ്രണയവുമൊക്കെ കാവ്യ ഭംഗിയിലൂടെ വരച്ചിടുമ്പോള്‍ പ്രേക്ഷകനും പതിയെ അതിനോടൊപ്പം സഞ്ചരിക്കുകയാണ്. ( കഥാസാരം പലരും പലയിടത്ത് പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടേയും കഥ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല) മലയാളിയുടെ സ്ഥിരം കഥാപ്രമേയങ്ങളേയും കഥാപരിസരങ്ങളേയും പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് വ്യത്യസ്തവും നൂതനവുമായ ഒരു പ്രമേയവും പരിസരവും ദേശിയ അവാര്‍ഡ് ജേതാവുകൂടിയായ സംവിധായകന്‍ ശ്യാമപ്രസാദ് ജീവന്‍ തുടിക്കുന്ന കാന്‍ വാസ് ചിത്രം പോലെ ഇവിടെ വരച്ചു കാണിക്കുകയാണ്.


ഒരു കാര്യം ഉറപ്പാണ്, ഈ സിനിമ കണ്ടു തീര്‍ന്ന് തിയ്യറ്ററിനു പുറത്തേക്ക് വരുന്ന വരെ, നമ്മള്‍ മലയാളത്തിലെ ഒരൊറ്റ നടീനടന്മാരെയോ അവരുടെ മുഖമോ ഓര്‍ത്തിരിക്കില്ല. മമ്മൂട്ടി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെയുള്ള നടന്മാരെ ഈ കഥാപാത്രങ്ങളില്‍ റീപ്ലെയ്സ് ചെയ്യുന്നതുപോയിട്ട് അവരുടെ കണ്ടുപരിചയിച്ച മുഖം ഒരു നിമിഷാര്‍ദ്ധമ്പോലും നമ്മളോര്‍ക്കില്ല. അത്രമാത്രം ഇതിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇതിലെ പ്രധാന താരങ്ങളായ മൂന്നു പേരിനേക്കാളും പതിന്മടങ്ങ് പെര്‍ഫോമന്‍സ് ആണ് ഇതിലെ മറ്റു അപ്രധാന കഥാപാത്രങ്ങളും (ഉദാ : എം.ജി ശശി) ഒരൊറ്റ സീനില്‍ വന്നുപോകുന്നവര്‍പോലും ചെയ്തിരിക്കുന്നത്.

പലപ്പോഴും ശ്യാമപ്രസാദിന്റെ സിനിമകള്‍ ഒരു ദൃശ്യാവിഷ്കാരമല്ല, മറിച്ച് അനുഭവമാണ്. ആദ്യചിത്രമായ കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയൊഴികെ അഗ്നിസാക്ഷിയും, അകലേയും, ഒരേ കടലും മലയാളത്തില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവവും ആവിഷ്കാരവുമായിരുന്നു. കൈകാര്യം ചെയ്ത വിഷയം മാത്രമല്ല അത് ആവിഷ്കരിക്കുന്നതിനുള്ള സാങ്കേതിക പാടവും ഈ ചിത്രത്തെ നല്ലൊരു ചിത്രമാക്കുന്നതില്‍ വളരെയേറെ സഹായിച്ചു, പലപ്പോഴും ശ്യാമപ്രസാദിന്റെ സ്ഥിരം ടീം തന്നെയാണ് ഈ ചിത്രത്തിന്റെ പുറകിലും. ഋതുവിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അതിന്റെ ഛായാഗ്രഹണമാണ്. പി. സുകുമാറീന്റേയും, സാലു ജോര്‍ജ്ജിന്റെയുമൊക്കെ ടിപ്പിക്കള്‍ ഫ്രെയിമും വെളിച്ചവിതാനമൊക്കെ കണ്ടു മടുത്ത പ്രേക്ഷകനു ‘ഷാംദത്ത് ‘ എന്ന യുവ കാമറമാന്‍ ഒരുക്കുന്ന മാജിക്കല്‍ ഫ്രെയിംസും വെളിച്ച വിന്യാസവും കണ്ടാസ്വദിക്കാം ഋതുവില്‍. (കൃത്യം എന്ന സിനിമയിലൂടെ മലയാളത്തില്‍ വന്ന ഷാംദത്ത് , ടൈഗര്‍, വര്‍ഗ്ഗം, നന്മ, ഒരേകടല്‍, ഐ.ജി മുതലായ സിനിമകളിലെ കാമറമാനാണ്).

