Showing posts with label കൂടുതലൊന്നും പറയാനില്ല. Show all posts
Showing posts with label കൂടുതലൊന്നും പറയാനില്ല. Show all posts

Thursday, May 14, 2009

കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍

ബ്ലോഗ് നമുക്കെല്ലാവര്‍ക്കും തുറന്നു തന്ന സ്വാതന്ത്ര്യം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. മനസ്സിലുള്ളിലെ ഭാവനയും നോവും അക്ഷരങ്ങളിലൂടെ പിറക്കുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ അനുഭവിച്ചറിഞ്ഞതുമാണ്. എങ്കിലും ഈ സ്വാതന്ത്ര്യം പകര്‍ന്നു തന്നത് അനുഭവിക്കേണ്ടി വരുന്ന വായക്കാരുടെ ഭാഗ്യവും നിര്‍ഭാഗ്യവും കൂടി പറഞ്ഞറിയിക്കാന്‍ വയ്യ.

വിശാലമനസ്കന്‍ തുടങ്ങിവെച്ച(അല്ലെങ്കില്‍ ഹിറ്റാക്കിയ) നര്‍മ്മം തുളുമ്പുന്ന ഓര്‍മ്മക്കുറിപ്പുകളുടെ നിരവധി അനുകരണങ്ങള്‍ ബ്ലോഗിലുണ്ടായി, ഇപ്പോഴും ഉണ്ടാകുന്നു. അതില്‍ തെറ്റൊന്നുമില്ല. എഴുതാന്‍ അറിയുന്നവന് എഴുത്തിന്റെ ഏതുമേഖലയിലും തന്റെ കയ്യൊപ്പു ചാര്‍ത്താനാവും. പ്രതിഭാ ശൂന്യനായൊരാള്‍ കാലത്തിന്റെ പിറകിലേക്കു പോകും. അതിന്റെ ഉദാഹരണമാണ് പുലി പോലെ വന്ന് എലിപോലുമാകാതെ ബ്ലോഗ് ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു പോയ പല ബ്ലോഗുകളും ബ്ലോഗര്‍മാരും.

പറഞ്ഞു വന്നത്, ബ്ലോഗിലെ കവികളെക്കുറിച്ചും കവിതകളെകുറിച്ചുമാണ്. കവിത എഴുതാന്‍ തോന്നുന്നതും എഴുതുന്നതും തെറ്റല്ല. പക്ഷെ അതൊരാവര്‍ത്തിപോലും വായിക്കാതെ വായനക്കാരന്റെ മുന്‍പില്‍ ശര്‍ദ്ദിച്ചു വെക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. വൃത്തവും അലങ്കാരവുമൊക്കെ അവിടെ നിക്കട്ടെ, പക്ഷെ ഒരൊറ്റ കവിതപോലും വായിക്കാതെ, ഒരു കവിയുടെ പേരു പോലും ഓര്‍മ്മയിലില്ലാതെ, പദസമ്പത്തോ പദഘടനയോ ഭാവനയോ പോലുമില്ലാതെ ‘വായില്‍ വരുന്നത് കോതക്ക് പാട്ട്’ എന്ന മട്ടില്‍ ബ്ലോഗ് പേജുകളില്‍ ചര്‍ദ്ദിച്ചു വെക്കുന്ന അക്ഷരമലിനങ്ങളെ എങ്ങിനെയാണ് കവിത എന്നു വിളിക്കുന്നത്? മാത്രമല്ല. ‘ഞാനിതാ ഒരു മഹത്തായ കവിത എഴുതി, വന്നു വായിച്ചു കോള്‍മയിര്‍ കൊള്ളൂവിന്‍ അഭിപ്രായപ്പെടുവിന്‍’ എന്ന മട്ടില്‍ ബ്ലോഗിലും മെയിലിലും ഓര്‍ക്കുട്ടിലുമൊക്കെ പരസ്യം ചെയ്യുന്നവര്‍; തന്റെ കവിത വായിക്കാന്‍ വരുന്നുവര്‍ കവിതാ വായനയുള്ളവരായിരിക്കും എന്ന ഒരു സാമാന്യ ബുദ്ധി പോലും ഇല്ലാത്തവരാകുന്നതെന്ത്?

അടുത്തിടെയാണ് ഒരു ബ്ലോഗു കവിയുടെ ‘മഹത്തായ’ കവിതകള്‍ വായിക്കാനിടയായത്. എല്ലാദിവസവും ഓരോ കവിത എന്നമട്ടില്‍ പടച്ചുവിട്ടിരിക്കുന്ന ആ അക്ഷര തോന്ന്യാസം വായനക്കാരന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്നതാണ്. ഒരു ഉദാഹരണം തരാം. കവി പ്രണയത്തെകുറിച്ച് പറഞ്ഞതിങ്ങനെ :
പ്രകൃതി പ്രണയമാണ്
പ്രണയം പ്രയത്നമാണ്
പ്രയത്നം പ്രതീക്ഷയാണ്
പ്രതീക്ഷ പ്രശ്ന പരിഹാരമാണ്

പ്രണയം പ്രഹ്ലാദമാണ്
പ്രഹ്ലാദം പ്രസരിപ്പാണ്
പ്രസരിപ്പ് പ്രവേശമാണ്
പ്രവേശം പ്രത്യക്ഷമാണ്


