Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts

Thursday, September 16, 2010

ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ

ബ്ലോഗില്‍ ആദ്യ പോസ്റ്റിട്ടപ്പോള്‍ ലിങ്ക് എല്ലാവര്‍ക്കും ഞാന്‍ ഫോര്‍വേഡ് ചെയ്തു, കുറ്റം പറയരുത്, അമ്പത് കമന്‍റ്‌ കിട്ടി.അടുത്ത പോസ്റ്റിലും ലിങ്ക് ഫോര്‍വേര്‍ഡ് ചെയ്തു, കുറ്റം പറ്യരുത്, അമ്പത് ചീത്ത കിട്ടി.അമ്പത് പേരും പറഞ്ഞത് ഒരേ കാര്യം, മേലില്‍ ഇങ്ങനെ ലിങ്ക് അയക്കരുത്.

കാലം കടന്നു പോയി, എനിക്കും അത്യാവശ്യ വായനക്കാരായി.അങ്ങനെ സന്തോഷിച്ച് നില്‍ക്കുമ്പോഴാണ്‌ എനിക്കൊരു മെയില്‍ കിട്ടുന്നത്.അതിലെ ആവശ്യം സിംപിളായിരുന്നു, "ചേട്ടാ, എന്‍റെ കഥ ഒന്ന് നോക്കുക, ഒന്നു വിലയിരുത്തുക, പ്ലീസ്".
കഥ നോക്കി, വിലയിരുത്തി.സത്യസന്ധമായ അഭിപ്രായം അയച്ചു കൊടുത്തു.
"സുഹൃത്തേ, കഥ വിലയിരുത്താന്‍ ഞാന്‍ ആളല്ല.എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയുകയാണ്, അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.അതേ പോലെ കഥയില്‍ ഒരു ഒഴുക്ക് വരാനും ശ്രമിക്കണം"
അത് വായിച്ച് അവന്‍ തിരികെ മറുപടി ഇട്ടു..
"ഇങ്ങനെ അഭിപ്രായം പറയാന്‍ താന്‍ ആരുവാ?ഒന്നുങ്കില്‍ കിടിലം എന്ന് പറയണം അല്ലെങ്കില്‍ സൂപ്പര്‍ എന്ന് പറയണം,അല്ലാതെ തനിക്ക് വായില്‍ തോന്നിയ പറയാന്‍ വേറെ സ്ഥലം നോക്ക്"
ഞാന്‍ ആരായി?
ഇനി വേറൊരു റിക്വസ്റ്റ്.
"ഈ ലിങ്ക് ഒന്ന് നോക്കണേ"
നോക്കി, ഒരു കവിത ബ്ലോഗ്.തിരികെ മറുപടി അയച്ചു.
"കവിത വിലയിരുത്താന്‍ ഞാന്‍ ആളല്ല"
അഞ്ച് മിനിറ്റിനുള്ളില്‍ മറുപടി കിട്ടി:
"എന്നാല്‍ ഈ ലിങ്ക് നോക്കു, ഇത് എന്‍റെ കഥ ബ്ലോഗാണ്"
ഇപ്പോ ഞാന്‍ ആരായി?
അടുത്ത ലിങ്ക്.
"ഒരു ഫോട്ടോ ബ്ലോഗാണ്‌ നോക്കണം"
നോക്കി, സഹാറ മരുഭൂമിയുടെ പടം, ഹെഡിംഗ് : വെട്ടിത്തിളക്കുന്ന സൂര്യന്‍
കമന്‍റ്‌ ഇട്ടു : "മരുഭൂമിയുടെ മനോഹരദൃശ്യം"
മറുപടി വന്നു: "അയ്യോ ചേട്ടാ, ഇത് ഭാരതപ്പുഴയാ"
ഞാന്‍ ആരായി?

അപ്പോള്‍ പറഞ്ഞുവന്നതിന്റെ രത്നച്ചുരുക്കം ഇത്രയേയുള്ളു. ഇമ്മാതിരി റിക്വസ്റ്റ് മെയിലുകളുടെ അതിപ്രവാഹമാണ് ബ്ലോഗ് വായനക്കാരുടെ ഇന്‍ ബോക്സില്‍. പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ മെയില്‍ അയച്ച് സ്വന്തം ബ്ലോഗ് വായിക്കാന്‍ പറയുന്നത് മനസ്സിലാക്കാം. പക്ഷെ അപരിചിതര്‍ക്ക് അയക്കുന്ന മെയിലിലെ ടെക്സ്റ്റ് കണ്ടാല്‍ ആ മെയിലയച്ചവനെ അപ്പോള്‍ കിട്ടിയാല്‍ കൊങ്ങക്ക് പിടിക്കും എന്ന തോന്നലാണ്. ചില ഉദാഹരണങ്ങള്‍ കാണിക്കാം :
രണ്ടു ദിവസം മുന്‍പ് എന്റെ ഇന്‍ ബോക്സില്‍ വന്ന ഒരു മെയില്‍ ആണിത്.
“ലിങ്ക് ഒരു തവണ അയച്ചിരുന്നു.... വായിച്ചവര്‍ സദയം ക്ഷമിക്കുമല്ലോ.... പതിവായി എന്റെ ബ്ലോഗിലേക്ക് വരുന്നവര്‍ പോലും എത്തി നോക്കാത്തതുകൊണ്ടാണ് വീണ്ടും അയക്കുന്നത്..... നന്ദി (ലിങ്ക്) “

ഇന്നലെ വന്ന മറ്റൊന്ന് : “റമദാന്‍ മാസമായതോടെ അൽപ്പം തിരക്കായതിനാല്‍ നിങ്ങളുടെ പലരുടെയും ബ്ലോഗില്‍ വരാനോ പോസ്റ്റുകള്‍ വായിക്കാനോ സമയം കിട്ടിയിരുന്നില്ല. ഒഴിവിനനുസരിച്ച് എല്ലായിടത്തും ഞാന്‍ വരും എന്നറിയിച്ചുകൊണ്ട് എന്‍റെ പുതിയ പോസ്റ്റ് (ലിങ്ക്) “

മറ്റൊന്ന് : “ സുഹൃത്തെ... ആരും ഇതുവരെ പറയാത്ത രഹസ്യം.... അതും സ്വന്തം രാത്രിയെകുറിച്ച് . വായിച്ചു അഭിപ്രായം പറയുക. post : എന്‍റെ രാത്രി.“

ബ്ലോഗര്‍മാരെ.... നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവ്വിധം മെയിലയച്ചുകൊള്ളൂ. പക്ഷെ ഒരു പരിചയവുമില്ലാത്തവര്‍ക്ക് ഇമ്മാതിരി അയക്കല്ലേ...ഇതൊക്കെ കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല....
ഇങ്ങനെ മനുഷ്യരെ ഭ്രാന്താക്കാനായി ഒരു കൂട്ടം ലിങ്കുകള്‍ സ്വീകരിച്ച് കൊണ്ട് വായനക്കാരുടെ ദിവസങ്ങള്‍ ആരംഭിക്കുന്നു.ഒരു അപേക്ഷയുണ്ട്, വായന മരിക്കാതിരിക്കാനാണ്‌ നമ്മള്‍ ശ്രമിക്കേണ്ടത്, അല്ലാത് ഇങ്ങനെ ലിങ്ക് അയച്ച് വായനയെ കൊല്ലരുത്.