മറ്റൊരു സവിശേഷത ഈ ചിത്രത്തിന്റെ എഡിറ്റിങ്ങാണ്. എഡിറ്റിങ്ങ് എന്നത് വെറും സാങ്കേതികം മാത്രമല്ലെന്നും അതൊരു കലയാണെന്നും ഈ ചിത്രം നമ്മളെ അനുഭവിപ്പിക്കുന്നുണ്ട്. ‘അകലെ’ എന്ന ചിത്രത്തിലൂടെ മാതൃഭൂമിയുടേയും, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റേയും മികച്ച എഡിറ്റര്‍ അവാര്‍ഡും, 2007ല്‍ ഒരേകടലിനു മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ച ശ്യാമപ്രസാദിന്റെ അസോസിയേറ്റ് കൂടിയായ വിനോദ് സുകുമാരന്‍ ആണ് ഋതുവിന്റേയും എഡിറ്റര്‍.

കൂടുതല്‍ സീനുകളും സ്വാഭാവിക വെളിച്ചത്തിലും സമീപ ദൂര ദൃശ്യത്തിലും (close up) ഛായാഗ്രഹണം നിര്‍വ്വഹിച്ചതും സ്വാഭവികമായൊരു ഒഴുക്കോടെ ചെയ്ത എഡിറ്റിങ്ങും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട മികച്ച ഘടകങ്ങളാണ് ( അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച കാമറാമന്‍/എഡിറ്റര്‍ തീര്‍ച്ചയായും ഋതുവിനു തന്നെയായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, ഇതിനപ്പുറം മികച്ച ഒരു ചിത്രം വന്നില്ലെങ്കില്‍..)

നല്ലൊരു ചിത്രമെന്ന അഭിപ്രായം നേടുമ്പോഴും ഋതു തിയ്യറ്ററിലെ കളക്ഷനിലും, ജനപ്രളയത്തിലും മറ്റു ‘ജനപ്രിയ’സിനിമകളേക്കാള്‍ പിറകിലാണെന്നു തോന്നുന്നു . ചില തിയ്യറ്ററുകളില്‍ നിന്നും ഋതു ആദ്യ ആഴ്ചക്കു ശേഷമോ രണ്ടാമത്തെ ആഴ്ചക്കു ശേഷമോ മാറിയിട്ടുണ്ട്. പലപ്പോഴും നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ സംഭവിക്കുന്നപോലെയുള്ള പ്രേക്ഷക നിരാസം ഋതുവിനും സംഭവിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. തൊട്ടടുത്ത തിയ്യറ്ററുകളില്‍ പട്ടണത്തില്‍ ഭൂതവും ഇവര്‍ വിവാഹിതരായാലുമൊക്കെ തകര്‍ത്തോടുമ്പോള്‍ കൊമേഴ്സല്‍ സിനിമകളില്‍ വല്ലപ്പോഴും സംഭവിക്കുന്ന നല്ല ശ്രമങ്ങള്‍ക്ക് പലപ്പോഴുമെന്നപോലെ തിരസ്കാരം ആവര്‍ത്തിക്കുകയാണ്.

കഥയിലും തിരക്കഥയിലും ആവിഷ്കാരത്തിലും കാഴ്ചപ്പാടിലുമൊക്കെ എന്തൊക്കെ പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കിലും ‘ഋതു‘ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമയില്‍ സംഭവിച്ച നല്ലൊരു അനുഭവമാണ്. കുറഞ്ഞ പക്ഷം മലയാള സിനിമയിലെ അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ക്കിടയില്‍ ഇത്തരമൊരു നല്ല സിനിമ ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവത്തിനും എഫര്‍ട്ടിനും നല്ല ഒരു കയ്യടി ശ്യാമപ്രസാദും ടീമും അര്‍ഹിക്കുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകളും സൂപ്പര്‍ ടെക്നീഷ്യന്മാരും പരിചയ സമ്പന്നരായ നിര്‍മ്മാതാക്കളും കൂടി മലയാളത്തില്‍ എക്കാലത്തേയും വലിയ ബഡ്ജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുമ്പോഴും അവ എട്ടു നിലയില്‍ പൊട്ടുമ്പോഴും; പോപ്പുലാരിയില്ലാത്ത ആരാലും തിരിച്ചറിയപ്പെടാത്ത കുറച്ച് മികച്ച അഭിനേതാക്കളേയും ടെക്നീഷ്യന്മാരേയും കൊണ്ട് ഇതുപോലെ തികച്ചും ഫ്രെഷ് നസ് ഫീല്‍ ചെയ്യിക്കുന്ന; ഏതു നിലയിലും പുതുമയും സ്വാഭാവികതയും തോന്നിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ വരുമ്പോള്‍ ആ കൂട്ടായ്മക്കും എഫര്‍ട്ടിനും പ്രേക്ഷക പക്ഷത്തുനിന്ന് ഒരു സപ്പോര്‍ട്ട് തീര്‍ച്ചയായും ഇത്തരം ചിത്രങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