ഇനി നിങ്ങള്‍ പറയൂ.. ഇതിനെ എന്ത് പേര്‍ വിളിക്കും. ‘പ്ര’ എന്ന ഒരു വാക്കു വെച്ചു കവി(?) കാണിച്ച സര്‍ക്കസ്സിനപ്പുറം ഇതെന്താണ്? പ്ര-യില്‍ തുടങ്ങുന്ന സകലമാന വാക്കുകളും പിന്നെ തന്റെ വക കുറച്ചു ‘പ്ര’കളും കൂട്ടിച്ചേര്‍ത്ത് കവി എഴുതിയ സാഹസമാണത്. അതുപോലെ ഈ കവിയുടെ നിശാഗന്ധി എന്ന പുതിയ കവിതയിലെ

“"ആരെയും കവരും നിന്‍ പാല്‍
പുഞ്ചിരിയോ കടഞ്ഞ വെണ്ണ പോലെ "

എന്ന വരികള്‍ നോക്കു. പുഞ്ചിരി പാല്‍ സമാനമെന്നു ആദ്യമേ കവി പറഞ്ഞു വെച്ചിട്ടുണ്ട്. അതോടൊപ്പം അതു കടഞ്ഞ വെണ്ണപോലെ എന്നും :) അര്‍ത്ഥം ആലോചിച്ചാല്‍ ‘ പാല്‍ പോലെ വെളുത്തതും ശുദ്ധവുമായ നിന്റെ പുഞ്ചിരി കടഞ്ഞ വെണ്ണ പോലെ യാണ്” (ജഗദീഷ് ഒരു സിനിമയില്‍ പറയുന്നതു പോലെ ‘അങ്ങിനെ ചെയ്യുന്നതിനേക്കാള്‍ നല്ലതാണല്ലോ അങ്ങിനെ ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ....“ ) മാത്രമല്ല എന്റെ പരിചയത്തില്‍ വെണ്ണയെ ആരും കടഞ്ഞതായി കേട്ടിട്ടില്ല. തൈര് ആണ് കടയുക. തൈര്‍ കടയുന്നതില്‍ നിന്നും കിട്ടുന്നതാണ് വെണ്ണ.

ഈ കവിതാ(?) ബ്ലൊഗില്‍ കവിത എന്ന ലേബലില്‍ എഴുതിവെച്ചതൊക്കെ ശുദ്ധ അസംബന്ധങ്ങളാണെന്ന് വിനീതമായി പറയേണ്ടി വരുന്നു. ഈ കവിയുടെ ഒരു കവിതാ പോസ്റ്റില്‍ ഞാനൊരിക്കല്‍ ഒരു കമന്റിട്ടിരുന്നു. നല്ല ഭാഷയില്‍. പക്ഷെ പതിനഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ ആ കമന്റ് അപ്രത്യക്ഷമായി :) വീണ്ടും ആ കമന്റ് ഞാന്‍ ആവര്‍ത്തിച്ചു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അതും അപ്രത്യക്ഷമായി. ഇതില്‍ നിന്നും എനിക്കു മനസ്സിലായത് ഈ സ്വയം പ്രഖ്യാപിത കവികള്‍ ആരുടേയും വിമര്‍ശനമോ നിരൂപണമോ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. ഞാനെഴുതിയത് അതി മഹത്തരമായ കവിതയാണെന്ന അഹന്തയും ഞാന്‍ വിമര്‍ശനത്തിനതീതനാണെന്നും എനിക്ക് വേണ്ടത് എന്റെ കവിതയെ വാനോളം പുകള്‍ത്തുന്ന പൊങ്ങച്ച കമന്റുകളാണെന്നുമാണ്.

ഈ കവിയുടെ കവിതാ വായനയും, ബ്ലോഗ് വായനയും, അഭിപ്രായ പ്രകടനവും കാണാന്‍ ബ്ലോഗില്‍ മറ്റു കവിതാ ബ്ലോഗിലൂടെ ഞാനൊരു ഓട്ട പ്രദക്ഷിണം നടത്തി. നിരാശയായിരുന്നു ഫലം. ബ്ലോഗിലെ ഒരു കവിതാബ്ലോഗിലും, കവിതാ പോസ്റ്റിലും ഈ മഹാ കവി ഒരൊറ്റ കമന്റു പോലും ഇട്ടിട്ടില്ല. ഒരാളോടും ഒരു സംശയം ചോദിച്ചിട്ടില്ല.

കൂടുതലേറെ പറയാനില്ല. എഴുത്തല്ല മറിച്ച് വായനയാണ് നമ്മളിലെ എഴുത്തിനെ കൂടുതല്‍ വളര്‍ത്തുന്നത്. നിരന്തരമായ വായനയും നിരന്തരമായ നിരീക്ഷണവും നല്ല കവിതകളെ സൃഷ്ടിക്കാന്‍ നമുക്ക് പ്രചോദനം നല്‍കും. അല്ലാതെ പൊട്ടക്കിണറ്റിലെ തവളയെപോലെ, താനിരിക്കുന്നത് കവിതയുടെ മഹാ സ്വര്‍ഗ്ഗത്തിലാണെന്നും താനൊരു മഹാകവിയാണെന്നും കരുതുന്നത് മൌഢ്യമായിരിക്കും എന്നുകൂടി വിനീതമായി പറഞ്ഞോട്ടെ.

മഹാ കവിയുടെ മഹാ കവിതാ ബ്ലോഗ് ഇതാ ഇവിടെ..

കവിത വായിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു ചെറുനാരങ്ങ കയ്യില്‍ കരുതുന്നതു നന്നായിരിക്കും. ചര്‍ദ്ദിക്കാനുള്ള ടെന്‍ഡന്‍സി വന്നാല്‍ ഒന്നു മണപ്പിക്കാമല്ലോ :)