Saturday, August 8, 2009

പുതിയ മുഖം - അശ്രദ്ധയുടെ സിനിമാ മുഖം











കഴിഞ്ഞ ആഴ്ചയാണ് ‘പുതിയമുഖം‘ എന്നൊരു മലയാള സിനിമ കണ്ടത്. പലപ്പോഴും ഞാന്‍ വൈകിയേ മലയാള സിനിമ കാണാറുള്ളൂ. വര്‍ഷങ്ങളായുള്ള പരിചയമല്ലേ, നമ്മുടെ നിഗമനത്തിനപ്പുറം ഒരു മലയാള സിനിമയും ഈയടുത്തനാളുകളില്‍ പുറത്തു വന്നിട്ടില്ല.

പൃഥിരാജ്, പ്രിയാമണി, മീരാ നന്ദന്‍, ബാല, നെടുമുടി, സാ‍യികുമാര്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ പുതിയ മുഖമെന്ന സിനിമ പുതിയ ഒന്നും നമ്മുടെ മുന്നിലേക്കു വക്കുന്നില്ല. പുതുമയുള്ള ഒരു കഥയോ, തിരക്കഥയോ, കഥാപാത്രമോ, ദൃശ്യാവിഷ്കാരമൊ ഒന്നും.

പ്രൊഫഷണല്‍ നാടക രംഗത്തു നിന്നും വന്ന എം. സിന്ധുരാജാണ് തിരക്കഥാകൃത്ത്. ഏതു രീതിയിലുമുള്ള ട്വിസ്റ്റിനോടൂം, ക്ലൈമാക്സിനോടും കൂട്ടിക്കെട്ടാവുന്ന ഒരു മൂലകഥയാണ് പുതിയമുഖത്തിന്റേത്. അതായത്, പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നു ബ്രാഹ്മണനായ ഒരു നായകന്‍ (മലയാള സിനിമയില്‍ നായകന്‍ എപ്പോഴും ബ്രാഹ്മണന്‍ ആയിരിക്കണമല്ലോ ചുരുങ്ങിയ പക്ഷം നായരെങ്കിലും) എഞ്ചിനീയറിങ്ങ് പഠനത്തിനുവേണ്ടി കൊച്ചിയിലെ ഒരു കോളേജില്‍ എത്തുന്നു. അഗ്രഹാരത്തില്‍ അവനൊരു കാമുകിയുണ്ട്. ചെറുപ്പത്തിലേ അവരുടെ ഇഷ്ടം തിരിച്ചറിഞ്ഞ് അവരുടെ വിവാഹത്തിനു കാത്തിരിക്കുന്ന വീട്ടുകാരും. കോളേജില്‍ വെച്ച് അവന്റെ ജീവിതം മാറിമറയുകയാണ്. അവിടെ നിന്ന് അവനൊരു പുതിയമുഖം കൈവരുന്നു. ഒറ്റവരിയില്‍ ഒരു പുതുമ തോന്നിക്കുന്ന വണ്‍ലൈന്‍. എന്നാല്‍ പുതുമയുള്ള ഒരു കോപ്പും പറയാന്‍ തിരക്കഥാകൃത്തിനും സംവിധായകനുമായിട്ടില്ല എന്നു മാത്രമല്ല, പറഞ്ഞ സംഗതികളൊക്കെ വല്ലാതെ ചീറ്റിപ്പോകുകയും, സംവിധായകന്റെ അശ്രദ്ധ സിനിമയിലുടനീളം സാധാരണ പ്രേക്ഷകനു മനസ്സിലാകത്തക്ക വിധം കാണുകയും ചെയ്യപ്പെടൂന്നു.

മുന്‍പ് പറഞ്ഞ വണ്‍ലൈന്‍ ഏതു ക്ലൈമാക്സിനോടും കൂട്ടികെട്ടാവുന്നതേയുള്ളു. ഉദാഹരണത്തിന് : കോളേജില്‍ എത്തപ്പെടുന്ന നായകന്‍, അവിടത്തെ മയക്കുമരുന്നു ലോബിയെ കാണുന്നു. അവന്റെ ആത്മാര്‍ത്ഥസുഹൃത്ത് ലോബിയുടെ ഇരയാകുമ്പോള്‍ അവന്‍ പ്രതികരിക്കുന്നു. വില്ലന്മാരെ ഒന്നൊന്നായി കൊന്നൊടുക്കുന്നു. നായകന്‍ കോളേജ് വിദ്യാര്‍ത്ഥിയായതുകൊണ്ട് അവനെ ഭ്രാന്ത് എന്ന രോഗം ഉള്ള ഒരു ബാഗ്രൌണ്ട് കൂടി കൊടുത്താല്‍ അവന്‍ നിയമത്തില്‍ നിന്നും മുക്തമാകും.
ഇനി ഈ കഥ തന്നെ മറ്റൊരു വിധത്തില്‍ പറയാം. കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും കൊച്ചിയിലെ കോളേജില്‍ എത്തിപ്പെട്ട നായകന്‍ അവിടെ ഒരു സെക്സ് റാക്കറ്റിനെ കാണുന്നു. അവന്റെ ഉറ്റമിത്രമായ പെണ്‍കുട്ടി അവരുടെ ഇരയാകുന്നു. അതിനെതിരെ അവന്‍ പ്രതികരിക്കുന്നു. ഒടുക്കം വില്ലന്മാരെ കൊന്നൊടൂക്കുന്നു :) ഇങ്ങനെ ഏതു കഥാ ഗതിയോടും, ക്ലൈമാക്സിനോടും കൂട്ടികെട്ടാവുന്ന ഒരു കഥാമുഖമായാണ് തിരക്കഥാകൃത്തിന്റെയ്യും സംവിധായകന്റേയും വരവ്.

ഈ അയല്പക്കപ്രേമവും മുറപ്പെണ്ണ് പ്രേമവും ഒടുവില്‍ അവരുടെ തെറ്റിദ്ധാരണകളും നമ്മളെത്ര കണ്ടതാണ്??! മാത്രമല്ല. ചെറുപ്പം മുതലേ നാട്ടൂകാരും വീട്ടുകാരും അംഗീകരിച്ച, കൊച്ചുനാളിലെ പ്രണയിതരായ നായകനും നായികയും, ഒറ്റ നിമിഷത്തില്‍ ഒരു വിഷമവുമില്ലാതെ അങ്ങു വേര്‍പ്പിരിയുകയാണ്, കാരണം നായകനു ഭ്രാന്ത് എന്നൊരു അസുഖം ഉണ്ടത്രേ, അതു ഒരിക്കലും മാറാനും വഴിയില്ല. പക്ഷേ, ആദ്യ കാമുകി പിരിഞ്ഞുപോകുമ്പോള്‍ പുതുതായി വരുന്ന പുതിയ കാമുകിക്ക് നായകന്റെ ഭ്രാന്ത് ഒരു പ്രശ്നമല്ല :) (തനിക്ക് ഭ്രാന്ത് എന്ന് ആരോപിച്ചതുകൊണ്ടാണ് മറ്റൊരു വിവാഹത്തിനു നായകന്‍ ആദ്യ കാമുകിയെ നിര്‍ബന്ധിക്കുന്നത്, എന്നാല്‍ പുതിയ നായിക പ്രേമവുമായി വരുമ്പോള്‍ നായകന് അത് സ്വീകരിക്കാന്‍ ഒരു കുഴപ്പവുമില്ല!!! അവളോട് ഭ്രാന്തിനെ പറ്റി പറയുന്നുമില്ല)

ബാല എന്ന വില്ലന്‍ (ബിഗ് ബി ഫെയിം) തുടക്കം മുതല്‍ പൃഥിയെ കാണുമ്പോള്‍ മുതലേ വില്ലനായാണ് പെരുമാറുന്നത്, (തിരക്കഥാകൃത്ത് നേരത്തെ അവനോട് പറഞ്ഞുകാണണം) 80കളിലെ ഒരു ടിപ്പിക്കല്‍ വില്ലനെപോലെയാണ് അങ്ങേരുടെ പെരുമാറ്റം. ആദ്യപകുതി കഴിഞ്ഞ് പാവത്താനായ പൃഥിരാജിന്റെ കഥാപാത്രത്തിന്റെ മനോഭാവം മാറൂന്നതിനും, അമാനുഷിക പരിവേഷത്തിനും യാതൊരു ന്യായീകരണവുമില്ല. (അത് തിരക്കഥകൃത്തിനും സംവിധായകനും മാത്രം അറിയുമായിരിക്കും!!)

അശ്രദ്ധയുടെ എക്സിക്യൂഷന്‍
തികച്ചും അമേച്ചര്‍ ആയാണ് ഈ സിനിമയുടെ എക്സിക്യൂഷന്‍ നടത്തിയിരിക്കുന്നത് എന്നത് അക്ഷന്തവ്യമായ തെറ്റാണ്. സിനിമയുടെ ഗ്രാമര്‍ അറിയാത്ത ഏതു സാധാരണ പ്രേക്ഷകനും പോലും മനസ്സിലാവുന്ന മട്ടിലുള്ള തെറ്റുകുറ്റങ്ങളാണ് ഈ ചിത്രം മുഴുവന്‍. സ്റ്റണ്ട് സീനുകളില്‍ ഇമ്പാക്റ്റ് കിട്ടാന്‍ വേണ്ടി നായകന്റേയും വില്ലന്റേയും ഗുണ്ടകളുടേയും ദേഹത്തു തൂളുന്ന ചോക്കുപൊടിയും, സ്റ്റണ്ട് സീനില്‍ ദേഹം വേദനിക്കാതിരിക്കാന്‍ തറയില്‍ വിരിക്കുന്ന ടര്‍പായയും, ഫോം ബെഡുമൊക്കെ ഏതൊരു പ്രേക്ഷകനും കാണാവുന്നതാണ് (ഈ ചോക്കുപൊടി വാങ്ങാനുള്ള ചിലവായിരിക്കണം ഈ സിനിമയുടെ മേജര്‍ ബഡ്ജറ്റ്!!) അതു കൃത്യമായും പ്രൊഫഷണലായും ഉപയോഗിക്കാനറിയില്ലെങ്കില്‍ അതുപയോഗിക്കാതിരിക്കുക. നായകന്‍-വില്ലന്‍ എന്നിവരുടെ ഡ്രെസ്സില്‍ അതിന്റെ പാടുകളും ചുമരുകളിലും മറ്റുമുള്ള പാടുകളുമൊക്കെ നമ്മെക്കൊണ്ട് ‘അയ്യേ’ എന്നു പറയിപ്പിക്കും
മറ്റൊന്ന്, പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സ്റ്റണ്ട് സീനില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ (വിജയരാഘവന്‍) നായകന്റെ സ്റ്റണ്ടും നോക്കി നില്‍ക്കുന്നതു കണ്ടാല്‍ അമ്മച്ചിയാണേ, ചിരിച്ചു പോകും :) ഇതുപോലെ അമ്വച്ചറിസ്റ്റിക്ക് ആയി ചിത്രീകരിച്ച ഒരുപാടു സീനുകള്‍ ഈ ‘പുതിയമുഖം’ എന്ന സിനിമയിലുണ്ട്.

ഗ്രാഫിക്സ് എന്നു പറയുന്നത് മലയാള സിനിമക്ക് ഇപ്പോഴും ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് ഈ ചിത്രം പറയുന്നു. ഗ്രാഫിക്സ് ഉപയോഗിച്ച സീനുകള്‍ മാക്സിമം മോശമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വൈഡ് ലെന്‍സ് എങ്ങിനെ, എപ്പോള്‍, ഏതു സന്ദര്‍ഭത്തില്‍ ഉപയോഗിക്കണം എന്നൊക്കെ സംവിധായകന്‍ ദീപന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അനാവശ്യ സന്ദര്‍ഭങ്ങളില്‍ അണ്‍ പ്രൊഫഷണലായി വൈഡ് ആംഗിളും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സും ഉപയോഗിച്ചിരിക്കുന്ന ഈ സിനിമ ആ സീനുകളില്‍ മാക്സിമം നമ്മെ ബോറടിപ്പിക്കുന്നുണ്ട്. മറ്റൊരു പ്രധാന സംഗതി, 500 ഫ്രെയിം സ്ലോമോഷന്‍(മാട്രിക്സ് സിനിമ ഓര്‍ക്കുക) ചിത്രീകരിക്കാന്‍ ബഡ്ജറ്റില്ലാതെ ഫിലിമിനെ ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു ഈ സിനിമയില്‍ ‌--സ്റ്റണ്ട് സീനുകളില്‍-- അതുപയോഗിക്കുന്നതിനു കുഴപ്പമില്ല പക്ഷേ, അതിന്റെ റീപ്രൊഡക്ഷന്‍ കുറ്റമറ്റ രീതിയില്‍ പ്രേക്ഷകനു കൊടുക്കാന്‍ പറ്റണം. ചെന്നൈയിലെ ഏതെങ്കിലും പ്രൊഫഷണല്‍ സ്റ്റുഡിയോകളില്‍ ഭംഗിയായി ചെയ്തെടുക്കാന്‍ പറ്റുന്ന ആ എഫ്. സി. പി എഫക്സ്റ്റ് ( എഫ് .സി.പി എന്ന എഡിറ്റിങ്ങ് സോഫ്റ്റ്വെയറാണ് ഈ സിനിമയിലെ സ്റ്റണ്ട് സീനുകളിലെ എഡിറ്റിങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്) മാക്സിമം മോശമാക്കിയിട്ടുണ്ട്. ആവശ്യത്തിലേറെ നോയിസും, ക്ലാരിറ്റിയില്ലായ്മയുമൊക്കെ പ്രേക്ഷകനെ മടുപ്പിക്കും. ഗാന രംഗങ്ങളും ആവശ്യത്തിലേറെ ബോറാക്കിയിട്ടുണ്ട്. ( പിച്ചവെച്ച നാള്‍മുതല്‍...എന്ന ആദ്യ ഗാനത്തില്‍ നായകന്‍ ഫ്രൂട്ട്സ് വില്‍പ്പനക്കാരനാണോ എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പഴയ ന്യൂസ് പേപ്പറുകള്‍ ഒട്ടിച്ചുവെച്ച വഞ്ചിയില്‍ കുറേ പഴ വര്‍ഗ്ഗങ്ങള്‍ നിരത്തിവെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ചിരിച്ചുപൊയി)

ആകര്‍ഷകമായ പോസ്റ്റര്‍ ഡിസെനിങ്ങും ദീപന്‍ എന്ന (ഷാജി കൈലാസിന്റെ പഴയ അസോസിയേറ്റ്) പുതുമുഖ സംവിധായകനുമായിരുന്നു എന്റെ പ്രലോഭനം പക്ഷെ, ദീപന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അസോസിയേറ്റ് ചെയ്യാനുണ്ട്. എന്നിട്ടെ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാനാവു എന്ന് ഈ സിനിമ തെളിയിക്കുന്നു.

Thursday, July 30, 2009

നാടോടികള്‍ : മലയാളി കണ്ടിരിക്കേണ്ട തമിഴ് ചിത്രം




















നിലവിലുള്ള ഫോര്‍മാറ്റുകളെ തകര്‍ത്തുകൊണ്ട് (പഴയതോ പുതിയതോ) ആയ ഒരു വിഷയം അവതരിപ്പിക്കപ്പെടുമ്പൊള്‍ അതിന് ഒരു പുതുമ ഉണ്ടാകുന്നു. ഇത് തമിഴനോളം തിരിച്ചറിയുന്ന ഒരു സിനിമാപ്രവര്‍ത്തകര്‍ള്‍ ഇന്ത്യയില്‍ മറ്റില്ല എന്ന് വേണമെങ്കില്‍ പറയാം. കാരണം തമിഴന്‍ പത്തു പ്രണയ കഥകള്‍ പറയുമ്പോള്‍ പത്തും പത്തു തരത്തിലാകുന്നു. അവന് അത് പറയാനും എക്സിക്യ്യൂട്ട് ചെയ്യാനും നന്നായി അറിയാം. ടെക്നോളജിയെ ഇത്ര നന്നായി (ചിലര്‍ വളരെ മോശമായും) ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകള്‍ തെക്കനിന്ത്യയില്‍ മറ്റാരും ഇല്ല.

നാടോടികള്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും പുതുമയുള്ള വിഷയമൊന്നുമല്ല. പക്ഷെ സൌഹൃദത്തിന്റെ പ്രണയത്തിന്റെ വിവിധ തലങ്ങള്‍ വ്യത്യസ്ഥ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് സമുദ്രക്കനി പറയുമ്പോള്‍ അത് പുതുമയുള്ളതും വ്യത്യസ്ഥയുള്ളതുമായ ഒരു ചിത്രമാകുന്നു. സിനിമയില്‍ മലയാളി പരാജയപ്പെടുന്ന ഇടങ്ങളിലൊക്കെ തമിഴന്‍ വിജയിക്കുന്നത് പണം കൊണ്ടു മാത്രമല്ല അവന്റെ തലയില്‍ ആള്‍താമസം ഉള്ളതു കൊണ്ടാണ്.

സൌഹൃദത്തെ ഇത്ര ഊഷ്മളമായി എങ്ങിനെ ചിത്രീകരിക്കണം എന്നുള്ളത് മലയാളി ‘നാടോടികള്‍’ എന്ന സിനിമ കണ്ട് പഠിക്കണം. (പ്രത്യേകിച്ച് സിദ്ദിക്ക് ലാല്‍)

സുബ്രമണ്യപുരം സംവിധായകന്‍ ശശികുമാര്‍ നായകനാകുന്ന നാടോടികളില്‍ നായകനൊപ്പം നിരവധി കൂട്ടുകാരുണ്ട്. ഇവരുടെ സൌഹൃദം-ബന്ധം സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നത് ഫ്ലാഷ് ബാക്കില്‍ തോട്ട്പാലം കടക്കുമ്പോള്‍ അനിയനേയോ കുഞ്ഞിനേയൊ പണ്ട് രക്ഷിച്ചു അന്നുമുതല്‍ അവര്‍ പിരിയാത്ത കൂട്ടുകാരായി എന്ന ക്ലീഷേ മട്ടിലല്ല.

ഈ സിനിമയില്‍ അഭിനയിച്ചവരാരും തമിഴ് മെയിന്‍ സ്ട്രീമിലെ ആരുമല്ല. ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിച്ച പോപ്പുലര്‍ അല്ലാത്തവരും ആദ്യമായി കാമറയെ അഭീമുഖീകരിക്കുന്നവരും ആണ്. അവിടെയാണ് തമിഴന്റെ ആത്മവിശ്വാസം നമ്മള്‍ കാണുന്നത്. മലയാളിക്ക് ഇനിയൊരു 25 വര്‍ഷത്തേക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യം. ഇതില്‍ അമാനുഷനായ നായകനോ നായികയോ വില്ലനോ ഇല്ല. എല്ലാവരും ജീവിതത്തിന്റെ കെട്ടുപാടുകളില്പെട്ട് മുന്നോട്ടു നീങ്ങുന്നവര്‍ മാത്രം. സാന്ദര്‍ഭികമായി അവരൊക്കെ നായക്ന്മാരോ വില്ലന്മാരോ ആകുന്നു. കണ്ടുമടുത്ത സിനിമാ മുഖങ്ങളോ ക്ലീഷേകളോ ഇതിലില്ല എന്നുള്ളതും ടിപ്പിക്കല്‍ സിനിമാഗാനങ്ങളും സംഘട്ടന രംഗങ്ങളും ഇല്ല എന്നുള്ളതും എടുത്തുപറയേണ്ടതാണ്.

നാടോടികളുടെ എക്സിക്യൂഷന്‍ :
അതിനെപ്പറ്റിയാണ്‍ മലയാളി ഏറെ അത്ഭുതപ്പെടുക. ഓരോ ഷോട്ടും സീന്‍സും എത്ര വിദഗ്ദമായും, പുതുമയോടെയും ആണ്‍ സമുദ്രക്കനി ചിത്രീകരിച്ചിട്ടുള്ളത്. ടൈറ്റിത്സ് മുതലേ ഈ ഫ്രഷ് നെസ്സ് കാണാം. ഇപ്പോഴും കറൂപ്പിലോ നീലയിലോ വെളുത്ത വളരെ വലിയ അക്ഷരങ്ങളും അതിനിടയില്‍ ഒരു ചുവന്ന വരയുമില്ലാതെ മലയാളിക്ക് ഇപ്പോഴും ടൈറ്റില്‍ കാണിക്കാനറിയുമോ? സംശയമാണ്.
‘നാടോടികളു’ടെ ഇന്റര്‍വെല്ലിനു തൊട്ടുമുന്നുള്ള ആ ചേസിങ്ങ് സീന്‍ കണ്ടു നോക്കു., ഇത്ര ഭംഗിയായി അതിനെ എക്സിക്യൂട്ട് ചെയ്യാന്‍ മറ്റാര്‍കും കഴിയില്ല. എക്സ്ട്രീരിയര്‍ സീനുകളില്‍ ഇത്ര ക്രൌഡിനെ ഉപയോഗിച്ച് സംഘട്ടനം രംഗം ഒരുക്കിയിട്ടും അതില്‍ പാകപ്പിഴകളോ കണ്ടിന്യൂവിറ്റി പ്രോബ്ലമോ സംഭവിച്ചിട്ടില്ല എന്നതാണ് അതിന്റെ ക്രെഡിറ്റ്. നായകന്റെ കണ്ണിനു മീതെ ഗുണ്ടകളില്‍ നിന്നൊരുത്തന്‍ വാളുകൊണ്ടു വെട്ടുന്നതും നായകന്റെ കൂട്ടുകാരനെ ഓടിവന്ന് വലിയൊരു വടികൊണ്ട് ചെവിക്കു നേരെ ആഞ്ഞടിക്കുന്നതും (അതോടൊപ്പമുള്ള ബാഗ്രൌണ്ട് സ്കോര്‍ ശ്രദ്ധിക്കുക അതിനു ശേഷമുള്ള സീനുകളില്‍ അതിന്റെ കണ്ടിന്യൂവിറ്റിയും ശ്രദ്ധിക്കുക) എഫക്റ്റുകളും എക്സിക്യൂഷനും എങ്ങിനെ ഭംഗിയായി കൈകാര്യം ചെയ്യാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‍.

വ്യത്യസ്ഥമായ ലൊക്കേഷനുകള്‍, ഫ്രെയിമുകള്‍, അഭിനേതാക്കള്‍ അങ്ങിനെ പുതുമകളുടെ നീണ്ട നിരയുമായി നാടോടികള്‍ തമിഴകത്തും കേരളത്തിലും പ്രദര്‍ശന വിജയം നേടുമ്പോള്‍.. ലോജിക്കുകള്‍ ഏഴയലത്തു കടന്നു ചെല്ലാത്ത മുറപ്പെണ്ണൂ പ്രേമവും, മിമിക്രിതമാശകളും സൂപ്പര്‍ താര പരിവേഷവും കൊണ്ട് മലയാളി സിനിമയുടെ ശവക്കുഴി തോണ്ടുന്നു.

മലയാ‍ള സിനിമയിലെ എഴുത്തുകാരെയും സംവിധായകരേയും തമിഴിലെ കഴിവുള്ള സംവിധായകരുടെ അസിസ്റ്റന്‍സായി അടുത്ത രണ്ടുവര്‍ഷം (മിനിമം) ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ എനിക്കു തോന്നുന്നു മൂന്നു വര്‍ഷത്തിനുശേഷം മലയാളത്തില്‍ ചിലപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടായേക്കാം, അതും ചിലപ്പോള്‍ മാത്രം

പിന്‍ കുറിപ്പ് : നാടോടികളിലെ നായകന്റെ സഹോദരിയായി അഭിനയിക്കുന്ന ഒരു നടിയുണ്ട്. പേര്‍ ‘അഭിനയ’. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കണ്ണാടിയിലാണ് ആ കുട്ടിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഊമയായ പെണ്‍കുട്ടിയാണത്രെ!!. സിനിമയില്‍ പക്ഷെ ഊമയായിട്ടല്ല, സംഭാഷണങ്ങള്‍ പറയുന്ന ഒരു കഥാപാത്രമായിട്ട്. !!! സിനിമയിലെ അഭിനയത്തില്‍ ‘അഭിനയ്’ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അത്ര അപാ‍രമായ പെര്‍ഫോമന്‍സ്. ഒരു ഊമയായ പെണ്‍കുട്ടിയെ നായികക്കൊപ്പമുള്ള കഥാപാത്രമായി കൊടുക്കാന്‍ കഴിഞ്ഞ തമിഴന്റെ ചങ്കുറപ്പ് മലയാളത്തിലെ ഏത് സംവിധായകനു സാധിക്കും, ഇപ്പോഴല്ല അടുത്ത 25 വര്‍ഷത്തിനുള്ളിലെങ്കിലും??